Content | കീവ്: യുക്രൈന്‍ മണ്ണിലുള്ള റഷ്യന്‍ അധിനിവേശം ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ജനങ്ങളെ വിവിധ രീതികളില്‍ സഹായിച്ചുകൊണ്ട് യുക്രൈനില്‍ തുടരുന്ന സ്പാനിഷ് കത്തോലിക്ക വൈദികനായ ഫാ. പെഡ്രോ സഫ്ര, കത്തോലിക്കാ വാര്‍ത്താമാധ്യമമായ അലീറ്റിയക്ക് നല്‍കിയ അഭിമുഖം ശ്രദ്ധ നേടുന്നു. ലഭിച്ച ജീവനെ ഓര്‍ത്ത് ഓരോ ദിവസവും ദൈവത്തോട് നന്ദി പറയാറുണ്ടെന്നും അവിശ്വാസികള്‍ വരെ ദൈവത്തിലേക്ക് തിരിയുന്ന കാഴ്ചകള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസം ചെല്ലുംതോറും യുക്രൈനിലെ ദൈനംദിന ജീവിത കഠിനമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ പലായനമാണ് യുക്രൈന്‍ ജനതയുടേത്. ഏതാണ്ട് 60 ലക്ഷത്തോളം പേര്‍ ആഭ്യന്തരമായി ഭവനരഹിതരായിട്ടുണ്ട്. 80 ലക്ഷത്തോളം പേര്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. എന്നാല്‍ ദൈവം തങ്ങളെ ഉപേക്ഷിച്ചിട്ടില്ലെന്ന് യുക്രൈന്‍ ജനത കണ്ടു. ജീവനെന്ന സമ്മാനത്തിനായി തങ്ങള്‍ ദിവസവും ദൈവത്തോട് നന്ദി പറയുകയാണ്. യുദ്ധത്തിന്റെ ആരംഭം മുതല്‍ക്കേ തന്നെ സഹായം ആവശ്യുമുള്ളവര്‍ക്കായി ഇടവക ദേവാലയങ്ങള്‍ തുറന്നു നല്‍കിയെന്നും, വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ച മാനുഷിക സഹായങ്ങള്‍ വിതരണം ചെയ്തുവെന്നും ഫാ. പെഡ്രോ കൂട്ടിച്ചേര്‍ത്തു.
യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോഴും തങ്ങള്‍ വിശുദ്ധ കുര്‍ബാന മുടക്കിയില്ല. ഭയത്തിനുപോലും ജനങ്ങളെ വിശുദ്ധ കുര്‍ബാനയില്‍ നിന്നു അകറ്റുവാന്‍ കഴിഞ്ഞില്ല. സുവിശേഷ പ്രഘോഷണമെന്ന ഞങ്ങളുടെ പ്രേഷിതദൗത്യം ഞങ്ങള്‍ ഇവിടെ തുടരും. യുക്രൈന്‍ ജനതയുടെ സഹനങ്ങള്‍ ദൈവം കാണുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ദൈവം അപരിചിതനല്ല. ഒരു വര്‍ഷം കൊണ്ട് അവിശ്വാസികള്‍ വരെ ദേവാലയങ്ങളെ സമീപിക്കുന്ന കാഴ്ചകള്‍ ഞങ്ങള്‍ കണ്ടു. സഹായം അഭ്യര്‍ത്ഥിച്ച് വരുന്നവര്‍ ദേവാലയങ്ങളില്‍ ആശ്വാസം കണ്ടെത്തുന്നതിനാല്‍ അവിടെത്തന്നെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ കെടുതികളെ അതിജീവിച്ച് പുതുജീവിതം കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കുന്ന യുക്രൈന്‍ ജനതക്കു വത്തിക്കാന്‍ നിരവധി തവണ സഹായമെത്തിച്ചിരിന്നു. |