Content | വത്തിക്കാന്‍ സിറ്റി: രോഗികൾക്കും ദരിദ്രർക്കും, പ്രായമായവർക്കും, പരീക്ഷണത്തിന്റെയും ആയാസത്തിന്റെയും നിമിഷങ്ങളിലൂടെ കടന്നുപോകുന്നവർക്കും ജീവിക്കുന്നവനായ യേശു എന്നേക്കും ഒപ്പമുണ്ടെന്നു ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഉയിർപ്പു ഞായറാഴ്ച, ഫ്രാൻസിസ് പാപ്പ “റോമാ നഗരത്തിനും ലോകത്തിനും” നല്‍കിയ “ഉര്‍ബി ഏത്ത് ഓര്‍ബി” സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മരണത്തിൽ നിന്ന് ജീവനിലേക്ക്, പാപത്തിൽ നിന്ന് കൃപയിലേക്ക്, ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്ക്, നിരാനന്ദതയിൽ നിന്ന് കൂട്ടായ്മയിലേക്ക്. കാലത്തിൻറെയും ചരിത്രത്തിൻറെയും നാഥനായ അവനിൽ, ഹൃദയാനന്ദത്തോടെ ഉയിർപ്പുതിരുന്നാൾ ആശംസകൾ നേരുകയാണെന്ന് പാപ്പ പറഞ്ഞു.
സഭയും ലോകവും ആനന്ദിക്കട്ടെ, കാരണം ഇന്ന് ഇനി നമ്മുടെ പ്രതീക്ഷകൾ മരണത്തിൻറെ ഭിത്തിയിൽ തട്ടി തകരില്ല, എന്നാൽ കർത്താവ് നമുക്ക് ജീവോന്മുഖമായ ഒരു പാലം തുറന്നിരിക്കുന്നു. അതെ, സഹോദരീ സഹോദരന്മാരേ, ഉത്ഥാനത്തിൽ ലോകത്തിൻറെ ഭാഗധേയം മാറി, ക്രിസ്തുവിൻറെ പുനരുത്ഥാനത്തിൻറെ ഏറ്റവും സാധ്യതയുള്ള തീയതിയുമായി ചേർന്നുപോകുന്ന ഈ ഇന്ന്, ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ ദിവസം കൃപയാൽ ആഘോഷിക്കുന്നതിൽ നമുക്ക് സന്തോഷിക്കാം.
പൗരസ്ത്യ സഭകളിൽ പ്രഖ്യാപിക്കുന്നതു പോലെ, ക്രിസ്തോസ് അനേസ്തി (Christòs anesti!), ക്രിസ്തു ഉയിർത്തെഴുന്നേറ്റു, അവൻ സത്യമായും ഉയിർത്തെഴുന്നേറ്റു. 'സത്യമായും' എന്നത് പ്രത്യാശ ഒരു മിഥ്യയല്ല, സത്യമാണ് എന്ന് നമ്മോട് പറയുന്നു! പെസഹാ മുതൽ നരകുലത്തിൻറെ പ്രയാണം പ്രത്യാശയാൽ മുദ്രിതമായി വേഗത്തിൽ മുന്നോട്ട് പോകുന്നു. പുനരുത്ഥാനത്തിൻറെ ആദ്യ സാക്ഷികൾ അവരുടെ മാതൃകയാൽ ഇത് നമുക്ക് കാണിച്ചുതരുന്നു.
