Content | വത്തിക്കാൻ സിറ്റി: നമുക്കുള്ളവ പട്ടിണിപ്പാവങ്ങളുമായി പങ്കുവയ്ക്കുക നീതിയുടെ അനിവാര്യതയാണെന്നും ഭക്ഷണം പാഴാക്കുന്നത് പാവപ്പെട്ടവരോടു ചെയ്യുന്ന ദ്രോഹമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഭക്ഷണം പാഴാക്കിക്കളയുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ അവബോധം ജനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സെപറ്റംബർ 29-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ പ്രത്യേക ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷി സംഘടനയുടെ മേധാവി കു ദോംഗ്യൂ-ന് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഭക്ഷണം വലിച്ചെറിയുന്നത് ദരിദ്രരോടുള്ള നിന്ദനമാണെന്ന ബോധ്യം നമ്മിൽ ശക്തിപ്പെടണം. ആവശ്യത്തിലിരിക്കുന്നവരോടുള്ള നീതിബോധമാണ് ഓരോരുത്തരെയും മനോഭാവത്തിലും പെരുമാറ്റത്തിലും സുവ്യക്തമായ മാറ്റത്തിലേക്ക് പ്രചോദിപ്പിക്കേണ്ടതെന്നും പാപ്പ കൂട്ടിച്ചേർത്തു. ഭക്ഷണത്തിന്റെ മൂല്യത്തെ വികലമാക്കുകയും അതിനെ ഒരു വിനിമയ ചരക്കായി ചുരുക്കുകയും ചെയ്യുന്ന ആധിപത്യ സംസ്കാരത്തെ പാപ്പ തന്റെ സന്ദേശത്തിൽ അപലപിച്ചു. എല്ലാവർക്കും വേണ്ടത്ര ഭക്ഷണം നൽകാൻ ഭൂമിക്ക് കഴിയാതെ വരുന്നതിന്റെ കാരണം ലോക ജനസംഖ്യയുടെ വളർച്ചയല്ല. പ്രകൃതി നമുക്കു പ്രദാനം ചെയ്യുന്നവയുടെ ഗുണഭോക്താക്കാൾ എല്ലാവരുമാകത്തക്കവിധം ആ ഭൂവിഭവങ്ങൾ പുനർവിതരണം ചെയ്യാനുള്ള ഇച്ഛാശക്തിയുടെ അഭാവമാണ് വാസ്തവത്തിൽ അതിനു കാരണമെന്നും പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. |