category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതിരുവോസ്തിയില്‍ നിന്ന് രക്തം: ഹോണ്ടുറാസില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് മെത്രാന്റെ അംഗീകാരം
Contentഗ്രേഷ്യസ് ( ഹോണ്ടുറാസ്): ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ ഗ്രേഷ്യസ് രൂപതയിലെ സാന്‍ ജുവാന്‍ മുനിസിപ്പാലിറ്റിയിലെ ദേവാലയത്തില്‍ ഒരു വര്‍ഷം മുന്‍പ് നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് പ്രാദേശിക മെത്രാന്റെ അംഗീകാരം. 2022-ല്‍ നിത്യപുരോഹിതനായ ക്രിസ്തുവിന്റെ തിരുനാള്‍ ദിനമായ ജൂണ്‍ 9-ന് എല്‍ എസ്പിനല്‍ ദേവാലയത്തില്‍വെച്ച് നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് രൂപതാധ്യക്ഷനായ വാള്‍ട്ടര്‍ ഗ്വില്ലന്‍ സോട്ടോ ആണ് അംഗീകാരം നല്‍കിയത്. തിരുവോസ്തി സൂക്ഷിച്ച കുസ്തോതിയിലും മറ്റും രക്തം പടരുകയായിരിന്നു. സാന്‍ ജുവാന്‍ നഗരത്തില്‍ നിന്നു ഏറെ മാറി എല്‍ എസ്പിനാല്‍ എന്ന സ്ഥലത്തു നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് സാക്ഷിയായത് അല്‍മായരാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. എൽ എസ്പിനാലിലെ പർവതപ്രദേശത്തുടനീളം ഏകദേശം 60 കുടുംബങ്ങളാണ് താമസിക്കുന്നത്. പട്ടണത്തിൽ വൈദികൻ ഇല്ലാത്തതിനാൽ എല്ലാ വ്യാഴാഴ്ചകളിലും എക്സ്ട്രാ ഓര്‍ഡിനറി യൂക്കരിസ്റ്റിക്ക് മിനിസ്റ്റര്‍ (വിശുദ്ധ കുര്‍ബാന വിതരണം ചെയ്യാനും വൈദികരുടെ അസാന്നിധ്യത്തില്‍ ദൈവവചന ആരാധന നടത്തി ദിവ്യകാരുണ്യം നല്‍കാനും ബിഷപ്പ് പ്രത്യേക അനുവാദം കൊടുത്തിരിക്കുന്ന അല്‍മായര്‍) നടത്തുന്ന ദൈവവചന ആരാധനയിലും ദിവ്യകാരുണ്യ വിതരണത്തിലും 15 കുടുംബങ്ങൾ മാത്രമേ പങ്കെടുക്കുന്നുണ്ടായിരിന്നുള്ളൂ. അപ്പസ്തോലനായ യാക്കോബിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ജോസ് എല്‍മെര്‍ ബെനിറ്റെസ് മച്ചാഡോയായിരുന്നു വൈദികര്‍ നേരത്തെ കൂദാശ ചെയ്ത ദിവ്യകാരുണ്യം നല്‍കാനും അജപാലകപരമായ ശുശ്രൂഷകള്‍ക്കും മേല്‍നോട്ടം വഹിച്ചിരുന്നത്. സംഭവം നടന്ന ജൂണ്‍ 9 നിത്യപുരോഹിതനായ ക്രിസ്തുവിന്റെ തിരുനാള്‍ ദിനത്തില്‍ തിരുകര്‍മ്മങ്ങള്‍ക്കായി എല്‍മെര്‍ നേരത്തെ തന്നെ ദേവാലയത്തില്‍ എത്തിയിരിന്നു. അന്ന് പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് ദിവ്യകര്‍മ്മങ്ങള്‍ ആരംഭിച്ചത്. ദൈവവചന ആരാധനക്കു ശേഷം ദിവ്യകാരുണ്യം വിതരണം ചെയ്യേണ്ട സമയമായപ്പോള്‍ സക്രാരി തുറന്ന എല്‍മെര്‍ കണ്ട കാഴ്ച - തിരുവോസ്തി സൂക്ഷിച്ചിരിന്ന കുസ്തോതിയില്‍ ദിവ്യകാരുണ്യത്തോടൊപ്പമുള്ള സങ്കീഞ്ഞില്‍ രക്തത്തിന്റെ പാടുകളായിരിന്നു. ഇത് കണ്ടു ആശ്ചര്യപ്പെട്ടുപോയെന്നും എന്നാല്‍, ദിവ്യകര്‍മ്മം പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് ദിവ്യകാരുണ്യം