category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചര്‍ച്ച തുടരാന്‍ സന്നദ്ധമെന്ന് സീറോ മലബാര്‍ സിനഡ്; അഞ്ച് ബിഷപ്പുമാര്‍ അടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു
Contentകൊച്ചി: വിശുദ്ധ കുർബാന അർപ്പണ വിഷയത്തിലെ തർക്കങ്ങളിൽ എറണാ കുളം-അങ്കമാലി അതിരൂപത അംഗങ്ങളുമായി ചർച്ച തുടരാൻ സന്നദ്ധമാണന്ന് സീറോമലബാർ സഭാ സിനഡ് അറിയിച്ചു. സംഭാഷണം സുഗമമാക്കാൻ മാർ ബോസ്കോ പുത്തൂർ കൺവീനറായി കമ്മിറ്റി രൂപീകരിച്ചു. ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പാംപ്ലാനി, മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസ് ചിറ്റൂപ്പറമ്പിൽ സിഎംഐ, മാർ എഫ്രേം നരികുളം, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. പ്രശ്നപരിഹാരത്തിനുള്ള അവസാന മാർഗ്ഗം എന്ന നിലയിലാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആർച്ച്ബിഷപ് സിറിൽ വാസിലിനെ പൊന്തിഫിക്കൽ ഡെലഗേറ്റായി നിയമിച്ചതെന്നും എന്നാൽ പൊന്തിഫിക്കൽ ഡെലഗേറ്റിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചവർക്ക് കത്തോലിക്കാ കൂട്ടായ്മയിൽ തുടരാനാകാത്ത സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നതെന്നും സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാം സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ പിതാക്കന്മാരും ചേർന്ന് പ്രസിദ്ധീകരിക്കുന്ന പ്രസ്താവനയില്‍ പറയുന്നു. എറണാകുളം - അങ്കമാലി അതിരൂപതയിൽ നിന്നുള്ള അഞ്ച് ബിഷപ്പുമാരാണ് ചർച്ചയ്ക്ക് തുടക്കമിടുന്നത്. ചർച്ചകൾക്കുള്ള നിർദ്ദേശങ്ങൾ ഇവയാണ്: 1. എറണാകുളം-അങ്കമാലി അതിരൂപത നിലവിൽ പൊന്തിഫിക്കൽ ഡെലഗേറ്റിന്റെയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെയും കീഴിലായതിനാൽ പേപ്പൽ ഡെലഗേറ്റ് മുഖേന പരിശുദ്ധ പിതാവിന്റെ സമ്മതത്തോടെ മാത്രമേ പരിഹാരത്തിനുള്ള ഏതു നിർദ്ദേശവും നടപ്പിലാക്കാൻ കഴിയൂ. 2. വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കുന്നത് സംബന്ധിച്ച് 2022 മാർച്ച് 25ലെ കത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ തന്ന ഉദ്ബോധനം അനുസരിക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ തയ്യാറാകണം. 3. ഏകീകൃത കുർബാനയർപ്പണരീതി ക്രമാനുഗതമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കത്തീഡ്രൽ ബസിലിക്ക, പരിശീലനകേന്ദ്രങ്ങൾ, സന്യാസ ഭവനങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഏകീകൃത രീതിയിലുള്ള കുർബാനയർപ്പണം ആരംഭിക്കേണ്ടതാണ്. 4. ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിനുവേണ്ടി ബോധവത്കരണത്തിനായി നിശ്ചിതസമയം ആഗ്രഹിക്കുന്ന ഇടവകകൾ കാനോനികമായ ഒഴിവ് (CCEO 1538) വാങ്ങേണ്ടതാണ്. 5. ഏകീകൃത വിശുദ്ധ കുർബാനയർപ്പിക്കുന്ന വൈദികർക്കും അപ്രകാരം അർപ്പിക്കാൻ ആഗ്രഹിക്കുന്ന വൈദികർക്കും യാതൊരു വിധത്തിലുമുള്ള തടസ്സങ്ങളും സൃഷ്ടിക്കാൻ പാടില്ല. 6. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളോ സ്ഥാപനങ്ങളോ സന്ദർശിക്കുന്ന മെത്രാൻമാർക്ക് വിശുദ്ധ കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കുന്നതിന് തടസ്സമുണ്ടാകരുത്. ഇത്തരം അവസരങ്ങളിൽ എല്ലാ ഇടവക വൈദികരും അതത് ദേവാലയങ്ങളിൽ വിശുദ്ധ കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്. 7. വിശുദ്ധ കുർബാനയർപ്പണങ്ങളിൽ പരിശുദ്ധ മാർപാപ്പ, മേജർ ആർച്ച്ബിഷപ്പ്, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്നിവരുടെ പേരുകൾ അനുസ്മരിക്കേണ്ടതാണ്. എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന നമ്മുടെ കർത്താവ് ഈശോമിശിഹായുടെ ബലിവേദി നമ്മുടെ കൂട്ടായ്മയുടെ ഉറവിടമാകട്ടെ എന്ന് പ്രാർത്ഥിക്കുകയാണെന്നും ഈശോയുടെ തിരുഹൃദയത്തിനും നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിനും നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെ മാധ്യസ്ഥ്യത്തിനും ഭരമേല്പിക്കുകയാണെന്നുമുള്ള വാക്കുകളോടെയാണ് പ്രസ്താവന സമാപിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-25 10:10:00
Keywordsസീറോ മലബാ
Created Date2023-08-25 10:11:01