Content | ഇസ്ലാമാബാദ്: ക്രിസ്തുരാജന്റെ തിരുനാള്‍ ദിനമായ നവംബര്‍ 26 മുതല്‍ ഒരു വര്‍ഷത്തേക്ക് അല്‍മായ വര്‍ഷമായി ആചരിക്കാന്‍ പാക്ക് സഭ. 2023-2024 അല്‍മായ വര്‍ഷമായി ആചരിക്കുവാന്‍ പാക്കിസ്ഥാനിലെ ഇസ്ലാമാബാദ്-റാവല്‍പിണ്ടി അതിരൂപതയാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് അതിരൂപതയിലെ എല്ലാ ഇടവകകളിലേക്കും പ്രാദേശിക ദേവാലയങ്ങളിലേക്കും മെത്രാപ്പോലീത്ത കത്തയച്ചു. കുടുംബത്തിലും ജോലിസ്ഥലത്തും പാകിസ്ഥാനിലെ സാധാരണക്കാരുടെ വ്യക്തിത്വം, തൊഴില്‍, ദൗത്യം, സാക്ഷ്യം എന്നിവ സംരക്ഷിക്കുന്നതിനും നീതിയും, യോജിപ്പുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് അത്മായ വര്‍ഷം ആചരിക്കുന്നതെന്നു ഇസ്ലാമാബാദ് - റാവല്‍പിണ്ടി ആര്‍ച്ച് ബിഷപ്പ് ജോസഫ് ഇര്‍ഷാദ് പറഞ്ഞു.
ആരാധനാവര്‍ഷത്തില്‍ സന്യാസ സമൂഹങ്ങളും, സഭാ സ്ഥാപനങ്ങളും അത്മായരുടെ സഹായത്തോടെ കൂടുതല്‍ ക്രിയാത്മകമായ രീതിയില്‍ കോണ്‍ഫറന്‍സുകളും, കാരുണ്യ പരിപാടികളും സംഘടിപ്പിക്കണമെന്നു മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാവരേയും പ്രത്യേകിച്ച് പാവപ്പെട്ടവരെ സഹായിക്കുവാനുള്ള സഭയുടെ സുവിശേഷകപരമായ ദൗത്യത്തില്‍ അജപാലകര്‍ക്കും ഉത്തരവാദിത്തം നല്‍കണം. സമാധാനം ഉറപ്പുവരുത്തുവാനുമുള്ള ഉപകരണമായി സംഭാഷണത്തെ മാറ്റുക എന്നതിലാണ് അത്മായ വര്‍ഷം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
പാക്ക് ക്രിസ്ത്യന്‍ സമൂഹം വളരെ ചെറുതാണെങ്കിലും (മൊത്തം ജനസംഖ്യയുടെ 1.5%) പാകിസ്ഥാനില്‍ വിശ്വാസത്തിനും, അത്മായ സാന്നിധ്യത്തിനും, വിശ്വാസ സാക്ഷ്യങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ക്രൈസ്തവരില്‍ എഴുപതു ശതമാനത്തിലധികവും ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും, വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഇസ്ലാമാബാദ്-റാവല്‍പിണ്ടി അതിരൂപത നിരവധി ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളുമായി സാമൂഹ്യ സേവന, വിദ്യാഭ്യാസ, ആരോഗ്യപരിപാലന മേഖലകളില്‍ വളരെ സജീവമാണ്. വൈദികരുടെയും, സന്യസ്തരുടേയും അജപാലക പ്രവര്‍ത്തനങ്ങളില്‍ അല്‍മായ പ്രേഷിതര്‍ നല്‍കിയ സംഭാവനകള്‍ അത്മായ വര്‍ഷത്തില്‍ പ്രത്യേകം ഓര്‍മ്മിക്കണം. വൈദികര്‍ ഇല്ലാത്ത വിദൂര മേഖലകളില്‍ അത്മായ പ്രേഷിതരാണ് വിശ്വാസം നിലനിര്‍ത്തുന്നതെന്നും ബിഷപ്പ് സ്മരിച്ചു.
ജീസസ് യൂത്ത്, ദി ഫോക്കോലേര്‍ മൂവ്മെന്റ്, സാന്ത് എജിഡോ കമ്മ്യൂണിറ്റി, നിയോകാറ്റെക്ക്യുമെനല്‍ വേ, കരിസ്മാറ്റിക് പ്രസ്ഥാനം, സെക്കുലര്‍ ഫ്രാന്‍സിസ്കന്‍ ഓര്‍ഡര്‍ തുടങ്ങിയ അല്‍മായ സംഘടനകളുടെ സഹായത്തോടെ സഭയുടെ ജീവിതത്തിലും ദൗത്യത്തിലും അത്മായര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുവാനാണ് പ്രത്യേക അജപാലക വര്‍ഷം കൊണ്ട് ലക്ഷ്യമിടുന്നത്. സമീപ വര്‍ഷങ്ങളില്‍ അല്‍മാമായരുടെ സഹായത്തോടെ സുവിശേഷവല്‍ക്കരണം, മാസ് മീഡിയ, ഡിജിറ്റല്‍ മേഖല എന്നിവയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുവാന്‍ പാക്ക് സഭക്ക് കഴിഞ്ഞിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ മേഖലയായ ഇസ്ലാമാബാദ് റാവല്‍പിണ്ടി അതിരൂപതയില്‍ 24 ഇടവകകളിലായി 2,20,000 കത്തോലിക്ക വിശ്വാസികളാണുള്ളത്. |