Content | വത്തിക്കാന്‍ സിറ്റി: യേശു നമ്മോടൊപ്പമുണ്ടെന്നും അവിടുന്ന് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. പോർച്ചുഗലിൽ നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഇന്നലെ കുരിശിന്റെ വഴിയോട് അനുബന്ധിച്ച് പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ലിസ്ബണിലെ എഡ്വേർഡോ ഏഴാമൻ പാർക്കിൽ നല്‍കിയ സന്ദേശത്തില്‍ "ജീവിതത്തിൽ നിങ്ങളെ കരയിപ്പിക്കുന്നതെന്താണെന്ന് യേശുവിനോട് പറയുന്നതിന്" ഒരു നിമിഷം നിശബ്ദത പാലിക്കണമെന്നും പറഞ്ഞു.
ഏകദേശം 8,00,000 യുവജനങ്ങളാണ് പാപ്പയുടെ സന്ദേശം കേട്ടത്. യേശു തന്റെ ആർദ്രതയാൽ നമ്മുടെ മറഞ്ഞിരിക്കുന്ന കണ്ണുനീർ തുടയ്ക്കുന്നു. നമ്മുടെ ഏകാന്തത തന്റെ സാമീപ്യത്താൽ നിറയ്ക്കാൻ യേശു ആഗ്രഹിക്കുകയാണ്. നമ്മുടെ ഹൃദയത്തിൽ ഏറ്റവും കൂടുതൽ കൊത്തിവെച്ചിരിക്കുന്ന പാത കാൽവരി പാതയാണ്, കുരിശിന്റെ പാതയാണ്, ഇന്ന് നിങ്ങൾ കുരിശിന്റെ പാത പുനരുജ്ജീവിപ്പിക്കാൻ പ്രാർത്ഥനയോടെ പോകുന്നു. യേശു കടന്നുപോകുന്നത് നോക്കാം, അവനോടൊപ്പം നടക്കാമെന്നും പാപ്പ പറഞ്ഞു.
നേരത്തെ ഏതാണ്ട് 60 ഏക്കർ വിസ്തൃതിയുള്ള എഡ്വേർഡ് ഏഴാമൻ പാർക്കിൽ കാത്തിരുന്ന യുവജനങ്ങൾ പാപ്പായെ ആഹ്ളാദാരവങ്ങളോടെയും ഗാനാലാപനങ്ങളോടെയുമാണ് വരവേറ്റത്. ഏകദേശം ഒരു മണിക്കൂർ നേരം പാപ്പാ യുവജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു. വാഹനത്തിൽനിന്നിറങ്ങിയ പാപ്പായെ വീൽചെയറിലാണ്, പല നിലകളിലായി പ്രത്യേകമായി തയ്യാറാക്കിയ സ്റ്റേജിലേക്ക് എത്തിച്ചത്. യുവജനങ്ങൾക്കൊപ്പം വൈദികരുടെയും സമർപ്പിതരുടെയും സാന്നിധ്യമുണ്ടായിരുന്നു. പോർച്ചുഗീസ് ഭാഷയിൽ ത്രിത്വസ്തുതിയോടെയും പ്രാർത്ഥനയോടെയുമാണ് പാപ്പാ പ്രാർത്ഥനാസംഗമത്തിന് പ്രാരംഭം കുറിച്ചത്.
കുരിശിന്റെ വഴിയിലെ ധ്യാനങ്ങൾക്കിടയിൽ പോർച്ചുഗൽ, സ്പെയിൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യുവജനങ്ങള്‍ പങ്കുവെച്ച വീഡിയോ സാക്ഷ്യങ്ങൾ വലിയ സ്ക്രീനിൽ പ്രദര്‍ശിപ്പിച്ചിരിന്നു. കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളില്‍ ഓരോന്നിനും, സ്റ്റേജിന്റെ ഉയർന്ന സ്കാർഫോൾഡിംഗിന്റെ മുകളിൽ നിന്ന് കൊറിയോഗ്രാഫി അവതരണമുണ്ടായിരിന്നു. ക്രിസ്തുവിന്റെ പീഡാനുഭവവഴിയിലെ വിവിധ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളോടും, ഗാനങ്ങളോടും, നൃത്തങ്ങളോടും ജീവിതഗന്ധിയായ വിചിന്തനങ്ങളോടും കൂടിയായിരുന്നു യുവജനങ്ങൾ കുരിശിന്റെ വഴിയുടെ പ്രാർത്ഥന നയിച്ചത്. തുടർന്ന് പാപ്പ അപ്പസ്തോലിക ആശീർവാദം നൽകി. |