category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമോൺ. ഡോ. ആന്റണി കൊഴുവനാൽ നിര്യാതനായി
Contentതാമരശ്ശേരി : താമരശ്ശേരി രൂപത വൈദികനും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകനുമായിരുന്ന മോൺ. ഡോ. ആന്റണി കൊഴുവനാൽ (79) നിര്യാതനായി. കുറച്ചുനാളുകളായി ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു ചികിത്സയിലായിരിന്നു. ഇന്നലെ മുക്കം അഗസ്ത്യൻമൂഴി സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽവെച്ചാണ് നിത്യസമ്മാനത്തിനായി വിളക്കപ്പെട്ടത്. ഭൗതിക ശരീരം ഇന്ന് (07.12.2023) വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.00 മണി വരെ ഇൗരൂടുള്ള വിയാനി വൈദിക മന്ദിരത്തിൽ പൊതുദർശനത്തിനുവെക്കുന്നതാണ്. തുടർന്ന് കൂരാച്ചുണ്ടിലുള്ള ജ്യേഷ്ഠസഹോദര പുത്രനായ സജി കൊഴുവനാലിന്റെ ഭവനത്തിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്. സംസ്കാര കർമ്മങ്ങൾ നാളെ വെള്ളിയാഴ്ച (08.12.2023) രാവിലെ 09.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, 10.00 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെ, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ കാർമ്മികത്വത്തിൽ നടത്തുന്നതാണ്. 1944 സെപ്റ്റംബർ 8ന് കോട്ടയം കൊഴുവനാൽ പരേതരായ ദേവസ്യ - അന്നമ്മ ദമ്പതികളുടെ എട്ടു മക്കളിൽ നാലാമനായി ജനിച്ചു. കോട്ടയത്തുനിന്നും കൂരാച്ചുണ്ടിലേക്ക് കുടിയേറിയ കൊഴുവനാൽ കുടുംബത്തിലെ ബഹു. ആന്റണിയച്ചൻ തന്റെ പ്രാഥമിക വിദ്യാഭ്യാസം കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി. സ്കൂളിലും ഹൈസ്ക്കൂൾ വിദ്യാഭ്യാസം കുളത്തുവയൽ സെന്റ് ജോർജ്ജിലും പൂർത്തിയാക്കിയ ശേഷം 1963ൽ തലശ്ശേരി രൂപതയിലെ സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ ചേർന്ന് പഠനം ആരംഭിച്ചു. ആലുവ, സെന്റ് ജോസഫ് പൊന്റിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര - ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി, അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി 1972 ഡിസംബർ 27 ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് കൂരാച്ചുണ്ട് ഇടവകയിൽ വച്ച് വൈദികപട്ടം സ്വീകരിക്കുകയും തുടർന്ന് പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു. അവിഭക്ത തലശ്ശേരി രൂപതയിലെ മാനന്തവാടി, കണിയാരം ഇടവകയിൽ 1972ൽ അസിസ്റ്റന്റ് വികാരിയായും 1973ൽ തേർമല ഇടവകയിൽ വികാരിയായും സേവനമനുഷ്ഠിച്ചു. മാനന്തവാടി ഗിരിദീപം പ്രസ്സിന്റെ മാനേജരായി ഇക്കാലഘട്ടത്തിൽ സേവനം ചെയ്തു. തലശ്ശേരി അതിരൂപതയിലെ മതബോധന വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി 1975 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് ഉപരി പഠനത്തിനായി കാനഡയിലേക്ക് പോകുകയും 1981 - 85 കാലഘട്ടത്തിൽ ടൊറന്റോ സെന്റ് ജെയിംസ് ദൈവാലയത്തിൽ അസിസ്റ്റന്റ് വികാരിയായും തുടർന്ന് 1987 വരെ ടൊറന്റോ അതിരൂപതയിലെ സെന്റ് തോമസ് സിറിയൻ കമ്മ്യൂണിറ്റിയുടെ വികാരിയായും സേവനം ചെയ്തു. കാനഡ ടൊറന്റോ യൂണിവേഴ്സിറ്റിയിൽ നിന്നും "ഗാന്ധിയൻ രാഷ്ട്രീയ ചിന്തയും ക്രൈസ്തവ വിമോചന ദൈവശാസ്ത്രവും-ഒരു വിമർശനാത്മക പഠനം' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. സ്വദേശത്ത് തിരിച്ചെത്തിയ ആന്റണി അച്ചൻ വാലില്ലാപ്പുഴ, മുക്കം, മേരിക്കുന്ന്, തിരുവമ്പാടി, ചേവായൂർ എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. താമരശ്ശേരി രൂപതയുടെ അജപാലന കേന്ദ്രമായ മേരിക്കുന്ന് പി.എം.ഒ.സി.യുടെയും, അശരണർക്കും ആലംബഹീനർക്കും ആശ്രയമായ കരുണഭവന്റെയും ഉന്നത വിദ്യാഭ്യാസ പരീശീലനകേന്ദ്രമായ സ്റ്റാർട്ടിന്റെയും ആരംഭകനും ആദ്യ ഡയറക്ടറും ആയിരുന്നു. സീറോ മലബാർ ലിറ്റർജി കമ്മറ്റി അംഗവും സീറോ മലബാർ ലിറ്റർജി റിസർച്ച് അംഗവുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലുവ പൊന്തിഫിക്കൽ സെമിനാരിയുടെ ജേർണലായ മതവും ചിന്തയും എന്ന പ്രസിദ്ധീകരണത്തിന്റെ ആരംഭ എഡിറ്റർ ആയിരുന്നു. കർഷകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഫാമിന്റെ ആരംഭകനും നിലവിൽ ജനറൽ സെക്രട്ടറിയുമായിരുന്നു. കൊക്കോക്കോള, പാമോയിൽ എന്നിവയുടെ ബഹിഷ്കരണവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങൾക്ക് ആന്റണി അച്ചൻ നേതൃത്വം നൽകി. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആരംഭകാലം മുതൽ അതിന്റെ ചെയർമാനുമായിരുന്നു. കത്തോലിക്കാ സഭയ്ക്ക് നൽകിയ വിലപ്പെട്ട സേവനങ്ങൾ മാനിച്ച് 2017 ഏപ്രിൽ 29ന് ഫ്രാൻസീസ് മാർപാപ്പ "ചാപ്ലയിൻ ഒാഫ് ഹിസ് ഹോളിനസ്' എന്ന സ്ഥാനം നൽകി ഫാ. ആന്റണി കൊഴുവനാലിനെ മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തി. മിഷൻ ലീഗ് പുരസ്ക്കാരം, കോഴിക്കോട് കോർപറേഷന്റെ മംഗളപത്രം അടക്കം ഒട്ടേറെ പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. സഹോദരങ്ങൾ : ജോസഫ് (കൂരാച്ചുണ്ട്), തോമസ് (പെരുമ്പൂള), മറിയക്കുട്ടി (കൂരാച്ചുണ്ട്), അന്നക്കുട്ടി മലേപ്പറമ്പിൽ (കൂരാച്ചുണ്ട്), പാപ്പച്ചൻ (തെയ്യപ്പാറ), വക്കച്ചൻ (ചമൽ), സാലി മാളിയേക്കൽ (കണ്ണോത്ത്).
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-12-07 07:32:00
Keywordsതാമരശ്ശേരി
Created Date2023-12-07 07:32:28