Content | ടെല്‍ അവീവ്: ക്രിസ്തുമസിന് മുന്നോടിയായി ഇസ്രായേലിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.എസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ല്‍ ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ 1.3 ശതമാനത്തിന്റെ വര്‍ദ്ധനവ്. ഇസ്രായേലില്‍ നിലവില്‍ ഏതാണ്ട് 1,87,900 ക്രൈസ്തവര്‍ ഉണ്ടെന്നാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവന്ന കണക്കുകളില്‍ പറയുന്നത്. മൊത്തം ജനസംഖ്യയുടെ 1.9 ശതമാനത്തോളം വരുമിത്. അതേസമയം മധ്യപൂര്‍വ്വേഷ്യയില്‍ സമീപവര്‍ഷങ്ങളില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ഏക രാഷ്ട്രം ഇസ്രായേല്‍ മാത്രമാണെന്നാണ് ജനസംഖ്യാപരമായ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും അറബ് വംശജരാണെതും ശ്രദ്ധേയമാണ്.
ഇതില്‍ 70 ശതമാനവും രാജ്യത്തിന്റെ വടക്കന്‍ മേഖലയിലാണ് താമസിച്ചു വരുന്നത്. 13 ശതമാനം മെട്രോപ്പോളിറ്റന്‍ പ്രദേശമായ ഹായിഫായിലും. അറബ് മേഖലയിലെ കുറ്റകൃത്യങ്ങളില്‍ ഉണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്നു ഹായിഫ്, നസ്രത്ത് തുടങ്ങിയ ഇസ്രായേലി നഗരങ്ങളിലേക്കുള്ള അറബ് കുടിയേറ്റം വര്‍ദ്ധിച്ചിട്ടുണ്ടെന്നു ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ടാസ്പിറ്റ് പ്രസ്സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേലിലെ അറബ് വംശജരല്ലാത്ത ക്രൈസ്തവരില്‍ 36 ശതമാനത്തോളം ടെല്‍ അവീവിലും, മധ്യ ഇസ്രായേലിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇസ്രായേലില്‍ ക്രിസ്ത്യന്‍ സമൂഹം ഏറ്റവും കൂടുതലായി ഉള്ളത് നസ്രത്തിലാണ്. ഹായിഫ്, ജെറുസലേം, വടക്കന്‍ സിറ്റി, ഇഷ്ഫാം എന്നീ നഗരങ്ങള്‍ തൊട്ടുപിന്നിലുണ്ട്. അതേസമയം ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കൊലം വളരെ ലളിതമായരീതിയിലാണ് ഇസ്രായേലിലെ ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് ആഘോഷിക്കുക. ഇതിനിടെ ജെറുസലേം മുനിസിപ്പാലിറ്റി പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും സൗജന്യ ക്രിസ്തുമസ് ട്രീകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച ഏതാണ്ട് മുന്നൂറ്റിയന്‍പതോളം ട്രീകളാണ് ജെറുസലേം മുനിസിപ്പാലിറ്റി സൗജന്യമായി നല്‍കിയത്. |