ഉത്ഥാന ദിനത്തിൽ "സ്ത്രീകൾ ശിഷ്യന്മാരോട് പറയാൻ ഓടിയ" (മത്തായി 28:8) ആ നല്ല തിടുക്കത്തെക്കുറിച്ച് സുവിശേഷങ്ങൾ പ്രതിപാദിക്കുന്നു. കൂടാതെ, മഗ്ദലന മറിയം "ഓടി ശിമയോൻ പത്രോസിൻറെ അടുക്കൽ പോയ"തിനു ശേഷം (യോഹന്നാൻ 20:2), യോഹന്നാനും അതേ പത്രോസും, "ഇരുവരും ഒരുമിച്ച് ഓടി" (യോഹന്നാൻ 20, 4) യേശുവിനെ അടക്കം ചെയ്ത സ്ഥലത്തെത്തി. തുടർന്ന് ഉത്ഥാനദിനത്തിൽ വൈകുന്നേരം, എമ്മാവൂസിലേക്കുള്ള വഴിയിൽ ഉത്ഥിതനുമായി കണ്ടുമുട്ടിയ ശേഷം, രണ്ട് ശിഷ്യന്മാർ "ഉടനെ" പുറപ്പെടുകയും (ലൂക്കാ 24:33) അവരുടെ ഹൃദയങ്ങളെ ജ്വലിപ്പിച്ചിരുന്ന (ലൂക്കാ 24:32) പെസഹായുടെ അടങ്ങാത്ത സന്തോഷത്താൽ പ്രചോദിതരായി ഇരുളിൽ അനേകം കിലോമീറ്ററുകൾ കയറ്റം കയറാൻ തിടുക്കപ്പെടുകയും ചെയ്തു.
ഉത്ഥിതനായ യേശുവിനെ ഗലീലി കടൽത്തീരത്ത് കണ്ടപ്പോൾ മറ്റുള്ളവരോടൊപ്പം വള്ളത്തിൽ നിൽക്കാൻ കഴിയാതെ, അവനെ കാണുന്നതിനായി വേഗത്തിൽ നീന്തുന്നതിന് പത്രോസ് ഉടനെ വെള്ളത്തിലേക്ക് ചാടിയത് (യോഹന്നാൻ 21:7) അതേ സന്തോഷത്താൽ തന്നെയാണ്. ചുരുക്കത്തിൽ, പെസഹായിൽ യാത്രയ്ക്ക് വേഗതയേറുകയും ഓട്ടമായിത്തീരുകയും ചെയ്യുന്നു, എന്തെന്നാൽ നരകുലം, അതിൻറെ യാത്രയുടെ ലക്ഷ്യം, അതിൻറെ ഭാഗധേയത്തിൻറെ അർത്ഥമായ യേശുക്രിസ്തുവിനെ, കാണുകയും ലോകത്തിൻറെ പ്രത്യാശയായ അവനുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വേഗത്തിൽ പോകാൻ വിളിക്കപ്പെടുകയും ചെയ്യുന്നു.
പരസ്പര വിശ്വാസത്തിന്റെ പാതയിൽ വളരാൻ നമുക്കും തിടുക്കമുള്ളവരാകാം: അതായത്, വ്യക്തികൾ തമ്മിലും ജനങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലുമുള്ള വിശ്വാസം. ഉത്ഥാനത്തിന്റെ സന്തോഷകരമായ പ്രഘോഷണത്താലും ലോകം പലപ്പോഴും പൊതിയപ്പെട്ടിരിക്കുന്ന അന്ധകാരത്തിലും അവ്യക്തതകളിലും പ്രകാശം പരത്തുന്ന വെളിച്ചത്താലും വിസ്മയഭരിതരാകാൻ നമ്മെത്തന്നെ അനുവദിക്കാം.
സംഘർഷങ്ങളെയും ഭിന്നതകളെയും തരണം ചെയ്യാനും ഏറ്റവും ആവശ്യത്തിലിരിക്കുന്നവർക്കായി നമ്മുടെ ഹൃദയം തുറക്കാനും നമുക്ക് തിടുക്കം കൂട്ടാം. സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും സരണികളിലൂടെ സഞ്ചരിക്കാൻ നമുക്ക് തിടുക്കമുള്ളവരാകാമെന്നും പാപ്പ പറഞ്ഞു. റഷ്യ, യുക്രൈന്‍, ലെബനോന്‍, ടുണീഷ്യ, ഹെയ്തി, എത്യോപ്യ, സുഡാന്‍, രാജ്യങ്ങളെയും തുർക്കിയിലും സിറിയയിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തിൻറെ ദുരിതമനുഭവിക്കുന്നവരെയും വിശുദ്ധ നാടിനെയും പാപ്പ തന്റെ സന്ദേശത്തില്‍ സ്മരിച്ചു. |