category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപെസഹാ: യേശു "അത്യധികം ആഗ്രഹിച്ച" തിരുനാൾ | തപസ്സു ചിന്തകൾ 46
Content“ക്രൂശിത രൂപത്തിലേക്കു നീ നോക്കുമ്പോൾ ഈശോ നിന്നെ അന്നു എത്ര മാത്രം സ്നേഹിച്ചു എന്നു നീ മനസ്സിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേക്കു നീ കണ്ണുകൾ ഉയർത്തുമ്പോൾ ഈശോ ഇന്നു നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു നീ മനസ്സിലാക്കുന്നു.” - വിശുദ്ധ മദർ തെരേസ. സുവിശേഷത്തിൽ ഈശോ "അത്യധികം ആഗ്രഹിച്ച" ഒരേ ഒരു കാര്യമേയുള്ളൂ. അതു ശിഷ്യന്മാരുമൊത്തുള്ള പെസഹാ ഭക്ഷണമാണ്. "അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ്‌ നിങ്ങളോടു കൂടെ ഈ പെസഹാ ഭക്‌ഷിക്കുന്നതിന്‌ ഞാന്‍ അത്യധികം ആഗ്രഹിച്ചു. "(ലൂക്കാ 22:15). ഈശോ അത്യധികം ആഗ്രഹിച്ച ഒരു തിരുനാൾ, അതാണല്ലോ നാം ഇന്നു ആഘോഷിക്കുന്ന ഈ വിശുദ്ധ പെസഹാ. ഈശോ അത്യധികം ആഗ്രഹിച്ച ഈ തിരുനാളിനു, മൂന്നു ആത്മീയ ഇതളുകൾ ഉണ്ട്, അഥവാ മനുഷ്യവംശത്തിന്റെ നിലനില്പിനു അത്യധികം ആവശ്യമുള്ള മൂന്നു അമുല്യ ദാനങ്ങൾ: വി. കുർബാന, പൗരോഹിത്യം, സ്നേഹത്തിന്റെ നവ പ്രമാണം. ലോകത്തിനു അത്യാവശ്യമുള്ള മൂന്നു ആത്മീയ സമ്പത്തുകൾ. പഴയ നിയമ പെസഹായുടെ ഓർമ്മയിൽ യേശു പുതിയ പെസഹാ സ്ഥാപിക്കുന്നു. ദൈവത്തിനു ഇസ്രായേൽ ജനതയോടുള്ള കരുതലിന്റെ മുദ്രയായിരുന്നു പഴയ പെസഹാ എങ്കിൽ. മനുഷ്യവംശത്തോടുള്ള ദൈവപുത്രന്റെ അടങ്ങാത്ത സ്നേഹത്തിന്റെ മുദ്രയാണ് പുതിയ പെസഹാ ആയ വി. കുർബാന. പഴയ നിയമ പെസഹായിൽ കുഞ്ഞാടു ബലി വസ്തു ആയെങ്കിൽ, പുതിയ നിയമ പെസഹായിൽ ദൈവപുത്രൻ സ്വയം ബലിയാടാകുന്നു. പഴയ നിയമത്തിൽ ഇസ്രായേൽ ജനത്തിനു വാഗ്ദത്ത നാട്ടിലേക്കുള്ള വഴിയിൽ മന്ന നൽകിയ ദൈവം, പുതിയ നിയമത്തിൽ പുതിയ ഇസ്രായേലായ സഭയ്ക്കു ജീവൻ നൽകാൻ സ്വശരീരവും രക്തവും നൽകുന്നു. ദൈവം മനുഷ്യവംശത്തിനു നൽകാൻ അത്യധികം ആഗ്രഹിച്ച പുതിയ പെസഹാ ആണ് നാം എന്നും അർപ്പിക്കുന്ന വി. കുർബാന. ആർസിലെ വികാരിയായ വി. ജോൺ മരിയാ വിയാനി പറയുന്നു : " തന്നെക്കാൾ മഹത്തായ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇതിനെക്കാൾ മഹത്തായ ഒന്ന് ദൈവം നമുക്കു തരുമായിരുന്നു. " ചുരുക്കത്തിൽ വിശുദ്ധ കുർബാന ആവുക എന്നതു യേശുവിന്റെ അത്യധികമായ ആഗ്രഹമായിരുന്നു. ലോകാവസാനം വരെ നിത്യം നിലനില്ക്കുന്ന വാഗ്ദാനവുമാണത്. "യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്തായി 28:20). മനുഷ്യനോടൊപ്പമായിരിക്കാൻ ദൈവം അത്യധികം ആഗ്രഹിച്ച ദിനത്തിന്റെ പേരാണു പെസഹാ എങ്കിൽ, ദൈവത്തോടൊപ്പമായിക്കാൻ മനുഷ്യൻ തീരുമാനമെടുക്കേണ്ട പുണ്യദിനമാണിന്ന്. പാവങ്ങളുടെ അമ്മയായ കൽക്കത്തയിലെ വി. മദർ തേരേസാ നമ്മെ ഓർമിപ്പിക്കുന്നു: “ക്രൂശിത രൂപത്തിലേക്കു നീ നോക്കുമ്പോൾ ഈശോ നിന്നെ അന്നു എത്ര മാത്രം സ്നേഹിച്ചു എന്നു നീ മനസ്സിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേക്കു നീ കണ്ണുകൾ ഉയർത്തുമ്പോൾ ഈശോ ഇന്നു നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു നീ മനസ്സിലാക്കുന്നു.” ദൈവസ്നേനേഹത്തിനു വിശുദ്ധ കുർബാന അർപ്പണത്തിലുടെ പ്രത്യുത്തരം നൽകുക. വിശുദ്ധ കുർബാനയെ അധിക്ഷേപിക്കുന്ന അപമാനിക്കുന്ന ആധുനിക സംസ്കാരത്തിൽ ദൈവത്തിന്റെ അത്യധിക ആഗ്രഹമായ വി.കുർബാനയുടെ ശോഭയെ നമുക്കു ഉയർത്തിപ്പിടിക്കാം. പെസഹായുടെ തിരുകർമ്മങ്ങളിൽ നാം പങ്കു ചേരുമ്പോൾ, വിശുദ്ധ കുർബാനയെ അകമഴിഞ്ഞു സ്നേഹിക്കാനും പൗരോഹിത്യത്തെ മനം നിറഞ്ഞു വിലമതിക്കുവാനും സ്നേഹത്തിന്റെ നവ പ്രമാണത്തെ ഹൃദയം നിറഞ്ഞു ആശ്ലേഷിക്കുവാനും നമുക്കു പരിശ്രമിക്കാം. അതുവഴി നമ്മൾ ഈശോ അത്യധികം ആഗ്രഹിക്കുന്ന വ്യക്തികളും, നമ്മുടെ ഇടവക ഈശോ അത്യധികം ആഗ്രഹിക്കുന്ന ആലയങ്ങളും നമ്മുടെ കുടുംബങ്ങൾ ഈശോ അത്യധികമായി വസിക്കാൻ ഇഷ്ടപ്പെടുന്ന ഭവനങ്ങളും ആയി പരിണമിക്കും.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-06 15:50:00
Keywordsതപസ്സു
Created Date2023-04-06 15:51:26