category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പൗരോഹിത്യ ജീവിതം തെരഞ്ഞെടുത്തവരിൽ ഭൂരിപക്ഷവും ദിവ്യകാരുണ്യ ഭക്തരും ജപമാല ചൊല്ലുന്നവരും
Contentവാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയില്‍ പൗരോഹിത്യജീവിതം തെരഞ്ഞെടുത്തവരിൽ ഭൂരിപക്ഷവും ജപമാല ചൊല്ലുന്നവരും, ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുന്നവരുമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. ജോർജ്ടൗൺ സർവ്വകലാശാല ആസ്ഥാനമായി പ്രവർത്തിക്കുന്ന അപ്ലൈഡ് റിസർച്ച് ഇൻ ദ അപ്പസ്തോലേറ്റ് (കാരാ) "ഓർഡിനേഷൻ ക്ലാസ് ഓഫ് 2023 സ്റ്റഡി" എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വർഷം പൗരോഹിത്യം സ്വീകരിക്കുന്ന അമേരിക്കയിലെ 458 പുരുഷന്മാരുടെ പൗരോഹിത്യ വിളിക്ക് പിന്നിലെ പ്രചോദനാത്മകമായ കാര്യങ്ങളെ പറ്റിയുള്ള വിശദാംശങ്ങളുള്ളത്. വൈദികർക്കും, സമർപ്പിത ജീവിതം നയിക്കുന്നവർക്കും, ദൈവവിളിക്കും വേണ്ടിയുള്ള അമേരിക്കൻ മെത്രാൻ സമിതിയുടെ കമ്മിറ്റിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലാൻസിങ് രൂപതയുടെ മെത്രാനായ ഏൾ ബോയയാണ് കമ്മിറ്റിയുടെ അധ്യക്ഷൻ. പൗരോഹിത്യം സ്വീകരിക്കുന്നവരുടെ കുടുംബങ്ങൾക്ക് അവരുടെ ദൈവവിളിയിൽ ഉണ്ടായിരുന്ന സ്വാധീനം അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചു. മാതാവും പിതാവും യോജിച്ചു പോകുന്ന കുടുംബങ്ങളിൽ നിന്നുള്ളവരും, സ്ഥിരമായി പ്രാർത്ഥന ചൊല്ലുന്നവരും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവരുമാണ് ഈ വർഷം വൈദിക പട്ടം സ്വീകരിക്കുന്നവരിൽ ഭൂരിപക്ഷവുമെന്ന് റിപ്പോർട്ടില്‍ പറയുന്നു. പൗരോഹിത്യം സ്വീകരിക്കാൻ ഇരിക്കുന്ന 458 പേരോടും അപ്ലൈഡ് റിസർച്ച് ഇൻ ദ അപ്പസ്തോലൈറ്റ് റിപ്പോർട്ട് തയ്യാറാക്കാൻ വേണ്ടി വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. ഇതിൽ 116 രൂപതകളിലും സന്യാസ സമൂഹങ്ങളിലുമുള്ള 334 പേരാണ് വിശദാംശങ്ങൾ നൽകിയത്. പൗരോഹിത്യം സ്വീകരിക്കുന്നവരിൽ മൂന്നിലൊന്ന് പേർക്കും ബന്ധുവായി ഒരു വൈദികനോ, അതല്ലെങ്കിൽ സന്യാസ ജീവിതം നയിക്കുന്ന ഒരാളോ ഉണ്ടെന്നതും ശ്രദ്ധേയമാണ്. വൈദിക വിളി തെരഞ്ഞെടുക്കുന്നതിൽ ഇടവകയിലെ വൈദികന്റെ പ്രചോദനം ഒരു ഘടകം ആയിട്ടുണ്ടെന്ന് സർവ്വേയിൽ പങ്കെടുത്ത 63 ശതമാനം പേരും പറഞ്ഞു. സർവ്വേയിൽ പങ്കെടുത്ത 72% പേരും അൾത്താരയിൽ ശുശ്രൂഷ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 73% പേരും സ്ഥിരമായി ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തിരുന്നു. സ്ഥിരമായി ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്നവരുടെ എണ്ണം 66 ശതമാനമാണ്. പൗരോഹിത്യം ഈ വർഷം സ്വീകരിക്കുന്നവരിൽ 45 ശതമാനം പേർ പ്രാർത്ഥന, ബൈബിൾ കൂട്ടായ്മകളിൽ സജീവമായി പങ്കെടുത്തിരുന്നവരാണ്. സർവേയിൽ പങ്കെടുത്തവരിൽ 35% പേരും ഒരു കത്തോലിക്കാ കോളേജിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഈ വർഷം രൂപതകൾക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കുന്നവരുടെ ശരാശരി പ്രായം 30 ആണ്. അതേസമയം 34 ആണ് സന്യാസ സഭകൾക്ക് വേണ്ടി പൗരോഹിത്യം സ്വീകരിക്കുന്നവരുടെ ശരാശരി പ്രായം. പ്രതികരണം നൽകിയവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്ക് 25 വയസ്സും, ഏറ്റവും പ്രായം കൂടിയ വ്യക്തിക്ക് 67 വയസ്സുമാണ്. ഏപ്രിൽ മുപ്പതാം തീയതി കത്തോലിക്കാ സഭ ദൈവവിളിക്ക് വേണ്ടിയുള്ള പ്രാർത്ഥനാ ദിനമായാണ് ആചരിക്കുന്നത്. ഇതിനോട് അനുബന്ധിച്ചാണ് സർവ്വേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-27 15:51:00
Keywords പൗരോഹി
Created Date2023-04-27 15:52:50