Content | ചങ്ങനാശേരി: എസ്ബി കോളജ് സുറിയാനി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് മാർ മാത്യു കാവുകാട്ട് മെമ്മോറിയൽ അന്തർദേശീയ സുറിയാനി സെമിനാർ നടത്തി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവഹിച്ചു. സുറിയാനി ഒരു വ്യവഹാര ഭാഷ എന്ന നിലയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരം നേടുന്നത് പ്രതീക്ഷാവഹമാണെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം ആമുഖപ്രസംഗം നടത്തി. കോട്ടയം സീരി ഡയറക്ടർ മല്‍പ്പാന്‍ ജേക്കബ് തെക്കേപറമ്പിൽ വിഷയവതരണം നടത്തി.
'ആധുനിക സുറിയാനി ലോകത്തിലെ നവോത്ഥാനം' എന്ന വിഷയത്തെക്കുറിച്ച് ഫ്രാൻസിലെ ലിയോൺ യൂണിവേഴ്സിറ്റി പ്രഫസറും ആധുനീക സുറിയാനി ഭാഷ പണ്ഡിതനുമായ ഡോ. ബ്രൂണോ പൊയ്സറ്റ, സുറിയാനി ഭാഷയുടെ ചരിത്രവും സമകാലിക പ്രസക്തിയും' എന്ന വിഷയത്തിൽ അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ സുറിയാനി ഭാഷാ വിദഗ്ധൻ ബ്രേറ്റോ ആൻഡ്രൂസ് കിർക്കൻ, 'സുറിയാനി ഭാഷയുടെ സൗന്ദര്യം' എന്ന വിഷയത്തിൽ ചൈനയിൽ നിന്നുള്ള സുറിയാനി ഭാഷാ ഗവേഷകനായ വുജിൻ എന്നിവർ ക്ലാസ് നയിച്ചു. വിഷയാവതാരകരും ശ്രോതാക്കളും ഒരുമിച്ച് സുറിയാനി ഗീതങ്ങൾ ആലപിച്ചു. |