Content | കന്ധമാല്‍: ഒഡീഷയിൽ നടന്ന കന്ധമാല്‍ ക്രൈസ്തവ വിരുദ്ധ കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയായ കത്തോലിക്കാ സന്യാസിനി കുറ്റാരോപിതർക്കെതിരെ തെളിവുകൾ നൽകാൻ കോടതിയിൽ ഹാജരായി. ഓഗസ്റ്റ് പതിനാറാം തീയതി 18 കുറ്റാരോപിതർക്ക് എതിരെ തെളിവുകൾ നൽകാൻ കട്ടക്കിലെ ജില്ലാ സെഷൻസ് കോടതിയിലാണ് അവർ ഹാജരായത്. താൻ ഈ കേസുമായി 15 വർഷമായി ജീവിക്കുകയാണെന്നും, ഒറ്റയ്ക്കാണെങ്കിലും കന്ധമാലിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഇപ്പോഴും കോടതിയിൽ ഹാജരാകുന്നതെന്നും സന്യാസിനി പറഞ്ഞു. തന്റെ കേസിനെ പറ്റി ആരും ഇപ്പോൾ ഗൗനിക്കുന്നില്ലായെന്ന ദുഃഖം അവർ 'മാറ്റേഴ്സ് ഇന്ത്യ' എന്ന മാധ്യമത്തോട് പങ്കുവെച്ചു.
സംസ്ഥാന സർക്കാർ ഇതുവരെ ഇരയായ സന്യാസിനിക്ക് വേണ്ടി അഭിഭാഷകരെ നിയമിച്ചിട്ടില്ലാത്തതിനാൽ തെളിവുകൾ ശേഖരിക്കാൻ സാധിച്ചിട്ടില്ല. സന്യാസിനിക്ക് വേണ്ടി സർക്കാർ അഭിഭാഷകരെ നിയമിച്ചതിനു ശേഷം തെളിവുകൾ ഔദ്യോഗികമായി സ്വീകരിക്കാൻ മറ്റൊരു തീയതി കോടതി അനുവദിക്കാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. യേശു തന്നോടൊപ്പമുണ്ട് എന്നതിലാണ് ആശ്വാസം കണ്ടെത്തുന്നതെന്നു സിസ്റ്റര്‍ പറയുന്നു. ഹൈന്ദവ നേതാവായ ലക്ഷ്മണാനന്ദ സരസ്വതിയെ കൊലപ്പെടുത്തിയെന്ന് ക്രൈസ്തവർക്കെതിരെ വ്യാജ ആരോപണം ഉയർന്നതിന് പിന്നാലെയാണ് 2008 ഓഗസ്റ്റ് 24ന് രാജ്യത്തെ നടുക്കിയ കലാപം ആരംഭിക്കുന്നത്.
അന്നത്തെ കലാപത്തില്‍ നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും, 395 ദേവാലയങ്ങൾ അക്രമികൾ നശിപ്പിക്കുകയും 56,000ത്തോളം പേര്‍ ഭവനങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിയും വന്നു. നിത്യവ്രത വാഗ്ദാനം നടത്തി സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ദിവ്യ ജ്യോതി പാസ്റ്ററൽ സെന്ററിൽ സേവനം ചെയ്യുന്നതിനിടയിലാണ് കലാപം. പിറ്റേന്നു ഓഗസ്റ്റ് 25-നു സന്യാസിനി കൂട്ട ബലാത്സംഗത്തിന് ഇരയാകുകയായിരിന്നു. ഒരു കൂട്ടം ആളുകൾ പാസ്റ്റർ സെന്ററിലേക്ക് ഇരച്ചുകയറി ഇരുപത്തിയഞ്ചു വയസ് മാത്രം പ്രായമുള്ള സിസ്റ്ററെ അക്രമിക്കുകയായിരുന്നു.
(സിസ്റ്റര്‍ മീന നേരിട്ട ക്രൂരമായ പീഡനങ്ങളെ കുറിച്ച് 'പ്രവാചകശബ്ദ'ത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിന്നു. അവ വായിക്കാന്‍ താഴെയുള്ള ലിങ്കുകള്‍ ഉപയോഗിക്കുക.)
{{കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന->http://www.pravachakasabdam.com/index.php/site/news/14775}}
{{കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ->http://www.pravachakasabdam.com/index.php/site/news/14819}}
എഫ്ഐആർ അടിസ്ഥാനമാക്കി സന്യാസിനിയെ പീഡിപ്പിച്ച കേസിൽ 9 പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും, അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു 30 പേർക്കെതിരെ മൂന്ന് കുറ്റപത്രങ്ങളും പോലീസ് സമർപ്പിച്ചിരുന്നു. ആറു വർഷത്തെ വിചാരണയ്ക്കുശേഷം 2014 മാർച്ചിൽ 9 പേർ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞു. ആറുപേരെ വെറുതെ വിടുകയും ചെയ്തു. കേസിലെ മുഖ്യപ്രതിയായ മിത്തു പട്ണായക്കിന് 11 വർഷം തടവ് ശിക്ഷയാണ് ലഭിച്ചത്. കേസിൽ പ്രതികളാക്കപ്പെട്ട മറ്റുള്ളവർക്കെതിരെ തെളിവ് നൽകാനാണ് പതിനാറാം തീയതി സന്യാസിനി ഹാജരായത്. |