Content | കൊച്ചി: കേരള സഭാനവീകരണത്തിന്റെ രണ്ടാം ഘട്ടമായ 2024 'യുവജന വര്‍ഷമായി' ആചരിക്കാന്‍ തീരുമാനിച്ചു. 2023-ല്‍ ഡിസംബര്‍ 4,5,6 തീയതികളിലായി പാലാരിവട്ടം പിഒസിയില്‍വെച്ചു നടന്ന കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സമ്മേളനാനന്തരം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്റെയും ചൈതന്യമാണ്. സഭ അവരെ നെഞ്ചോടു ചേര്‍ത്തുപിടിക്കണമെന്നും കെസിബിസി നേതൃത്വം ആഹ്വാനം ചെയ്തു.
കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ തങ്ങളുടെ ദൗത്യം സമൂഹത്തില്‍ നിര്‍വ്വഹിക്കുന്നതിനും രാഷ്ട്രനിര്‍മ്മാണത്തില്‍ ഗൗരവതരമായ ഇടപെടല്‍ നടത്തുന്നതിനും യുവജനങ്ങള്‍ക്കാകണം. ശാസ്ത്രം, വിശ്വാസം, രാഷ്ട്രീയം, സാഹിത്യം, കല, അധ്യാപനം, സാമൂഹിക സേവനം, മാധ്യമം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിലുള്ള തങ്ങളുടെ നൈപുണി സമൂഹ നിര്‍മ്മിതിക്കുവേണ്ടി വ്യയം ചെയ്യുന്നതിലൂടെ യുവത്വം ഫലദായകമായ കാലമാക്കുന്നതിന് അവര്‍ക്ക് സാധിക്കും. യുവജനങ്ങളുടെ ബൗദ്ധിക സമ്പത്ത് രാജ്യത്തിനു നഷ്ടമാകാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടുന്നതിന് ഭരണാധികാരികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കെസിബിസി പ്രസ്താവനയില്‍ അറിയിച്ചു. |