Content | വത്തിക്കാന്‍ സിറ്റി: ജൂലൈ ഒന്നുമുതൽ മാസത്തിന്റെ അവസാനം വരെ ഫ്രാന്‍സിസ് പാപ്പായുടെ കൂടിക്കാഴ്ചകൾ നിർത്തിവച്ചിരിക്കുന്നതായി അറിയിച്ച് വത്തിക്കാന്റെ ഔദ്യോഗിക പ്രസ്താവന. സാധാരണ വേനലവധിക്കായി പാപ്പമാർ വേനൽക്കാല വസതിയായ കാസ്റ്റൽ ഗന്ധോൾഫോയിൽ പോകുമായിരുന്നെങ്കിലും, ഫ്രാൻസിസ് പാപ്പ തന്റെ അജപാലന ശുശ്രൂഷയുടെ രണ്ടാം വർഷം മുതൽ വത്തിക്കാനിൽ തന്നെ വേനൽക്കാലത്തു തുടരുവാന്‍ തീരുമാനമെടുത്തിരിന്നു.
രണ്ടു മാസത്തെ വിശ്രമത്തിനു പകരം ഒരുമാസത്തേക്കുള്ള കൂടിക്കാഴ്ചകൾ മാത്രം ഒഴിവാക്കിക്കൊണ്ട് കൂടുതൽ സമയം പ്രാർത്ഥനയ്ക്കായി ചിലവഴിക്കാനുമുള്ള തീരുമാനം പാപ്പ നേരത്തെ കൈക്കൊണ്ടിരിന്നു. പാപ്പയുടെ കൂടിക്കാഴ്ചകൾ ഏകോപിപ്പിക്കുന്ന പേപ്പൽ ഹൗസ്ഹോൾഡിന്റെ പ്രിഫെക്ചറാണ് കൂടിക്കാഴ്‌ചകളുടെ താത്കാലികമായ നിർത്തിവയ്പ്പിനെപ്പറ്റിയുള്ള അറിയിപ്പ് ഔദ്യോഗികമായി നൽകിയത്. തുടർന്ന് ആഗസ്റ്റ് മാസം 9 ബുധനാഴ്ച്ച മുതൽ പതിവുകൂടിക്കാഴ്ചകൾ പുനരാരംഭിക്കുമെന്നും വാർത്താകുറിപ്പിൽ പറയുന്നു. |