Content | ലിസ്ബണ്‍: നാശനഷ്ടങ്ങളിൽനിന്നു വീണ്ടെടുക്കപ്പെട്ട വസ്തുക്കളുടെ പുനര്‍നിർമാണം വഴി കലാസൃഷ്ടികൾ നിർമ്മിച്ച് ദുരിതമനുഭവിക്കുന്ന പീഡിത ക്രൈസ്തവരെ സഹായിക്കുന്ന പോർച്ചുഗല്‍ സ്വദേശിയായ തൊണ്ണൂറ്റിയേഴ് വയസ്സുള്ള കലാകാരി ശ്രദ്ധ നേടുന്നു. കുപ്പക്കൂനയിലേക്കു വലിച്ചെറിയപ്പെടേണ്ട വസ്‌തുക്കളിൽനിന്ന് വിശുദ്ധരുടെ പരമ്പരാഗത പോർച്ചുഗീസ് ചിത്രങ്ങൾ നിർമ്മിക്കുന്ന മരിയ അൻറ്റോണിയ കബ്രാൾ എന്ന സ്ത്രീയാണ് തന്റെ കലാസൃഷ്ടികൾ വിൽക്കുന്നതിലൂടെ സഹായധനം കണ്ടെത്തുന്നത്. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സംഘടനയുമായി സഹകരിച്ചാണ് മരിയ അൻറ്റോണിയയുടെ പദ്ധതി.
നിരാശാജനകമായ സാഹചര്യങ്ങൾ ഉള്ള ലോകത്തിൽ തന്നാലാവും വിധം സഹായിക്കാൻ ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുകയാണെന്ന് കബ്രാൾ പറയുന്നു. ലിസ്ബണിലെ ബെൻഫിക്കാ ടൗൺ ഹാളിൽവെച്ച് നടക്കാൻ പോകുന്ന ചിത്രകലാപ്രദർശനത്തിന് ഈ കലാകാരി തയ്യാറെടുക്കുകയാണ്. പരമ്പരാഗത പോർച്ചുഗീസ് ഭക്തിയുടെ പ്രധാന ഭാഗമായ പ്രാദേശികമായി 'രജിസ്‌റ്റോസ്' എന്ന് വിളിക്കപ്പെടുന്ന ഈ ചിത്രങ്ങൾ, ആദ്യമായി പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചവയുമാണ്.
പാഴ്‌വസ്തുക്കളിൽ നിന്ന് നിർമ്മിക്കപ്പെട്ട 'രജിസ്സ്‌റ്റോസ്'- പഴന്തുണികൾ, കർട്ടനുകൾ, തലയണകൾ അടിസ്ഥാന വസ്തുവായി ഉപയോഗിച്ച്, മിനുസമുള്ള കാർഡ്ബോർഡുകൾ ഫ്രെയ്മുകളായി ഉപയോഗിച്ച് നിർമ്മിക്കുന്നവയാണ്. രജിസ്റ്റോസിനോടുള്ള താല്പര്യം കൗമാരപ്രായത്തിൽ ആരംഭിച്ചതാണെന്ന് അൻറ്റോണിയ കബ്രാൾ പറയുന്നു. അമ്മയോടൊപ്പം ചന്തയിൽ പോകുമ്പോൾ മത്സ്യ കച്ചവടക്കാരുടെ സ്റ്റാളുകളിൽ ഫ്രെയിം ചെയ്ത പെട്ടികളിൽ ഉണ്ടായിരുന്ന ലളിതമായ, വിശുദ്ധരുടെ പരമ്പരാഗത കരകൗശല ചിത്രങ്ങൾ ഓർക്കുകയും പിന്നീട് അവ സ്വയം നിർമിക്കാൻ പഠിക്കുകയുമായിരിന്നുവെന്ന് അവര്‍ കൂടിച്ചേര്‍ത്തു.
വാസ്‌തുവിദ്യാരൂപകല്പനയിൽ ബിരുദം നേടിയ പോർച്ചുഗലിലെ ആദ്യത്തെ പത്ത് സ്ത്രീകളിൽ ഒരാളായി മിസ്സിസ് കബ്രാൾ പിന്നീട് മാറി. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരുടെ ദുരവസ്ഥയെ കുറിച്ച് മനസിലാക്കിയ കലാകാരിയ്ക്കു പരിസ്ഥിതിബോധമുള്ള 'റെജിസ്‌റ്റോസ്' നിർമിക്കാൻ പ്രചോദനം പകര്‍ന്നു. വർഷങ്ങൾക്ക് മുന്‍പാണ് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് തന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അത് തന്നെ ഏറെ സ്വാധീനിച്ചു. തന്റെ കൈവശമുള്ള നിരവധി രജിസ്സ്റ്റോസ്, ജ്ഞാനസ്നാനം, ജന്മദിനങ്ങൾ, വിവാഹങ്ങൾ തുടങ്ങി വിശേഷാവസരങ്ങൾക്ക് യോജിച്ചതാണെന്നും സ്വരൂപിച്ച പണം എസിഎൻ, പീഡിത ക്രൈസ്തവരുടെ ക്ഷേമത്തിന്നായുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും കൂട്ടിച്ചേർത്തു. |