Content | കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്ത് നിന്നും ഇസ്ലാമിക തീവ്രവാദികൾ മുപ്പതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയി. ചിക്കുരിയിലെ, ചിക്കുൻ കൗണ്ടിയിലെ കൃഷി സ്ഥലത്ത് രാവിലെ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് തീവ്രവാദികൾ ഇവിടേയ്ക്ക് എത്തി ക്രൈസ്തവരെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടു പോയത്. ചിക്കുരിയിലെ ക്രൈസ്തവ സമൂഹത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും തട്ടികൊണ്ടുപോയവരെ കുറിച്ച് യാതൊരു വിവരവുമില്ലായെന്നും പ്രദേശവാസിയായ വിക്ടർ ഡാബോ മോർണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.
തന്റെ അമ്മയും, സഹോദരിയും തട്ടിക്കൊണ്ടു പോയവരുടെ കൂട്ടത്തിൽ ഉണ്ടെന്ന് പ്രദേശത്തെ താമസിക്കുന്ന ഡോഗാര പീറ്റർ പറഞ്ഞു. അവരെ തട്ടിക്കൊണ്ടുപോയ തീവ്രവാദികൾ 24 മണിക്കൂറിനു ശേഷവും ബന്ധപ്പെട്ടിട്ടില്ല. എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനമെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ക്രൈസ്തവരുള്ളത്. ഇത് മൂന്നാമത്തെ തവണയാണ് ഇവിടെയുള്ള ക്രൈസ്തവ സമൂഹത്തെ തീവ്രവാദികൾ അക്രമിക്കുന്നതെന്നും പീറ്റർ പറഞ്ഞു. നേരത്തെ ആളുകളെ തട്ടിക്കൊണ്ടുപോയ രണ്ട് സംഭവങ്ങളിലും പണം ആവശ്യപ്പെട്ടതുപോലെ ഇത്തവണ തുക ആവശ്യപ്പെട്ടാൽ അത് നൽകാൻ തങ്ങളുടെ കൈയില്‍ ഇല്ലായെന്നും തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാൻ ഭരണകൂടം ഇടപെടൽ നടത്തണമെന്നും ഡോഗാര പീറ്റർ അഭ്യർത്ഥിച്ചു.
ക്രൈസ്തവ സംഘടനയായ ഓപ്പൺ ഡോർസിന്റെ 2023 വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം 2022ൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ട രാജ്യം നൈജീരിയയാണ്. 5014 പേരാണ് നൈജീരിയയിൽ കൊലചെയ്യപ്പെട്ടത്. ക്രൈസ്തവർ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ട് പോകലിനും, നിർബന്ധിത വിവാഹത്തിനും, ലൈംഗിക അതിക്രമത്തിനും ഇരയാക്കപ്പെട്ട രാജ്യവും നൈജീരിയയാണ്.ഇസ്ലാമിക തീവ്രവാദ സംഘടനകളായ ബോക്കോ ഹറാം, ഫുലാനികൾ, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്നിവയിൽനിന്നാണ് കൂടുതലായി ക്രൈസ്തവർ ഭീഷണി നേരിടുന്നത്. |