Content | അബൂജ: കഴിഞ്ഞ മാസം നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ട് വചന പ്രഘോഷകരുടെ മോചനത്തിന് 11 ദശലക്ഷം നൈറ (12,264 യുഎസ് ഡോളർ) നൽകിയിട്ടും അവർ ബന്ദികളായിത്തന്നെ തുടരുകയാണെന്ന് പ്രാദേശിക ക്രിസ്ത്യന്‍ നേതൃത്വം. ഡിസംബർ 19ന് തരാബ സംസ്ഥാനത്തെ യോറോ കൗണ്ടിയിലെ പുപ്പുലെ നഗരത്തിനിന്ന് തട്ടിക്കൊണ്ടുപോയ 20 പേരിൽ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിലെ (യുഎംസി) റവ. എൽക്കാന അയൂബയും റവ. സൈമൺ എസ്രയും ഉണ്ടായിരുന്നതായി സതേൺ കോൺഫറൻസ് പ്രസിഡന്റ്, റവ. മിക്കാ ഡോപ്പ പറഞ്ഞു. തീവ്രവാദികൾ തങ്ങളുടെ കസ്റ്റഡിയിലുള്ള മുസ്ലീം ഇരകളെ മാത്രം വിട്ടയയ്ക്കാനാണ് തീരുമാനിച്ചതെന്നും ഇത് പ്രദേശത്തെ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയാണെന്നത് വ്യക്തമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്ന ബന്ദികളുടെ മോചനത്തിന് വേണ്ടി ദശലക്ഷക്കണക്കിന് തുക ആവശ്യപ്പെടുന്ന തീവ്രവാദികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. തരാബ സംസ്ഥാന നേതാക്കൾ, പ്രത്യേകിച്ച് മുസ്ലീം കൗൺസിലിന്റെയും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെയും (സിഎഎൻ) കീഴിലുള്ള മുസ്ലീം, ക്രിസ്ത്യൻ നേതാക്കൾ തങ്ങളുടെ ദുരവസ്ഥ നൈജീരിയൻ സർക്കാരിനെ അറിയിച്ച്, പിടികൂടിയവരുമായി കൂടിക്കാഴ്ച നടത്തി ഈ ഭീഷണിക്കു ശാശ്വതമായ പരിഹാരം കാണുന്നതിനും സമാധാനം നിലനിർത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ, അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ, എല്ലാവരും കൊല്ലപ്പെടുമെന്ന് അറിയിക്കണമെന്നും പ്രാദേശിക ക്രിസ്തീയ നേതൃത്വം ആവശ്യപ്പെട്ടു.
തരാബയിലെ ക്രൈസ്തവർ, മുസ്ലീം ഫൂലാനി കൊള്ളക്കാരുടെയും തീവ്രവാദികളുടെയും നീചമായ പ്രവർത്തനങ്ങളാൽ നിരന്തരം കഷ്ടപ്പെടുകയാണെന്നും ഇതിനെതിരെ പോരാടാൻ നൈജീരിയ സർക്കാരിന്റെയും തരാബ സംസ്ഥാന സർക്കാരിന്റെയും ഭാഗത്തുനിന്ന് യോജിച്ച ശ്രമങ്ങൾ ആവശ്യമാണെന്നും 'ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ'യുടെ തരാബ സ്റ്റേറ്റ് ചാപ്റ്റർ ചെയർമാൻ ഏശയ്യാ മഗാജി ജിറാപ്യെ പറഞ്ഞു. 2023-ലെ വേൾഡ് വാച്ച് ലിസ്റ്റിൽ, ക്രിസ്ത്യാനിയായി ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് നൈജീരിയ. |