category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ആഫ്രിക്കയിലെ ചൂഷണം പ്രമേയമാക്കി ഫ്രാൻസിസ് പാപ്പയുടെ പുതിയ ഗ്രന്ഥം പുറത്തിറങ്ങി
Contentവത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ കോംഗോ ദക്ഷിണ സുഡാൻ സന്ദർശനത്തിലും നടത്തിയ പ്രസംഗങ്ങളും, അനുഭവ സാക്ഷ്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് Giu le mani dall'Africa എന്ന പേരിൽ പുസ്തകം വത്തിക്കാൻ പ്രകാശനം ചെയ്തു. ഇക്കഴിഞ്ഞ മെയ് 22 തിങ്കളാഴ്ചയാണ് പാശ്ചാത്യശക്തികൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടത്തുന്ന ചൂഷണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചുക്കൊണ്ടുള്ള പുസ്തകം ഔദ്യോഗികമായി പുറത്തിറക്കിയത്. നൈജീരിയൻ എഴുത്തുകാരിയായ ചിമമണ്ട എൻഗോസി അഡിച്ചിയുടെ മുഖവുരയോടെയാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കയെ വെറുതെ വിടണമെന്നും ശ്വാസം മുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും അത് ചൂഷണം ചെയ്യാനുള്ള ഖനിയോ കൊള്ളയടിക്കാനുള്ള ഭൂമിയോ അല്ലായെന്നും ഈ വർഷമാദ്യം കോംഗോയിലെ തന്റെ സന്ദർശനവേളയിലെ ആദ്യദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരിന്നു. ഇതേ വാക്കുകളെ പ്രചോദനമായെടുത്താണ് കോംഗോയിലെയും സുഡാനിലെയും പ്രസംഗങ്ങളും അനുഭവസാക്ഷ്യങ്ങളും ഉൾപ്പെടുത്തി പുസ്തക രൂപത്തിൽ അനുവാചകരിലേക്കെത്തിക്കുവാൻ വത്തിക്കാൻ തീരുമാനിച്ചത്. പൈശാചികവും മൃഗീയവുമായ സംഘർഷങ്ങളാൽ തകർന്ന ഇരുരാജ്യങ്ങളിലെ ആളുകളുടെ ദുരിതപൂർണ്ണമായ ജീവിതാനുഭവങ്ങളും പുസ്തകത്തിൽ ഉൾച്ചേർത്തിട്ടുണ്ട്. തകർന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പ്രതീക്ഷയുടെ കിരണം വീശുന്നതാണ് ഗ്രന്ഥമെന്ന് ആമുഖ കുറിപ്പില്‍ ചിമമണ്ട എൻഗോസി കുറിച്ചു. 'സമാധാനത്തിന്റെ തീർത്ഥാടനം' എന്ന് പാപ്പ തന്നെ വിശേഷിപ്പിച്ച ഒരാഴ്ചത്തെ സന്ദർശനം, സംഘർഷഭരിതമായ രാജ്യങ്ങളിൽ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ ഇടപെടലിൽ നിന്നുള്ള സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു. തെക്കൻ സുഡാനിൽ, ശത്രുതയിൽ കഴിഞ്ഞിരുന്ന രാഷ്ട്രീയക്കാരെ അഭിസംബോധന ചെയ്തതും, അവർ തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ സമാധാന ചർച്ചകൾ നടത്തിയതും, ലോകശ്രദ്ധയാകർഷിച്ച സംഭവങ്ങളായിരുന്നു. ആഫ്രിക്കയുടെ മേലുള്ള കടന്നുകയറ്റങ്ങളിൽ ലോകരാഷ്ട്രങ്ങളുടെ മൗനം വെടിയുവാനുള്ള പാപ്പയുടെ ആഹ്വാനവും ഈ പുസ്തകത്തിൽ എടുത്തു പറയുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-24 12:00:00
Keywordsപാപ്പ
Created Date2023-05-24 12:02:26