Content | മാന്‍ഹട്ടന്‍: ഭ്രൂണഹത്യ തടയാൻ വേണ്ടി പ്ലാൻഡ് പേരന്റ്ഹുഡ് എന്ന കുപ്രസിദ്ധ സംഘടനയുടെ ക്ലിനിക്കിന് മുന്നിലെ ഗേറ്റ് ചങ്ങലയും, താക്കോലും ഉപയോഗിച്ച് പൂട്ടിയ ഫ്രാൻസിസ്കൻ വൈദികൻ ഫാ. ഫിഡലിസ് മോസിൻസ്ക്കിക്കു ആറുമാസം തടവ്. ആരോപിക്കപ്പെട്ട കുറ്റത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് സ്റ്റീഫൻ ടിസിയോനെന്ന ജഡ്ജി ഫാ. മോസിൻസ്ക്കിക്ക് വിധിച്ചത്. കൊലപാതക വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനയാണ് പ്ലാൻഡ് പേരന്റ്ഹുഡെന്നും അതുകൊണ്ടാണ് താൻ അങ്ങനെ ചെയ്തതെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും അദ്ദേഹം ജഡ്ജിയോട് പറഞ്ഞു. പ്രോലൈഫ് പ്രവർത്തനങ്ങൾ നടത്തുന്ന റെഡ് റോസ് റെസ്ക്യൂ എന്ന സംഘടനയിലെ അംഗമാണ് ഫാ. മോസിൻസ്ക്കി.
സംഘടനയുടെ പുറത്ത് പ്രോലൈഫ് പ്രവർത്തനങ്ങളില്‍ അംഗങ്ങൾക്ക് അനുമതി ഉണ്ടെന്നും, എന്നാൽ അതിന്റെ ഉത്തരവാദിത്വം അവർക്ക് തന്നെ ആയിരിക്കുമെന്നും സംഘടന വ്യക്തമാക്കി. ഫെയ്സ് ആക്ട് എന്ന പേരിൽ അറിയപ്പെടുന്ന ഫ്രീഡം ഓഫ് ആക്സസ് ടു ക്ലിനിക് എൻട്രൻസസ് ആക്ട് പ്രകാരമാണ് മോസിൻസ്ക്കിക്ക് എതിരെ കുറ്റം ചുമത്തപ്പെട്ടത്. പൈശാചികവും, അനീതിപരവുമായ പ്രവർത്തനത്തിന് നിയമപരമായ പരിരക്ഷ നൽകുന്നതിനാൽ ഈ നിയമം അസാധുവായി മാത്രമേ കണക്കാക്കാൻ സാധിക്കുകയുള്ളൂവെന്നും, അതിനാൽ താൻ നിയമം ലംഘിച്ചുവെന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂയോർക്കിലെ ഹെംസ്റ്റഡിലുളള ക്ലിനിക്കിലാണ് 2022 ജൂലൈ ഏഴാം തീയതി കേസിന് ആസ്പദമായ കുറ്റം നടക്കുന്നത്. ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസ് നൽകുന്ന വിവരം അനുസരിച്ച് രണ്ടുമണിക്കൂറോളമാണ് ഭ്രൂണഹത്യക്കെതിരെ ശക്തമായ നിലപാടുമായി ഫ്രാൻസിസ്കൻ വൈദികൻ നിലകൊണ്ടത്. അഗ്നിശമന സേനയും, പോലീസും വന്ന് പൂട്ട് തുറന്നതിന് പിന്നാലെ ഫാ. ഫിഡലിസ് മോസിൻസ്ക്കി ക്ലിനിക്കിലേക്ക് കാറുകൾ പ്രവേശിക്കാതിരിക്കാനായി നിലത്തു കിടന്നു. ഇതിനുമുമ്പും അദ്ദേഹം പ്രോലൈഫ് പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഫേസ് ആക്ട് ലംഘിച്ചു എന്ന കുറ്റത്തിന്റെ പേരിൽ ആദ്യമായിട്ടാണ് ഫാ. ഫിഡലിസ് ശിക്ഷിക്കപ്പെടുന്നത്. |