Content | പ്യോങ്ങാങ്ങ്: മതസ്വാതന്ത്ര്യത്തിനു കടുത്ത വിലക്കുള്ള ഉത്തര കൊറിയയില്‍ രഹസ്യമായി ഭവന പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിച്ചുവെന്ന്‍ ആരോപിച്ച് ഒരേ കുടുംബത്തില്‍പ്പെട്ട 5 പേര്‍ തടവില്‍. വിശ്വാസ പരിത്യാഗം ചെയ്യണമെന്ന ആവശ്യം നിരസിച്ചതിന്റെ ഫലമായി കഴിഞ്ഞ ഒരു മാസമായി ഇവര്‍ തടവില്‍ തുടരുകയാണെന്നു അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അജ്ഞാതനായ വ്യക്തി നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെക്കന്‍ പ്യോങ്ങാങ്ങ് പ്രവിശ്യയിലെ സുന്‍ഞ്ചോന്‍ നഗരത്തിന് സമീപമുള്ള ടോങ്ങാം ഗ്രാമത്തില്‍ ഫാംഹൗസില്‍ പരിശോധന നടത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്നു റേഡിയോ ഫ്രീ ഏഷ്യ (ആര്‍.എഫ്.എ) റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ യാതൊരു നിയമലംഘനവും നടന്നിട്ടില്ലെന്നു പേര് വെളിപ്പെടുത്താത്ത ഒരു പ്രദേശവാസി ‘ആര്‍.എഫ്.എ’യോട് വെളിപ്പെടുത്തി. അവര്‍ തങ്ങളുടെ ബന്ധുക്കള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും ഒരുമിച്ച് ബൈബിള്‍ വായിക്കുകയും മാത്രമാണ് ചെയ്തത്. ഇതിനാണ് അവരെ അറസ്റ്റ് ചെയ്യുകയും ബൈബിളും ലഘു പുസ്തകങ്ങളും പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അധികാരികളുടെ കടുത്ത സമ്മര്‍ദ്ധമുണ്ടായെങ്കിലും അറസ്റ്റിലായവര്‍ ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറായില്ലെന്നും, തങ്ങള്‍ക്ക് എവിടെ നിന്നാണ് ബൈബിള്‍ കിട്ടിയതെന്നു വെളിപ്പെടുത്തുവാന്‍ അവര്‍ തയ്യാറായില്ലെന്നും ജുഡീഷ്യല്‍ ഏജന്‍സി അംഗം പറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്‍ (യു.എസ്.ഐ.ആര്‍.എഫ്) ലോകത്തെ ഏറ്റവും വലിയ മതസ്വാതന്ത്ര്യ ലംഘകരിലൊന്നായിട്ടാണ് ഉത്തര കൊറിയയെ പരിഗണിക്കുന്നത്. ഉത്തരകൊറിയയില്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ ഏതാണ്ട് അന്‍പതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയില്‍ ക്രൈസ്തവര്‍ തടവില്‍ കഴിയുന്നുണ്ടെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ ഓപ്പണ്‍ഡോഴ്സ് പറയുന്നത്. രാജ്യത്തു ബൈബിള്‍ കൈവശംവെച്ചതിന് ദമ്പതികള്‍ക്ക് വധശിക്ഷയും രണ്ടു വയസ്സുള്ള കുഞ്ഞിന് ജീവപര്യന്തവും വിധിച്ച വാര്‍ത്ത ഇക്കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരിന്നു. |