Content | റോം: ഇറ്റാലിയൻ സർക്കാരിന്റെ കീഴിലുള്ള നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എഐ) സമിതിയുടെ നേതൃത്വം ഇനി മുതൽ ഫ്രാൻസിസ്കൻ സന്യാസിക്ക്. 2023ന്റെ അവസാന പകുതിയിൽ സര്‍ക്കാര്‍ രൂപം കൊടുത്ത "കമ്മീഷൻ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ)" പ്രസിഡന്റായി ഫ്രാൻസിസ്‌കൻ സന്യാസി, പാവോളോ ബെനാൻറ്റിയെയാണ് ഇറ്റാലിയൻ സർക്കാർ നിയമിച്ചത്.
2023 ഒക്‌ടോബർ മുതൽ യുഎൻ ഉപദേശക സമിതിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയങ്ങളിൽ സേവനമനുഷ്ഠിച്ച അന്‍പതു വയസ്സുള്ള, പാവോളോ അൽഗോരിതം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിദഗ്ധനാണ്. യുഎൻ ആലോചനാസമിതിയുടെ എഐ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഏക ഇറ്റാലിയന്‍ സ്വദേശി കൂടിയാണ് അദ്ദേഹം.
എഐ സമിതി പ്രസിഡന്റ് എന്ന നിലയിൽ, ഫ്രിയർ പാവോളോയുടെ ആദ്യത്തെ ഉദ്യമങ്ങളിലൊന്ന് പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് സമർപ്പിക്കുന്നതിന് വേണ്ടി നിർമിതബുദ്ധിയുടെ ഇറ്റലിയിലെ സ്ഥിതിയെക്കുറിച്ച് വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് തയാറാക്കുകയെന്നതാണ്. 2023 മാർച്ചിൽ, സമൂഹത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസില്‍ സംയോജനവുമായി ബന്ധപ്പെട്ട് ധാർമ്മികത കൃത്യമായി മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാർപാപ്പയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരിന്നു.
|