Content | വത്തിക്കാന്‍ സിറ്റി/ ജനീവ: സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ പങ്കുവെച്ച സന്ദേശം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ വായിച്ചു. ഇന്നലെ ജൂൺ 14 ബുധനാഴ്ചയാണ് ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങളിലേക്കും യുദ്ധങ്ങളിലേക്കും ഏവരുടെയും ശ്രദ്ധ ക്ഷണിച്ചുക്കൊണ്ടുള്ള പാപ്പയുടെ സന്ദേശം വായിച്ചത്. മാനവരാശി ഒരു നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ലോകത്ത് സമാധാനം പോലും യുദ്ധത്തിന് കീഴടങ്ങുന്നതായ പ്രതീതിയാണുള്ളതെന്നും സന്ദേശത്തില്‍ പാപ്പ ഓര്‍മ്മിപ്പിച്ചു. പ്രത്യാശശാസ്ത്രങ്ങളിൽനിന്നും പക്ഷാപാതപരമായ വീക്ഷണകോണുകളിൽനിന്നും അകന്ന് മുഴുവൻ മാനവരാശിയുടെയും പൊതുനന്മയ്ക്കായി ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുക എന്നത് പ്രധാനപ്പെട്ടതാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
ആഗോളവത്കരണത്തിന്റെ ഈ നാളുകളിൽ പരസ്പര സാഹോദര്യത്തിന്റെ അഭാവമാണ് പലയിടങ്ങളിലും ഉള്ളതെന്ന് പാപ്പ പറഞ്ഞു. ഇത് അനീതി, ദാരിദ്ര്യം, അസമത്വങ്ങൾ, ഐക്യദാർഢ്യത്തിന്റെ സംസ്കാരമില്ലായ്മ തുടങ്ങി നിരവധി കാരണങ്ങളാലാണ് ഉളവാകുന്നത്. വ്യാപകമായ വ്യക്തിവാദം, സ്വാർത്ഥത, പുതിയ ചില പ്രത്യയശാസ്ത്രങ്ങൾ തുടങ്ങിവ സമൂഹത്തിലെ ദുർബലവിഭാഗങ്ങളെ ഉപയോഗശൂന്യരായി കണക്കാക്കുന്നതിലേക്ക് നയിക്കുന്നു. സാഹോദര്യത്തിന്റെ അഭാവമുളവാക്കുന്നതു സായുധസംഘട്ടനങ്ങളും യുദ്ധങ്ങളുമാണ്. തലമുറകളിലേക്ക് നീളുന്ന വിധത്തിൽ ജനതകളിൽ ശത്രുത മനോഭാവമാണ് ഇതുളവാക്കുന്നത്.
സമാധാനം മാനവരാശിക്കായുള്ള ദൈവത്തിന്റെ സ്വപ്‌നമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. സാമ്പത്തികമായ വീക്ഷണകോണിൽ യുദ്ധം സമാധാനത്തെക്കാൾ ലാഭകരമാണെന്ന ചിന്ത ലോകത്ത് നിലനിൽക്കുന്നുണ്ട്. എന്നാൽ ആയുധങ്ങൾ വിറ്റു നേടുന്ന പണം രക്തക്കറ പുരണ്ടതാണെന്ന് ഓർമ്മിപ്പിച്ച പാപ്പ, കുറച്ചുപേരുടെ ലാഭത്തിന് വേണ്ടി നിരവധി ആളുകളുടെ ക്ഷേമം ഇല്ലാതാക്കുന്നതിനെ അപലപിച്ചു. ലോകത്ത് സമാധാനം നിലനിറുത്തുന്നതിനായി യുദ്ധങ്ങളെ അനുകൂലിക്കുന്നതിനേക്കാളും സമാധാനശ്രമങ്ങൾക്കായി പരിശ്രമിക്കാൻ കൂടുതൽ ധൈര്യം ആവശ്യമുണ്ടെന്നും പാപ്പ പറഞ്ഞു. നിലവില്‍ ഹെര്‍ണിയ ശസ്ത്രക്രിയയെ തുടര്‍ന്നു റോമിലെ ജെമ്മെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് പാപ്പ.
|