വിതരണം ചെയ്തുവെന്നു ജോസ് എല്‍മെര്‍ എറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തിരുകര്‍മ്മങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പുള്ള അറിയിപ്പില്‍ വെച്ചാണ് എല്‍മെര്‍ ഇക്കാര്യം വിശ്വാസി സമൂഹത്തോട് പങ്കുവെച്ചത്. ഇതിന് പിന്നാലെ സംഭവം അറിഞ്ഞ ഉടനെ തന്നെ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് മിഷ്ണറി വൈദികരായ ഫാ. മാര്‍വിന്‍ സോട്ടേലോയും, ഫാ. ഓസ്കാറും ഇതേകുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇടവകയില്‍ എത്തി. രക്തക്കറ പുരണ്ട തിരുവസ്ത്രം ഫാ. സോട്ടേലോ സീല്‍ ചെയ്തു റെക്ടറിയില്‍ സൂക്ഷിക്കുകയും രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മെത്രാന് കൈമാറുകയുമായിരുന്നു. മൂന്ന്‍ മാസങ്ങള്‍ക്ക് ശേഷം മെത്രാന്‍ ഈ വിശുദ്ധ വസ്ത്രം ശാസ്ത്രീയ പരിശോധനക്കായി സാന്താ റോസാ ഡെ കൊപന്‍ മെഡിക്കല്‍ സെന്ററില്‍ കൊണ്ടു പോയെങ്കിലും ആഴത്തിലുള്ള പരിശോധനകള്‍ക്ക് വേണ്ട നിര്‍ണ്ണായകമായ വസ്തുക്കള്‍ ലഭ്യമല്ലാത്തതിനാല്‍ ടെഗുസിഗാല്‍പ്പയിലെ ടെസ്റ്റ്‌ ടോക്സോളജിക്കല്‍ സെന്ററിലേക്ക് അയച്ചു. അവിടെ ഡോ. ഹെക്ടര്‍ ദിയാസിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. ഫോറന്‍സിക് വിദഗ്ദയായ ഡോ. ക്ലോഡിയ കോക്കായും പരിശോധനകള്‍ നടത്തി. വായു, ഈർപ്പം എന്നിവയുമായി സമ്പർക്കം ഉണ്ടായിട്ടും തുണിയിൽ രക്തത്തിന്റെ പാട് ശരിയായി ഉണങ്ങിയില്ലായെന്നതു ഗവേഷകരെ ആശ്ചര്യപ്പെടുത്തി. ഇത് യഥാര്‍ത്ഥ രക്തമാണെന്നും ശാസ്ത്രീയ-വൈദ്യ പരിശോധനകളില്‍ നിന്നും ടൂറിനിലെ തിരുക്കച്ചയിലും ലാന്‍സിയാനോയിലും കണ്ടെത്തിയതിനു സമാനമായ AB+ രക്തമാണ് തിരുവസ്ത്രത്തിലേതെന്നും വ്യക്തമായി. ഇതിന് പിന്നാലെ ശാസ്ത്രീയ പരിശോധനകളുടെയും, സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ ഇത് ദിവ്യകാരുണ്യ അത്ഭുതം തന്നെയാണെന്ന് മെത്രാന്‍ അംഗീകരിക്കുകയായിരുന്നു. സഭയുടെ ചരിത്രത്തില്‍ പ്രകടമായ ആയിരകണക്കിന് ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും വിശദമായ ശാസ്ത്രീയ ഗവേഷണ പഠനങ്ങള്‍ക്ക് ശേഷം നൂറിലധികം ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്‌. ഹോണ്ടുറാസില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തെ കുറിച്ചുള്ള വിവരങ്ങള്‍ വത്തിക്കാന് കൈമാറിയിട്ടുണ്ട്. വിശദമായ പഠനങ്ങള്‍ക്കു ശേഷം വത്തിക്കാനും ദിവ്യകാരുണ്യ അത്ഭുതം അംഗീകരിച്ചാല്‍ ലാറ്റിന്‍ അമേരിക്കയില്‍ നടക്കുന്ന അഞ്ചാമത്തെ ദിവ്യകാരുണ്യ അത്ഭുതമായി ഇത് മാറും.
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-26 11:37:00
Keywordsദിവ്യകാരുണ്യ
Created Date2023-08-26 11:39:21