category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനാരായണ്‍പൂര്‍ സംഘര്‍ഷത്തിന് ഒരു വര്‍ഷം: മരണപ്പെട്ടവരെ അടക്കം ചെയ്യുന്നതിന് പോലും സമ്മതിക്കുന്നില്ലെന്ന് ഛത്തീസ്ഗഡിലെ ആദിവാസി ക്രൈസ്തവര്‍
Contentനാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ആദിവാസി ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ സംഘര്‍ഷത്തിന് ഒരു വര്‍ഷം തികയുവാന്‍ പോകുന്ന സാഹചര്യത്തിലും തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ലെന്ന പരാതിയുമായി ആദിവാസി ക്രൈസ്തവര്‍. മരണപ്പെട്ട തങ്ങളുടെ കുടുംബാംഗങ്ങളെ സ്വന്തം ഗ്രാമത്തില്‍ അടക്കം ചെയ്യുന്നതിനു പോലും അനുവദിക്കുന്നില്ലെന്നാണ് ആദിവാസി ക്രൈസ്തവര്‍ പറയുന്നത്. 2018-ല്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച സുഖ്റാം സലാം എന്ന ആദിവാസി കൃഷിക്കാരന്‍ അടുത്തിടെ മരണപ്പെട്ടു. മതിയായ രേഖകളുള്ള സ്വന്തം കൃഷിയിടത്തില്‍ തന്നെ അടക്കം ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന ആഗ്രഹം. എന്നാല്‍ അദ്ദേഹത്തിന്റെ മൃതശരീരം സ്വന്തം കൃഷിയിടത്തിലോ ഗ്രാമത്തില്‍പോലുമോ അടക്കം ചെയ്യുവാന്‍ കഴിഞ്ഞില്ലെന്നും ആദിവാസി ഹിന്ദുക്കളുടെ എതിര്‍പ്പ് കാരണം അദ്ദേഹത്തിന്റെ മൃതദേഹം പോലീസ് കൊണ്ടുപോയി തങ്ങളുടെ സമ്മതമില്ലാതെ അടക്കം ചെയ്തുവെന്നുമാണ് അദ്ദേഹത്തിന്റെ സഹോദരിയും മക്കളും പറയുന്നത്. തങ്ങള്‍ക്ക് മൃതദേഹം അടക്കം ചെയ്യുന്നതിന് ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും കോലിയാരി ഗ്രാമത്തിലെ ആദിവാസി ക്രിസ്ത്യാനികള്‍ പറയുന്നു. ഗ്രാമത്തില്‍ തങ്ങള്‍ വെറും 29 ക്രിസ്ത്യാനികള്‍ മാത്രമാണ് ഉള്ളതെന്നും തങ്ങള്‍ പ്രതിഷേധിച്ചുവെങ്കിലും പോലീസ് തങ്ങളെ സഹായിക്കുന്നതിന് പകരം അവര്‍ കുടുംബത്തിന്റെ അനുവാദമില്ലാതെ മൃതദേഹം ബലമായി കൊണ്ടുപോവുകയായിരുന്നുവെന്നും മരണപ്പെട്ട സലാമിന്റെ സുഹൃത്തായ രാജു കൊറാം പറഞ്ഞു. മൃതദേഹം അടക്കം ചെയ്യുന്നത് തടഞ്ഞ ഹിന്ദുക്കളില്‍ ചിലര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്നും, ചിലരെ നാരായണ്‍പൂര്‍ പോലീസും, ജില്ലാ അധികാരികളും ബലമായി പിടിച്ചുകൊണ്ടുപോയെന്നും കൊറാം വെളിപ്പെടുത്തി. പോലീസ് കൊണ്ടുപോയ സലാമിന്റെ മൃതദേഹം നവംബര്‍ 20-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യം കൂടാതെ നാരായണ്‍പൂര്‍ ജില്ലാകേന്ദ്രത്തിലെ ശ്മശാനത്തില്‍ അടക്കം ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ അനുവാദത്തോടെയാണ് അടക്കം ചെയ്യുന്നതെന്ന് കാണിക്കുന്ന പേപ്പറില്‍ ഒപ്പിടുവാന്‍ ജില്ലാ അധികാരികള്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും കൊറാം ആരോപിച്ചു. ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചിരുന്നുവെങ്കില്‍ മൃതദേഹം അടക്കം ചെയ്യുവാന്‍ സമ്മതിക്കുമായിരുന്നുവെന്നാണ് ഹിന്ദുത്വവാദികള്‍ പറയുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആദിവാസി ക്രൈസ്തവര്‍ ക്രിസ്തു വിശ്വാസം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രാവശ്യം ക്രൈസ്തവര്‍ക്ക് നേരെ ആക്രമണ പരമ്പര നടത്തിയിട്ടുണ്ട്. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ നയിക്കുന്ന ജന്‍ജാതി സുരക്ഷാ മഞ്ച് പോലെയുള്ള സംഘടനകളാണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജില്ലാ അധികാരികളും, പോലീസും ഈ ആക്രമണങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. നവംബര്‍ 10-ന് മരണപ്പെട്ട മങ്കു സലാം, തൊട്ടടുത്ത ദിവസം മരണപ്പെട്ട നകുല്‍, റംഷീല, നവംബര്‍ 14-ന് മരണപ്പെട്ട സഞ്ചു സലാം എന്നീ ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ സ്വന്തം ഗ്രാമങ്ങളില്‍ അടക്കം ചെയ്യുവാന്‍ ഹിന്ദുക്കള്‍ സമ്മതിച്ചില്ലായെന്നും ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. ഛത്തീസ്ഗഡിലെ മൂന്നു കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 2 ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവര്‍. ഈ വര്‍ഷം ആരംഭത്തില്‍ നാരായണ്‍പൂര്‍, കൊണ്ടഗോണ്‍ ജില്ലകളിലായി ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആയിരത്തില്‍പരം ആദിവാസി ക്രൈസ്തവര്‍ ഭവനരഹിതരായിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-29 09:33:00
Keywordsഛത്തീസ്
Created Date2023-11-29 13:37:14