category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ക്രൂശിതനായ ക്രിസ്തുവിനോട് ഒപ്പമായിരിക്കാം | തപസ്സു ചിന്തകൾ 48
Content'ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കുക എത്രയോ നല്ലതാണ്. അവനില്‍ മൂന്ന് വിശ്രമസ്ഥലങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്ന്, അവന്റെ പാദങ്ങളില്‍; മറ്റൊന്ന്, അവന്റെ കരങ്ങളില്‍; മൂന്നാമത്തേത്, അവന്റെ മഹത്തരമായ വിലാവില്‍. അവിടെ വിശ്രമിക്കാനും പ്രാര്‍ത്ഥിക്കാനും ഉറങ്ങാനും ഞാന്‍ ആഗ്രഹിക്കുന്നു. അവിടെ ഞാന്‍ അവന്റെ ഹൃദയത്തോട് സംസാരിക്കും, ഞാന്‍ ചോദിക്കുന്നതെല്ലാം അവന്‍ എനിക്ക് നല്‍കും' - വി. ബൊനവെഞ്ചര്‍. കുരിശിലെ മൂന്നു മണിക്കൂര്‍ പീഡാസഹനത്തിനൊടുവില്‍ ഈശോ ജീവന്‍ വെടിഞ്ഞു. ഈശോ കുരിശില്‍ മരിച്ചപ്പോള്‍ രണ്ടു കള്ളന്മാരുടെയും കാലുകള്‍ പടയാളികള്‍ തകര്‍ത്തു. ഈശോ അപ്പോഴേക്കും മരിച്ചിരുന്നതിനാല്‍ പട്ടാളക്കാരില്‍ ഒരാള്‍ കുന്തം കൊണ്ട് കുത്തി. ഈ ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിച്ച ഈശോയുടെ പ്രിയ ശിഷ്യന്‍ യോഹന്നാന്‍ ഇപ്രകാരം കുറിച്ചു. 'എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവുംവെള്ളവും പുറപ്പെട്ടു.' (യോഹ 19 : 34). ഈ സംഭവത്തിന് സഭയുടെ കൗദാശിക ജീവിതവുമായി ധാരാളം ബന്ധമുണ്ട്. വിശുദ്ധ ആഗസ്തീനോസിന്റെയും മറ്റു ക്രിസ്ത്യന്‍ പാരമ്പര്യവുമനുസരിച്ച് ഈശോയുടെ പിളര്‍ക്കപ്പെട്ട വിലാവില്‍ നിന്നാണ് സഭയും വിശുദ്ധ കൂദാശകളും ഉത്ഭവിക്കുന്നത് .അവിടെ പുതു ജീവിതത്തിന്റെ കവാടം തുറക്കപ്പെട്ടു, അവിടെ നിന്ന് കൃപാ സരണികളുടെ നീര്‍ച്ചാല്‍ സഭയിലേക്ക് വഴി ഒഴുകി ഇറങ്ങുന്നത്. കൂദാശകള്‍ ഇല്ലാതെ ഒരു വിശ്വാസിക്കു യഥാര്‍ത്ഥ ജീവിതത്തില്‍ പ്രവേശിക്കുവാനും നിലനില്‍ക്കുവാനും കഴിയുകയില്ല. ക്രൂശിക്കപ്പെട്ട ഈശോയുടെ തുറന്ന പാര്‍ശ്വത്തില്‍ നിന്ന് ഒഴുകിയ രക്തവും വെള്ളവും സഭയുടെ ഉത്ഭവവും വളര്‍ച്ചയും സൂചിപ്പിക്കുന്നുവെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയും പഠിപ്പിക്കുന്നു. ഈശോയുടെ മരണം സഭയിലൂടെ നമുക്ക് ലഭിക്കാനിരുന്ന അലൗകീകമായ ജീവിതത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈശോയുടെ തിരുമുറിവുകളിലുള്ള ധ്യാനാത്മക ജീവിതത്തെക്കുറിച്ച് വേദപാരംഗതനായ വിശുദ്ധ ബൊനവെഞ്ചര്‍ ഇപ്രകാരം പറയുന്നു. 'ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കുക എത്രയോ നല്ലതാണ്. അവനില്‍ മൂന്ന് വിശ്രമസ്ഥലങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്ന്, അവന്റെ പാദങ്ങളില്‍; മറ്റൊന്ന്, അവന്റെ കരങ്ങളില്‍; മൂന്നാമത്തേത്, അവന്റെ മഹത്തരമായ വിലാവില്‍. അവിടെ വിശ്രമിക്കാനും പ്രാര്‍ത്ഥിക്കാനും ഉറങ്ങാനും ഞാന്‍ ആഗ്രഹിക്കുന്നു. അവിടെ ഞാന്‍ അവന്റെ ഹൃദയത്തോട് സംസാരിക്കും, ഞാന്‍ ചോദിക്കുന്നതെല്ലാം അവന്‍ എനിക്ക് നല്‍കും. ഓ, നമ്മുടെ പരിശുദ്ധ വീണ്ടെടുപ്പുകാരന്റെ മുറിവുകള്‍ എത്ര പ്രിയപ്പെട്ടതാണ്! ... അവയില്‍ ഞാന്‍ ജീവിക്കുന്നു, അവയടെ പ്രത്യേക വിഭവങ്ങളില്‍ നിന്ന് എനിക്ക് പോഷണം ലഭിക്കുന്നു.' സഭയിലെ വിശുദ്ധ കൂദാശകള്‍ നല്‍കുന്ന കൃപാവരങ്ങളെക്കുറിച്ചാണ് ഈ വാക്കുകള്‍. വിശുദ്ധ ശനിയാഴ്ച ഈശോയുടെ പിളര്‍ക്കപ്പെട്ട തിരുവിലാവിലേക്കു നമുക്കു ഒരിക്കല്‍ക്കൂടി നോക്കാം. അവന്റ ഹൃദയത്തിന്റെ സാമീപ്യത്തില്‍ നമുക്കു അഭയം തേടാം. ക്രൂശിതന്റെ മുറിവേറ്റ വിലാവില്‍ തല ചായ്ച്ചു നമുക്കു പ്രാര്‍ത്ഥിക്കാം ഏറ്റവും ദയയുള്ള ഈശോയെ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ! നിന്റ മുറിവുകള്‍ക്കുള്ളില്‍ എന്നെ മറയ്ക്കുക, എന്നെ നിന്നോട് അടുപ്പിക്കുക. ദുഷ്ട ശത്രുവില്‍ നിന്ന് എന്നെ സംരക്ഷിക്കണമേ. നിന്റ വിശുദ്ധരുടെ കൂട്ടായ്മയിലേക്ക് എന്റെ മരണസമയത്ത് എന്നെ വിളിക്കുക അങ്ങനെ ഞാന്‍ നിത്യതയില്‍ അവരോടൊപ്പം നിന്റ സ്തുതി പാടട്ടെ. ആമ്മേന്‍.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-08 13:50:00
Keywordsതപസ്സു
Created Date2023-04-08 13:51:08