category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജെറുസലേമിൽ അർമേനിയൻ ക്രൈസ്തവരുടെ സ്ഥലം ഏറ്റെടുക്കാൻ ശ്രമം: എതിർപ്പുമായി ക്രൈസ്തവ നേതാക്കൾ
Contentജെറുസലേം: ജെറുസലേമിൽ അർമേനിയൻ ക്രൈസ്തവരുടെ സ്ഥലം ഏറ്റെടുക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ ജെറുസലേമിലെ ക്രൈസ്തവ സഭാ നേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കി. ഇവർ തിങ്ങിപ്പാർക്കുന്ന പഴയ ജെറുസലേം നഗരത്തിലെ പ്രദേശത്തെ അർമേനിയൻ ക്വാർട്ടർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഓട്ടോമൻ തുർക്കികളാണ് അതിർത്തി നിശ്ചയിച്ചു നൽകിയത്. എന്നാൽ ഇപ്പോൾ അർമേനിയൻ ക്രൈസ്തവരുടെ കൈവശമുള്ള ഇരുപത്തിയഞ്ച് ഏക്കറോളം ഭൂമി ആഡംബര ഹോട്ടൽ തുടങ്ങാൻ പാട്ടത്തിന് ഏറ്റെടുക്കാനുള്ള ശ്രമമാണ് വിവാദമായി മാറിയിരിക്കുന്നത്. ജെറുസലേമിലെ അർമേനിയൻ സഭയുടെ തലവൻ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാട്ടം നൽകാമെന്ന് സമ്മതിക്കുന്ന ഒരു കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ സർവ്വേ ഓഫീസർമാർ പ്രദേശത്ത് എത്തിയ സമയത്താണ് തങ്ങൾ ഈ വിവരമറിയുന്നതെന്ന് അർമേനിയൻ വിശ്വാസി സമൂഹം പ്രതികരിച്ചു. താൻ കബളിപ്പിക്കപ്പെട്ടുവെന്നും, പാട്ടക്കരാർ റദ്ദാക്കാൻ ഉള്ള ശ്രമം ആരംഭിച്ചതായും അർമേനിയന്‍ സഭയുടെ ജെറുസലേമിലെ തലവൻ വിശ്വാസി സമൂഹത്തോട് വെളിപ്പെടുത്തി. കരാറിന് രൂപം നൽകുന്നതിന് വേണ്ടി പ്രവർത്തിച്ച വൈദികനെ സഭാ സിനഡ് മെയ് മാസം പൗരോഹിത്യത്തിൽ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാൽ നിയമ പോരാട്ടം നിലനിൽക്കുന്നതിനിടയിൽ തന്നെ സ്ഥലം ഏറ്റെടുക്കാൻ വന്നവർ ബുൾഡോസറുകളുമായി സ്ഥലത്ത് എത്തുകയും അവിടെയുള്ള കാറുകൾ പാർക്ക് ചെയ്യുന്ന സ്ഥലം തകർത്തുകളയാൻ ശ്രമം നടത്തുകയും ചെയ്തു. ഇതിനിടയിൽ പ്രതിഷേധക്കാരും ഇവിടേക്ക് എത്തി. ഇപ്പോഴത്തെ സംഭവവികാസങ്ങൾ ജെറുസലേമിലെ ക്രൈസ്തവരുടെ സാന്നിധ്യത്തിന് ഭീഷണി സൃഷ്ടിക്കുകയും, ക്രൈസ്തവരുടെ വിശുദ്ധ നാട്ടിലെ സാന്നിധ്യം ദുർബലമാക്കുകയും ചെയ്യുമെന്ന ആശങ്കയാണ് ക്രൈസ്തവ നേതാക്കൾ പ്രസ്താവനയിൽ പങ്കുവെച്ചിരിക്കുന്നത്. ഇസ്രായേലി - ഓസ്ട്രേലിയൻ യഹൂദനായ ഡാനി റൂബൻസ്റ്റിൻ എന്ന ബിസിനസുകാരനാണ് ഈ സ്ഥലം പാട്ടത്തിന് എടുക്കാൻ പണം ചെലവാക്കിയിരിക്കുന്നതെന്ന് അർമേനിയന്‍ സമൂഹം പറയുന്നു. ലോകത്ത് ആദ്യമായി പൂര്‍ണ്ണമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച രാജ്യം അർമേനിയയാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-20 20:38:00
Keywordsജെറുസലേ
Created Date2023-11-20 20:38:27