Content | മനാഗ്വേ: നിക്കരാഗ്വേയിൽ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്‌ക്കെതിരെ തുടരുന്ന വേട്ടയാടലുകൾക്കിടെ ഒൻപത് നവ വൈദികരുടെ പൗരോഹിത്യ സ്വീകരണം. നിക്കരാഗ്വേയിലെ മനാഗ്വേ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലിയോപോൾഡോ ബ്രെനെസിൽ നിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്. ദനഹ തിരുനാൾ ദിനമായ ജനുവരി 6ന് നടന്ന വിശുദ്ധ കുർബാനയിലായിരുന്നു തിരുകർമ്മങ്ങൾ. പരിശുദ്ധ കന്യകയുടെയും വിശുദ്ധ സ്നാപക യോഹന്നാന്റെയും പ്രതിച്ഛായയിൽ കർത്താവിന്റെ യഥാർത്ഥ ദാസന്മാരാകാൻ ആർച്ച് ബിഷപ്പ്, നവ വൈദികരോട് ആവശ്യപ്പെട്ടു.
“ഈ നിമിഷം വൈദികരുടെ അഭാവം അനുഭവിക്കുന്ന അല്ലെങ്കിൽ മറ്റ് തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങളോടും സമൂഹങ്ങളോടും, എന്റെ അടുപ്പം പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജ്ഞാനത്തിന്റെ കൃപയ്ക്കും നമ്മുടെ വാക്കുകളും പ്രവൃത്തികളും, യോജിപ്പിന്റെയും സാഹോദര്യത്തിന്റെയും പാതകൾ കണ്ടെത്താനും യേശുവിന്റെ വെളിച്ചത്തിനായും നമുക്ക് നല്ല ദൈവത്തോട് അപേക്ഷിക്കാം''. കുരിശിന്റെ ചുവട്ടിൽ അമ്മയായ മറിയത്തോടൊപ്പം, കർത്താവ് നമ്മെ ആശ്വസിപ്പിക്കുകയും അവന്റെ കരുണ കാണിക്കുകയും ചെയ്യട്ടെയെന്നും ആർച്ച് ബിഷപ്പ് തിരുക്കര്‍മ്മ മദ്ധ്യേ പറഞ്ഞു.
സർക്കാരിൻറെ സ്വേച്ഛാധിപത്യപരവും നീതിരഹിതവുമായ ഭരണത്തിനെതിരെ സ്വരമുയർത്തിയതാണ് കത്തോലിക്ക സഭയ്ക്കെതിരെ ഭരണകൂടം തിരിയുവാന്‍ കാരണം. തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കുവാനുള്ള ശ്രമങ്ങളെ കത്തോലിക്ക സഭ പിന്തുണക്കുന്നു എന്നാരോപിച്ചുകൊണ്ട് സഭക്കെതിരെ പരസ്യമായി ശത്രുത്ര പ്രഖ്യാപിച്ചിരിക്കുന്ന ഒര്‍ട്ടേഗ വളരെ മോശം വിശേഷണങ്ങളാണ് മെത്രാന്മാര്‍ക്ക് നല്‍കുന്നത്. സന്യാസ സമൂഹങ്ങളെ രാജ്യത്തു നിന്നു പുറത്താക്കിയും കത്തോലിക്ക സഭയുടെ സ്ഥാപനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയും ഭരണകൂട വേട്ടയാടല്‍ തുടരുകയാണ്. ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ എപ്പിസ്കോപ്പല്‍ സമിതിയിലെ മെത്രാന്മാര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മെത്രാന്‍ സമിതികള്‍, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നിരവധി സംഘടനകള്‍ നിക്കരാഗ്വേ ഭരണകൂടത്തിന്റെ കിരാത നടപടികളെ ശക്തമായി അപലപിച്ചിരിന്നു. |