Content | എഡിന്‍ബറോ: വ്യാജ ആരോപണമുന്നയിച്ച് അറസ്റ്റ് ചെയ്ത തെരുവ് സുവിശേഷകന് സ്കോട്ട്‌ലൻഡിലെ പോലീസ് വകുപ്പ് 5500 യൂറോ നഷ്ടപരിഹാരം നൽകി. കംനോക്ക് ബാപ്റ്റിസ്റ്റ് ചർച്ചിന്റെ പാസ്റ്റർ ആയ ആംഗസ് കാമറൂണിനാണ് നഷ്ട പരിഹാരം കൈമാറിയിരിക്കുന്നത്. നിയമ നടപടി നേരിടേണ്ടി വന്നതിനു 9400 യൂറോയും ലഭിക്കും. ദ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ആണ് കേസിൽ അദ്ദേഹത്തെ പ്രതിനിധീകരിച്ചത്. നേരത്തെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് പറഞ്ഞാണ് ഗ്ലാസ്ഗോ സിറ്റി സെൻറ്ററിൽ പ്രസംഗ മധ്യേ കാമറൂണിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൈവിലങ്ങ് അണിയിച്ചായിരിന്നു അറസ്റ്റ്. വൈകാതെ കാമറൂണിനെ മോചിപ്പിക്കുകയായിരുന്നു.
ഒരു വ്യക്തിയെയും ലക്ഷ്യംവച്ചോ മറ്റുള്ളവർക്ക് അരോചകമാകുന്ന വാക്കുകൾ ഉപയോഗിച്ചോ ദേഷ്യപ്പെട്ടോ, അല്ല അദ്ദേഹം പ്രസംഗിച്ചതെന്നും, ബൈബിൾ വചനം ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും, അതിൽ ക്രിമിനൽ തെറ്റ് ഒന്നുമില്ലെന്നും ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൊതു കാര്യങ്ങൾക്ക് വേണ്ടിയുള്ള ഡെപ്യൂട്ടി ഡയറക്ടർ സൈമൺ കാൽവേർട്ട് ചൂണ്ടിക്കാട്ടി. രണ്ടു ദിവസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ച് കാമറൂൺ വിചാരണ നേരിടേണ്ടി വരില്ലായെന്ന് അറിയിച്ചു.
എന്നാൽ കാമറൂണിന് എതിരെയുള്ള പരാതി ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ വരുന്നതല്ല എന്ന് പൂർണ്ണ ബോധ്യം ഉണ്ടായിട്ട് കൂടി പോലീസ് ഉദ്യോഗസ്ഥർ ആളുകൾ ബഹുമാനിക്കുന്ന നേതാവിനെ അറസ്റ്റ് ചെയ്തത് വീഴ്ചയാണെന്ന് സൈമൺ കാൽവേർട്ട് പറഞ്ഞു. അദ്ദേഹത്തിന് നിയമസഹായം നൽകാൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ച കാൽവേർട്ട്, കാമറൂണിന് ഉണ്ടായിരുന്ന നിയമത്തിന്റെ ശക്തമായ പിൻബലം ആണ് കോടതിക്ക് പുറത്തു തന്നെ വിഷയം ഒത്തുതീർപ്പാക്കി നഷ്ടപരിഹാരം നൽകാൻ പോലീസിന് പ്രേരണയായതെന്നും കൂട്ടിച്ചേർത്തു.
|