category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Heading വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഉല്‍മ കുടുംബത്തിന്റെ ഫോട്ടോ പ്രദര്‍ശനം അര്‍ജന്റീനയില്‍
Contentബ്യൂണസ് അയേഴ്സ്: പോളണ്ടിലെ തങ്ങളുടെ ഭവനത്തില്‍ നാസികളില്‍ നിന്നും രക്ഷിക്കുവാന്‍ യഹൂദ കുടുംബത്തെ താമസിപ്പിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച് അള്‍ത്താരമഹത്വത്തിലേക്ക് പ്രവേശിച്ച ഉല്‍മ കുടുംബത്തെ കേന്ദ്രമാക്കിയുള്ള ഫോട്ടോ പ്രദര്‍ശനം അര്‍ജന്റീനയില്‍ ആരംഭിച്ചു. ‘ഉല്‍മ കുടുംബം. മാര്‍ക്കോവയിലെ സമരിയാക്കാര്‍’ എന്ന പേരില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം അര്‍ജന്റീനയിലെ പൊന്തിഫിക്കല്‍ കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ (യുസിഎ) റൊസാരിയോ ആസ്ഥാനത്താണ് പുരോഗമിക്കുന്നത്. ജോസഫ് - വിക്ടോറിയ ദമ്പതികളും, പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ഏഴു മക്കളും അടങ്ങുന്ന ഉല്‍മ കുടുംബത്തെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 10-നാണ് പോളണ്ടില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ മെമ്മറി (ഐ.പി.എന്‍) നിര്‍മ്മിച്ച ഫോട്ടോ പ്രദര്‍ശനം, ‘യുസിഎ’യിലെ റൊസാരിയോ ഫാക്കല്‍റ്റി ഓഫ് ലോ ആന്‍ഡ്‌ സോഷ്യല്‍ സയന്‍സസും റൊസാരിയോയിലെ പോളണ്ടിന്റെ ഹോണററി കോണ്‍സുലേറ്റും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം സെപ്റ്റംബര്‍ 22ന് സമാപിക്കും. വാഴ്ത്തപ്പെട്ട വിക്ടോറിയയുടെ സഹോദരിയുടെ പേരമകന്‍ ഡോ. മതേവൂസ് സ്പിറ്റ്മ; അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളിലേക്കുള്ള പോളിഷ് അംബാസിഡര്‍ അലെക്സാണ്ട്രാ പിയാറ്റ്കോവ്സ്ക, റൊസാരിയോ മെത്രാപ്പോലീത്ത മോണ്‍. എഡ്വാര്‍ഡോ എലിസിയോ മാര്‍ട്ടിന്‍ എന്നിവര്‍ക്ക് പുറമേ, പോളണ്ടിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെമ്മറിയുടെ പ്രസിഡന്റായ ഡോ. കരോള്‍ നവ്റോക്കി, ഫിലോസഫി ഓഫ് ലോ പ്രൊഫസര്‍ ഡോ. എഡ്വാര്‍ഡോ സൊഡേരോ, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രദര്‍ശനത്തിന്റെ പേര് സാര്‍വത്രികമാണെന്നും, മറ്റുള്ളവരെ അവരുടെ വംശീയ, സാമൂഹികപരമായ ജനനം കണക്കാക്കാതെ സഹായിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന ബൈബിള്‍ ഉപമയോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണെന്നു ഡോ. മതേവൂസ് സ്പിറ്റ്മ പറഞ്ഞു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഴുവന്‍ കുടുംബവും ഒരേസമയം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഗോള്‍ഡ്‌മാന്‍, ഗ്രണ്‍ഫീല്‍ഡ് എന്നീ കുടുംബങ്ങളില്‍ നിന്നുള്ള എട്ടു യഹൂദരെ നാസികളില്‍ നിന്നും രക്ഷിക്കുവാന്‍ തങ്ങളുടെ ഭവനത്തില്‍ ഒളിപ്പിച്ചതിന്റെ പേരില്‍ 1944 മാര്‍ച്ച് 24-നാണ് നാസികള്‍ ഉല്‍മ കുടുംബത്തെ കൊലപ്പെടുത്തിയത്. ബൈബിളിലെ നല്ല സമരിയാക്കാരന്റെ ഉപമയെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഉല്‍മ ദമ്പതികള്‍ നടത്തിയ ഇടപെടല്‍. കൊല്ലപ്പെട്ട 7 മക്കളില്‍ ഏറ്റവും മൂത്തയാള്‍ക്ക് 8 വയസ്സും, ഏറ്റവും ഇളയ ആള്‍ രക്തസാക്ഷിത്വത്തിന്റെ സമയത്ത് വിക്ടോറിയ ജന്മം നല്‍കിയ പിഞ്ചുകുഞ്ഞുമായിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-20 16:21:00
Keywordsഉല്‍മ, പോളണ്ട
Created Date2023-09-20 16:22:16