Content | മെക്സിക്കോ സിറ്റി: സ്റ്റേറ്റ് ഓഫ് മെക്സിക്കോ സംസ്ഥാനത്ത് ഭ്രൂണഹത്യ കുറ്റകരമല്ലാതാക്കി മാറ്റുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം അറിയിച്ച് പ്രോലൈഫ് സമൂഹം. ഇത് സംബന്ധിച്ചു പതിനാറായിത്തോളം പേര്‍ ഒപ്പിട്ട കത്ത് പ്രാദേശിക കോണ്‍ഗ്രസിന് സമര്‍പ്പിച്ചു. നാഷ്ണല്‍ ഫ്രണ്ട് ഫോര്‍ ഫാമിലി അംഗങ്ങളും മറ്റ് പൊതുസംഘടനകളുമാണ് ഒപ്പ് ശേഖരണം നടത്തിയത്. മെക്സിക്കോയില്‍ ജീവനെ സംരക്ഷിക്കുന്ന നിയമ ചട്ടക്കൂടിനെ ഏകാധിപത്യപരമായി ഒരൊറ്റ ചിന്തയുടെ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തുവാന്‍ ശ്രമിക്കുന്നതും ‘സ്ത്രീകളുടെ അവകാശം’ എന്ന പേരില്‍ ഭ്രൂണഹത്യയെന്ന തിന്മയെ പ്രോത്സാഹിപ്പിക്കുവാന്‍ ശ്രമിക്കുന്നതും തെറ്റാണെന്നു പൊതുസംഘടനകള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
‘ആക്റ്റിവേറ്റ്’ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയാണ് ഒപ്പുകള്‍ ശേഖരിച്ചത്. സംസ്ഥാന കോണ്‍ഗ്രസിന്റെ പാര്‍ലമെന്റില്‍ തുറന്ന സമ്മേളനം വിളിച്ചുകൂട്ടണമെന്നും, വിദഗ്ദരെ ഭ്രൂണഹത്യയെക്കുറിച്ചുള്ള അഭിപ്രായം പറയുവാന്‍ സമ്മേളനത്തില്‍ അനുവദിക്കണമെന്നും ഒപ്പിട്ടവര്‍ ആവശ്യപ്പെട്ടു. അതേസമയം സുപ്രീം കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഓഫ് ഡി നേഷന്‍ (എസ്.സി.ജെ.എന്‍) ഒന്നാം ചേംബറിന്റെ സമീപകാല പ്രമേയത്തോടുള്ള പ്രതികരണമെന്ന നിലയില്‍ വരുംദിവസങ്ങളില്‍ ഭ്രൂണഹത്യ കുറ്റകരമല്ലാതാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യുമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
പുതിയ പ്രമേയം വഴി സ്റ്റേറ്റ് ഓഫ് മെക്സിക്കോക്ക് കൂടുതല്‍ മരണങ്ങളുടെയോ, ധ്രുവീകരണ പ്രത്യയശാസ്ത്രങ്ങളുടെയോ ആവശ്യമില്ലെന്നും ജീവന്റെ പരിപാലനവും, വിദ്യാഭ്യാസവും, ആരോഗ്യവും, നീതിയും, മെക്സിക്കന്‍ ജനതക്കുള്ള തൊഴിലുമാണ് സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ളതെന്നും നാഷ്ണല്‍ ഫ്രണ്ട് ഫോര്‍ ഫാമിലി പറയുന്നു. സ്റ്റേറ്റ് ഓഫ് മെക്സിക്കോ കോണ്‍ഗ്രസിനു മുന്നില്‍ സംഘടിപ്പിച്ച പ്രകടനത്തില്‍വെച്ച് ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ കൊന്നൊടുക്കുവാനും, വിപരീതഫലങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കുവാന്‍ നിര്‍ബന്ധിക്കുന്നതിനും തുടര്‍ച്ചയായി നടന്നുവരുന്ന ശ്രമങ്ങളെ പൊതുസംഘടനകള്‍ അപലപിച്ചു.
മെക്സിക്കന്‍ ജനതയുടെ പുരോഗതിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. നാഷണല്‍ പബ്ലിക് സെക്യൂരിറ്റി സിസ്റ്റത്തിന്റെ എക്സിക്യുട്ടീവ് സെക്രട്ടറിയേറ്റിന്റെ കണക്കുകള്‍ പ്രകാരം സ്ത്രീഹത്യ, പീഡനം, തട്ടിക്കൊണ്ടുപോകല്‍, ചൂഷണം, പെണ്‍വാണിഭം, ബലാല്‍സംഗം എന്നീ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും സ്റ്റേറ്റ് ഓഫ് മെക്സിക്കോയാണ് രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നത്. |