Content | കൊച്ചി: മണിപ്പൂരിൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി. തികച്ചും ഭീതിജനകവും ആശങ്കാജനകവുമായ സാഹചര്യമാണ് അവിടെയുള്ളത്. ഇതുവരെ 150ലധികം പേർ കൊല്ലപ്പെട്ടു. നിരവധി ദേവാലയങ്ങൾ നശിപ്പിച്ചു. കലാപകാരികൾ അഴിഞ്ഞാടിയിട്ടും ഉത്തരവാദപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണെന്നു സംഘടന പ്രസ്താവിച്ചു.
നശിപ്പിക്കപ്പെട്ട ദേവാലയങ്ങളും വീടുകളും പൂർണമായും നിർമിച്ചു നൽകാൻ സർക്കാർ തയാറാകണം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകി പുനരധിവസിപ്പിക്കണം. കലാപം അടിച്ചമർത്താൻ സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാര വാഹികളായ ഡോ. ജോബി കാക്കശ്ശേരി, ഡോ. ജോസ്കുട്ടി ഒഴുകയിൽ, രാജേഷ് ജോൺ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.
|