Content | വത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിനെ ജീവിതത്തിലും മരണത്തിലും അനുകരിച്ച എല്ലാ രക്തസാക്ഷികളെയും ഓര്‍ക്കണമെന്നും അപ്പസ്തോലന്മാരുടെ തലമുറയ്ക്കുശേഷം, അവരാണ് സുവിശേഷത്തിൻറെ സാക്ഷികളെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ബുധനാഴ്ച വത്തിക്കാനിൽ, പ്രതിവാര പൊതു കൂടിക്കാഴ്ച്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സുവിശേഷവത്ക്കരണ തീക്ഷ്ണതയെ ആസ്പദമാക്കിയുള്ള പ്രബോധന പരമ്പരയുടെ തുടര്‍ച്ചയായിട്ടാണ് പാപ്പ രക്തസാക്ഷികളുടെ മഹത്വം പ്രഘോഷിച്ചത്.
ഇന്ന് നമ്മൾ നോക്കുക ഒരു വ്യക്തിയിലേക്കല്ല, മറിച്ച്, രക്തസാക്ഷികളുടെ വൃന്ദത്തിലേക്കാണ്. ക്രിസ്തുവിനായി ജീവൻ സമർപ്പിച്ച എല്ലാ പ്രായ ഭാഷ ദേശങ്ങളിലുംപെട്ടവരിലേക്കാണ്. ക്രിസ്തുവിനെ ഏറ്റുപറയുന്നതിനായി രക്തം ചിന്തിയവരാണവർ. അപ്പസ്തോലന്മാരുടെ തലമുറയ്ക്കുശേഷം, അവരാണ് സുവിശേഷത്തിൻറെ യഥാര്‍ത്ഥ സാക്ഷികൾ. രക്തസാക്ഷികൾ. അവരിൽ പ്രഥമൻ വിശുദ്ധ സ്തെഫാനോസ് ആയിരുന്നു. സാക്ഷ്യം എന്നർത്ഥമുള്ള “മർത്തീരിയ” (martyria) എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് "രക്തസാക്ഷിത്വം" എന്ന വാക്കിൻറെ ഉദ്ഭവം. അതായത്, രക്തസാക്ഷി ഒരു സാക്ഷിയാണ്, രക്തം ചിന്തിപ്പോലും സാക്ഷ്യമേകുന്നവനാണ്. നിണം ചിന്തി സാക്ഷ്യമേകുന്ന വ്യക്തിയെ സൂചിപ്പിക്കുന്നതിനായി സഭയിൽ വളരെ പെട്ടെന്നു തന്നെ രക്തസാക്ഷി എന്ന ഈ വാക്ക് ഉപയോഗിച്ചു തുടങ്ങി.
സഭയായ കർത്താവിൻറെ മുന്തിരിത്തോട്ടമാകുന്ന സഭയിലെ പാകമായതും മികച്ചതുമായ ഫലങ്ങളായിട്ടാണ് രക്തസാക്ഷികളെ കാണേണ്ടത്. പ്രത്യേകിച്ച്, വിശുദ്ധ കുർബാനയർപ്പണത്തിൽ തീക്ഷ്ണതയോടെ പങ്കുചേർന്നുകൊണ്ട്, ക്രിസ്ത്യാനികൾ, തങ്ങളുടെ ജീവിതം ആ സ്നേഹ രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കാൻ ആത്മാവിനാൽ നയിക്കപ്പെട്ടു: അതായത്, കർത്താവായ യേശു അവർക്കുവേണ്ടി സ്വജീവൻ നൽകി, അതുകൊണ്ട് അവരും അവനുവേണ്ടിയും അവരുടെ സഹോദരങ്ങൾക്കു വേണ്ടിയും ജീവൻ നല്‍കേണ്ടിയിരിക്കുന്നു.
ചുരുക്കം ചിലരോടു മാത്രമാണ് രക്തസാക്ഷിത്വം ആവശ്യപ്പെടുന്നതെങ്കിലും "മനുഷ്യരുടെ മുമ്പിൽ ക്രിസ്തുവിനെ ഏറ്റുപറയാനും, സഭയ്ക്ക് ഒരിക്കലും കുറവില്ലാത്ത പീഡനങ്ങളുടെതായ കുരിശിന്റെ വഴിയിൽ അവിടത്തെ അനുഗമിക്കാനും എല്ലാവരും തയ്യാറായിരിക്കണം" (ലൂമെൻ ജെൻസിയും 42) എന്ന സഭയുടെ ഓര്‍മ്മപ്പെടുത്തല്‍ പാപ്പ ആവര്‍ത്തിച്ചു. രക്തം ചിന്തേണ്ടിവരുന്നില്ലെങ്കിൽപ്പോലും, യേശുവിനെ അനുകരിച്ച്, ദൈവത്തിനും സഹോദരങ്ങൾക്കും സ്വയം ഒരു ദാനമായിത്തീർന്നുകൊണ്ട്, ജീവിത സാക്ഷ്യമേകാൻ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇപ്രകാരം,രക്തസാക്ഷികൾ നമുക്ക് കാണിച്ചുതരുകയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
|