category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 1300 കത്തോലിക്കര്‍ മാത്രമുള്ള മംഗോളിയയിലേക്ക് പാപ്പ: 43-ാമത് അന്താരാഷ്ട്ര അപ്പസ്തോലിക സന്ദര്‍ശനം മറ്റന്നാള്‍ മുതല്‍
Contentവത്തിക്കാന്‍ സിറ്റി: ലോകത്തെ തന്നെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായ മംഗോളിയ റിപ്പബ്ലിക്കിലേക്ക് ഫ്രാന്‍സിസ് പാപ്പ. 1300 കത്തോലിക്കര്‍ മാത്രമുള്ള രാജ്യത്തേക്കുള്ള അപ്പസ്തോലിക സന്ദര്‍ശനം മറ്റന്നാളാണ് ആരംഭിക്കുക. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയുള്ള തീയതികളില്‍ വിവിധ പരിപാടികളില്‍ പാപ്പ പങ്കെടുക്കും. മംഗോളിയയിലെ രാഷ്ട്രീയ അധികാരികളുമായും കത്തോലിക്കാ സഭയുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, എക്യുമെനിക്കൽ, മതാന്തര സമ്മേളനം, ഉപവി പ്രവർത്തകരുമായി ചര്‍ച്ച, പൊതു ദിവ്യബലിയര്‍പ്പണം തുടങ്ങീ വിവിധ പരിപാടികളാണ് പേപ്പല്‍ സന്ദര്‍ശനത്തില്‍ ഭാഗമാകുകയെന്ന്‍ വത്തിക്കാന്‍ അറിയിച്ചു. ആഗസ്റ്റ് 31 വ്യാഴാഴ്ച റോമിലെ സമയം വൈകുന്നേരം 6:30 ഫ്യുമിച്ചനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉലാൻബാതറിലേക്കുള്ള വിമാനത്തിൽ പാപ്പാ യാത്ര ആരംഭിക്കും. സെപ്റ്റംബർ 1 മംഗോളിയന്‍ സമയം രാവിലെ 10 മണിയോടെ (റോം സമയം രാവിലെ 4:30) പാപ്പയും സംഘവും ചെംഗിസ് ഖാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. അന്നു രാജ്യം ഒരുക്കുന്ന സ്വീകരണം മാത്രമാണ് പാപ്പയുടെ പൊതുപരിപാടി. പിറ്റേന്ന് സെപ്റ്റംബർ 2, ശനിയാഴ്ച രാവിലെ 9നു സുഖ്‌ബതാർ ചത്വരത്തിൽ സ്വീകരണം ഒരുക്കും. അരമണിക്കൂറിന് ശേഷം മംഗോളിയൻ രാഷ്ട്രപതിയുമായി പാപ്പ കൂടിക്കാഴ്ച നടത്തും. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ ഇഖ് മംഗോൾ ഹാളിൽവെച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍, പൗരസമൂഹം, നയതന്ത്രജ്ഞർ എന്നിവരുമായും പാപ്പ ചര്‍ച്ച നടത്തും. മംഗോളിയയിലെ ഏകസഭ പാർലമെന്റായ "ഗ്രേറ്റ് ഹുറൽ"ൽ രാജ്യത്തിന്റെ അധ്യക്ഷനുമായും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും തുടര്‍ന്നു നടക്കും. വിശുദ്ധരായ പത്രോസിന്റെയും, പൗലോസിന്റെയും നാമഥേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽവെച്ച് മെത്രാന്മാർ, വൈദീകർ, മിഷ്ണറിമാർ, സമർപ്പിതർ, അജപാലന പ്രവർത്തകർ എന്നിവരെ പാപ്പ അഭിസംബോധന ചെയ്തു സംസാരിക്കും. സെപ്റ്റംബർ 3 ഞായറാഴ്ച ഉലാൻബാതറിലെ 'ഹൺ തിയേറ്ററി'ൽ എക്യുമെനിക്കൽ, മതാന്തര സമ്മേളനത്തിൽ പാപ്പ പങ്കെടുക്കും. വൈകീട്ട് നാലിന് "സ്റ്റെപ്പി അരേന" സ്റ്റേഡിയത്തില്‍ പാപ്പ ദിവ്യബലി അർപ്പിക്കും. പിറ്റേന്നു ജീവകാരുണ്യ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ച, കാരുണ്യ ഭവനത്തിന്റെ ഉദ്ഘാടനം എന്നിവയില്‍ ഭാഗഭാക്കാകുന്നതോടെ പാപ്പയുടെ മംഗോളിയന്‍ സന്ദര്‍ശന പരിപാടികള്‍ക്ക് സമാപനമാകും. ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ചെംഗിസ് ഖാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിടവാങ്ങൽ ചടങ്ങ് ഏറ്റുവാങ്ങിയ ശേഷം പാപ്പ റോമിലേക്ക് മടങ്ങും.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-29 11:27:00
Keywordsമംഗോളിയ
Created Date2023-08-29 11:29:15