category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നീ തനിച്ചല്ല, ക്രിസ്തു മനുഷ്യാവതാരം ചെയ്തത് നിനക്കു വേണ്ടിയാണ്: ക്രിസ്തുമസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാൻ സിറ്റി: ഭയത്തിൽ നിന്ന് മോചിപ്പിക്കാനും കഷ്ടപ്പെടുകളിൽ നിന്ന് പിടിച്ചുയർത്താനും അവിടുത്തെ മുന്നിൽ നിനക്ക് മറ്റെന്തിനെക്കാളും മൂല്യമുണ്ടെന്ന് കാണിച്ചുതരാനും ശിശുവിൻറെ പിഞ്ചുകരം നിനക്കു നീട്ടിത്തരുകയാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ക്രിസ്തുമസ് ദിനത്തില്‍ റോമ നഗരത്തിനും ലോകത്തിന് മുഴുവനുമായുള്ള ഉര്‍ബി ഏത്ത് ഓര്‍ബി സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. "നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു" (ലൂക്കാ 2:11) ബെത്‌ലഹേമിലെ ആകാശത്തിൽ മുഴങ്ങിയ മാലാഖയുടെ വാക്കുകളാണിത്. അത് നമ്മോടുമുള്ളതാണ്. കർത്താവ് നമുക്കുവേണ്ടിയാണ് ജനിച്ചത് എന്നറിയുന്നത്, പിതാവിന്റെ നിത്യ വചനം, അനന്ത ദൈവം നമ്മുടെ മദ്ധ്യേ വസിക്കുന്നു എന്നറിയുന്നത്, നമ്മിൽ ആത്മവിശ്വാസവും പ്രത്യാശയും നിറയ്ക്കുകയാണെന്നും പാപ്പ പറഞ്ഞു. ഇന്ന് ബെത്‌ലഹേമിൽ ഭൂമിയുടെ അന്ധകാരത്തിനിടയിൽ അണയാത്ത നാളം ജ്വലിച്ചു. "എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന" (യോഹന്നാൻ 1.9) ദൈവത്തിൻറെ വെളിച്ചം ഇന്ന്, ലോകത്തിൻറെ അന്ധകാരത്തിന്മേൽ പ്രബലമാണ്. ഈ കൃപയിൽ നമുക്ക് സന്തോഷിക്കാം. വിശ്വാസവും ഉറപ്പും നഷ്ടപ്പെട്ടവരേ, സന്തോഷിക്കുക, കാരണം നീ തനിച്ചല്ല: ക്രിസ്തു ജനിച്ചത് നിനക്കുവേണ്ടിയാണ്. പ്രത്യാശ നഷ്ടപ്പെട്ട നീ, സന്തോഷിക്കുക. കാരണം ദൈവം നിന്റെ നേർക്കു കൈ നീട്ടിയിരിക്കുന്നു: അവൻ നിനക്കെതിരെ വിരൽ ചൂണ്ടുകയല്ല, മറിച്ച് നിന്നെ ഭയത്തിൽ നിന്ന് മോചിപ്പിക്കാനും കഷ്ടപ്പെടുകളിൽ നിന്ന് പിടിച്ചുയർത്താനും അവൻറെ മുന്നിൽ നിനക്ക് മറ്റെന്തിനെക്കാളും മൂല്യമുണ്ടെന്ന് കാണിച്ചുതരാനും ശിശുവിൻറെ പിഞ്ചുകരം നിനക്കു നീട്ടിത്തരുന്നു. ഹൃദയത്തിൽ സമാധാനം കണ്ടെത്താനാവാത്ത നീ സന്തോഷിക്കുക, എന്തെന്നാൽ നിനക്കായി ഏശയ്യായുടെ പ്രവചനം നിറവേറിയിരിക്കുന്നു: "നമുക്കായി ഒരു ശിശു പിറന്നിരിക്കുന്നു, നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടു. അവന്റെ നാമം പരിശുദ്ധമാണ്. സമാധാനത്തിൻറെ രാജകുമാരൻ. അവൻറെ രാജ്യത്തിന് അന്ത്യമില്ല''. വിശുദ്ധ ഗ്രന്ഥത്തിൽ, സമാധാനത്തിൻറെ രാജകുമാരനെ "ഈ ലോകത്തിൻറെ രാജകുമാരൻ" എതിർക്കുന്നു (യോഹന്നാൻ 12.31). മരണം വിതച്ചുകൊണ്ട്, "ജീവനെ സ്നേഹിക്കുന്ന" (ജ്ഞാനം 11.26) കർത്താവിനെതിരെ പ്രവർത്തിക്കുന്നു. അവൻ പ്രവർത്തനനിരതനാകുന്നതാണ്. രക്ഷകന്റെ ജനനാന്തരം ബെത്ലഹേമിൽ ശിശുക്കൾ വധിക്കപ്പെടുന്ന ദുരന്തം അരങ്ങേറുമ്പോൾ, നാം കാണുന്നത്. ലോകത്തിൽ നിരപരാധികളുടെ എത്രയെത്ര കൂട്ടക്കുരുതികൾ നടക്കുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ, പ്രത്യാശ തേടിയുള്ള പ്രത്യാശരഹിതരുടെ വഴികളിൽ, യുദ്ധത്താൽ ബാല്യകാലം തകർന്ന നിരവധി കുട്ടികളുടെ ജീവിതത്തിൽ. അവരാണ് ഇന്നത്തെ ഉണ്ണിയേശുമാർ. ആകയാൽ സമാധാന രാജനോട് "അതെ" എന്ന് പറയുക എന്നതിനർത്ഥം യുദ്ധത്തോട്, എല്ലാ യുദ്ധങ്ങളോടും, യുദ്ധത്തിന്റെ യുക്തിയോടു തന്നെ “ഇല്ല” എന്നു പറയുകയാണ്. യുദ്ധം ലക്ഷ്യമില്ലാത്ത യാത്രയും അക്ഷന്തവ്യ ഭ്രാന്തുമാണ്. യുദ്ധത്തോട് "ഇല്ല" എന്ന് പറയാൻ ആയുധങ്ങളോട് "ഇല്ല" എന്ന് പറയണം. കാരണം, ചഞ്ചലവും മുറിവേറ്റതുമായ ഹൃദയമുള്ള മനുഷ്യൻ സ്വന്തം കരങ്ങളിൽ മരണത്തിൻറെ ഉപകരണങ്ങൾ കണ്ടെത്തിയാൽ, ഇപ്പോഴല്ലെങ്കിൽ പിന്നീട് അവൻ അവ ഉപയോഗിക്കും. ആയുധങ്ങളുടെ ഉൽപ്പാദനവും വിൽപ്പനയും വ്യാപാരവും വർദ്ധിച്ചാൽ എങ്ങനെ സമാധാനത്തെക്കുറിച്ച് സംസാരിക്കാനാകും? ഹേറോദേസിൻറെ കാലത്തെന്നപോലെ ഇന്നും, ദൈവിക വെളിച്ചത്തെ ചെറുക്കുന്ന തിന്മയുടെ ഗൂഢാലോചനകൾ കാപട്യത്തിന്റെയും മറച്ചുവെക്കലിൻറെയും നിഴലിൽ നീങ്ങുന്നു. കാതടപ്പിക്കുന്ന നിശബ്ദതയിൽ, പലരും അറിയാതെ എത്രയെത്ര സായുധ കൂട്ടക്കൊലകൾ നടക്കുന്നു. ആയുധങ്ങളല്ല, അന്നം വേണ്ടവരും, മുന്നോട്ടു പോകാൻ പാടുപെടുകയും സമാധാനം ആവശ്യപ്പെടുകയും ചെയ്യുന്നവരുമായ ജനം, ആയുധങ്ങൾക്കായി എത്രമാത്രം പൊതുപണം നീക്കിവയ്ക്കപ്പെട്ടിട്ടുണ്ട് എന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എങ്കിലും അവർ അതറിയണം. യുദ്ധങ്ങളുടെ ചരടുകൾ വലിക്കുന്ന താൽപര്യങ്ങളും ലാഭവും എന്തെന്ന് വെളിവാക്കപ്പെടേണ്ടതിന് അതിനെക്കുറിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്യണമെന്നും പാപ്പ പറഞ്ഞു. രക്ഷകനും സമാധാനത്തിൻറെ രാജകുമാരനുമായ അവന് നമ്മുടെ ഹൃദയം തുറക്കാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള പാപ്പയുടെ ഉര്‍ബി ഏത് ഓര്‍ബി സന്ദേശവും ആശീര്‍വാദവും സ്വീകരിക്കാന്‍ ആയിരങ്ങളാണ് സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ എത്തിച്ചേര്‍ന്നിരിന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=EzF7FXOjzUE
Second Video
facebook_link
News Date2023-12-26 12:10:00
Keywordsപാപ്പ
Created Date2023-12-26 12:11:02