Content | കുപ്രസിദ്ധ മത പീഢകനായ ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത്, A.D 304നോടടുത്ത്, സോഷ്യസ്, ഫെസ്റ്റസ്-എന്നീ ശെമ്മാശ്ശന്മാരോടും, തന്റെ ലെക്ടർ ആയിരുന്ന ഡെസിഡേറിയസ്സിനോടും കൂടെ അതിക്രൂരമായ ശാരീരിക ഉപദ്രവങ്ങൾ സഹിച്ച ധീരനായിരുന്നു ബെനിവെന്റം മെത്രാനായിരുന്ന ജനുയേറിയസ്.
പക്ഷെ ദൈവസഹായത്താൽ, ഇവരെല്ലാം അംഗഭംഗപ്പെടാതെ സംരക്ഷിക്കപ്പെട്ടു. അവരുടെ മുന്നിലേക്ക് തുറന്നു വിട്ട വന്യമൃഗങ്ങൾ ഇവരെ ആക്രമിച്ചില്ല.
പുട്ട്യോളിയിൽ വച്ച് ശിരഛേദനം ചെയ്യപ്പെട്ട ഇവരുടെ ശരീരങ്ങൾ തൊട്ടടുത്തുള്ള നഗരങ്ങളിൽ ബഹുമതികളോടെ സംസ്കരിച്ചു. ഇതിൽ, വിശുദ്ധ ജനുയേറിയസ്സിന്റെ തിരുശേഷിപ്പുകൾ, നേപ്പിൾസ് നഗരത്തിന്റെ വിലമതിക്കാനാവാത്ത സ്വത്തായി അവശേഷിക്കുന്നു.
വൈദികരുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരൽഭുതം ശ്രദ്ധാർഹമാണ്: “ഒരു ചെറു കുപ്പിയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ രക്തം, തലഭാഗത്തോട്ട് അടുപ്പിച്ച് പിടിച്ചാൽ അത് ദ്രാവകമായി മാറി, പതഞ്ഞു പൊങ്ങുവാൻ തുടങ്ങും, ഇപ്പോൾ ഒഴിച്ച രക്തം പോലെ, ഇത് ഇന്നും നടന്നു കൊണ്ടിരിക്കുന്നു”. 2015 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പാ നേപ്പിൾസ് കത്തീഡ്രലിൽ വച്ച് ഈ അൽഭുതം നേരിട്ട് കണ്ടു.
Liber Saeramentorum (Vol.8p233) എന്ന പുസ്തകത്തിൽ കർദ്ദിനാൾ ഷൂസ്റ്റർ ഈ അൽഭുതത്തെപറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു. “രക്തം ദ്രാവകമാകുന്ന ഈ അൽഭുതക്കാഴ്ച വളരെ അടുത്ത് നിന്ന് ഈ ഗ്രന്ഥകാരൻ കണ്ടിട്ടുണ്ട്; ഈ സത്യം സാക്ഷ്യപ്പെടുത്തുകയും ചെയ്യാം. പലവിധ ശാസ്ത്രീയ പരിശോധനകളും നടത്തിയിട്ടുണ്ടങ്കിലും, ഈ പ്രതിഭാസത്തിന് ഒരു ഭൗതിക വിശദീകരണം അസാദ്ധ്യമായിഃ അവശേഷിക്കുന്നു.”
|