Content | ബർമിങ്ഹാം: ക്രൈസ്തവ വിശ്വാസികളുടെ പ്രാർത്ഥന സഫലീകരിച്ചതിന്റെ നന്ദി സൂചകമായി നിർമ്മിക്കുന്ന 'ദ ഇറ്റേണൽ വാൾ ഓഫ് ആൻസേർഡ് പ്രയർ' എന്ന സ്മാരകത്തിന്റെ നിർമ്മാണം ഇംഗ്ലണ്ടിൽ പുരോഗമിക്കുന്നു. ഇതിന്റെ നിർമ്മാണം 2026ൽ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. 10 ലക്ഷം ഇഷ്ടികകൾ ഉപയോഗിച്ചാണ് ഇംഗ്ലണ്ടിലെ ബർമിങ്ഹാമിന് സമീപത്തായി സ്മാരകം നിർമ്മിക്കുന്നത്. ഓരോ ഇഷ്ടികയും വിശ്വാസികളുടെ പ്രാർത്ഥനയെയാണ് സൂചിപ്പിക്കുന്നതെന്ന് പദ്ധതിക്ക് തുടക്കം കുറിച്ച റിച്ചാർഡ് ഗാമ്പിൾ എന്ന വ്യക്തി വെളിപ്പെടുത്തി. ബിസ്പോക്ക് ആപ്പ് വഴി ഇവിടെ സന്ദർശിക്കുന്നവർക്ക് തങ്ങളുടെ ഫോണുകൾ ഇഷ്ടികയ്ക്ക് സമീപംവെച്ചാൽ എന്ത് പ്രാർത്ഥന നിയോഗമാണ് സാധിച്ചതെന്ന് സാക്ഷ്യപ്പെടുത്തിയത് വായിക്കാനും അവസരമുണ്ട്.
19 വർഷങ്ങൾക്കു മുമ്പ് ഈസ്റ്റർ ദിനത്തിൽ കുരിശ് എടുത്ത് തന്റെ ജന്മദേശമായ ലെയ്സസ്റ്ററിന് സമീപത്തുകൂടി നടക്കണമെന്നുള്ള ദൈവസ്വരം ശ്രവിച്ചതാണ് ഇങ്ങനെ ഒരു സ്മാരകം നിർമ്മിക്കാൻ തനിക്ക് പ്രേരണയായതെന്നു റിച്ചാർഡ് ഗാമ്പിൾ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഈ സമയത്ത് റിച്ചാർഡ് ഒരു ദേവാലയത്തിലെ പാസ്റ്റർ ആകാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്താണ് ഇപ്പോൾ താൻ ചെയ്യേണ്ടതെന്ന് ദൈവത്തോട് ചോദിച്ചപ്പോൾ ഇങ്ങനെ ഒരു സ്മാരകത്തിന്റെ ചിത്രം മനസ്സിലൂടെ മിന്നി മറഞ്ഞുവെന്ന് അദ്ദേഹം ഓർത്തെടുത്തു. ഒരു എൻജിനീയറോ, ആർക്കിടെക്ടോ ഒന്നുമല്ലാതിരുന്നതിനാൽ എങ്ങനെ ഒരു സ്മാരകം പണിയണമെന്ന് ആദ്യം സംശയം ഉണ്ടായിരുന്നെങ്കിലും, പ്രാർത്ഥനകൾക്ക് ശേഷം 9 വർഷം മുമ്പ് സ്മാരകത്തിന്റെ പണി തുടങ്ങിവയ്ക്കാൻ താൻ തീരുമാനമെടുക്കുകയായിരുന്നു.
സ്മാരക നിർമ്മാണത്തിന് സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പണം കണ്ടെത്തിയത്. ഇതിനിടയിൽ നിർമ്മാണ പ്രവർത്തനത്തിന് വേണ്ടി അതിനെക്കുറിച്ച് ധാരണയുള്ള ആരെയെങ്കിലും കണ്ടുമുട്ടണമെന്ന് പ്രാർത്ഥിച്ചു. ഇതിനു ശേഷം അങ്ങനെ ഒരാൾ സന്നദ്ധത അറിയിച്ച മുന്നോട്ടുവന്നുവെന്നും റിച്ചാർഡ് വിവരിച്ചു. പ്രാർത്ഥിക്കുന്ന സമയങ്ങളിൽ ചിലപ്പോൾ നാം ചോദിക്കുന്ന കാര്യം നമുക്ക് ലഭിക്കാറില്ലായെന്നും, അതിനാൽ അതിൽ നിന്നും ഉരുതിരിഞ്ഞു വരുന്ന നന്മകളും സാക്ഷ്യങ്ങളുടെ ഭാഗമായിട്ട് ഉണ്ടെന്ന് റിച്ചാർഡ് പറഞ്ഞു. കത്തോലിക്കരും മറ്റ് ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ടവരും സ്മാരകത്തിന് പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്. ബർമിങ്ഹാമിലെ സെന്റ് ചാഡ് കത്തീഡ്രൽ ദേവാലയത്തിന്റെ ഡീൻ മോണ്‍. തിമോത്തി മെനസസാണ് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് സ്മാരകത്തിന് സഹായങ്ങൾ നൽകുന്നത്. |