Content | ഇസ്താംബൂള്‍: തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ കത്തോലിക്കാ ദേവാലയത്തിൽ ഞായറാഴ്ച ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ ക്രൈസ്തവരുടെ അവസ്ഥ വിവരിക്കുന്ന റിപ്പോര്‍ട്ടുകളുമായി വിവിധ മാധ്യമങ്ങള്‍. തുർക്കിയിൽ 12,000-നും 16,000-നും ഇടയിൽ യഹൂദരും, രണ്ടു ലക്ഷത്തിന് താഴെ ക്രൈസ്തവ വിശ്വാസികളും ഉണ്ടെന്നാണ് കണക്ക്. ക്രൈസ്തവരിൽ 25,000 പേർ കത്തോലിക്കാ വിശ്വാസികളാണ്. മതസ്വാതന്ത്ര്യം കടലാസുകളിൽ ഉണ്ടെങ്കിലും സർക്കാർ തലത്തിലും, സാമൂഹിക തലത്തിലും വലിയ സമ്മർദ്ധങ്ങളാണ് രാജ്യത്തെ ക്രൈസ്തവർ അഭിമുഖീകരിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രൈസ്തവരുടെ വസ്തുവകകളെ ലക്ഷ്യംവെച്ചുള്ള അക്രമങ്ങളും, സാമൂഹിക അക്രമങ്ങളും അടുത്തകാലത്തായി വർദ്ധിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷനെ ഉദ്ധരിച്ചുള്ള വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ സർക്കാർ ഇടപെടുന്നതു വലിയ പ്രതിസന്ധിയാണ് സൃഷ്ട്ടിക്കുന്നത്. സർക്കാരിന്റെ നിലപാടുകൾ തങ്ങൾക്ക് സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് ന്യൂനപക്ഷ വിഭാഗങ്ങൾ വെളിപ്പെടുത്തിയതായി മതസ്വാതന്ത്ര്യ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. മതേതര രാജ്യമായാണ് തുർക്കി ഭരണഘടനയിൽ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും രാജ്യത്തു ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.
ഇസ്ലാമിനെതിരെയുള്ള മതനിന്ദ രാജ്യത്ത് ആറുമാസം മുതൽ ഒരു വർഷം വരെ തടവ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രാജ്യത്തെ സർക്കാർ ഇസ്ലാമിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും, മത ദേശീയവാദത്തിന് രാജ്യത്തുള്ള സാന്നിധ്യവും മറ്റുള്ള വിഭാഗങ്ങളുടെ മേൽ വലിയ സമ്മർദ്ധമാണ് ഉണ്ടാക്കുന്നതെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് പറയുന്നു. രാജ്യത്ത് സാന്നിധ്യമുള്ള അർമേനിയൻ അപ്പസ്തോലിക് ഓർത്തഡോക്സ് ക്രൈസ്തവർക്കും, ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവർക്കും, യഹൂദർക്കും സർക്കാർ ഇതുവരെ അംഗീകാരം പോലും നൽകിയിട്ടില്ല. ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവർ കുടുംബങ്ങളിൽ നിന്നും, സമൂഹത്തിൽ നിന്നും വിശ്വാസം ഉപേക്ഷിക്കാൻ സമ്മർദ്ധം നേരിടുന്നുണ്ടെന്നും ഓപ്പൺ ഡോർസ് ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവ സമൂഹത്തിന്റെ ആഗോള ദേവാലയം എന്ന് അറിയപ്പെടുന്ന തുര്‍ക്കിയുടെ പൈതൃകം കൂടിയായ ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം മുസ്ലീം മോസ്ക്കാക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാര്‍ നടപടി ആഗോളതലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമാവുകയും തുര്‍ക്കിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തിരുന്നു. 2020 ജൂലൈ 10നാണ് ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് ഹാഗിയ സോഫിയയെ നിയമവിരുദ്ധമായിട്ടാണ് മ്യൂസിയമാക്കി മാറ്റിയതെന്ന് ഇസ്ളാമിക നിലപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തുർക്കിയിലെ പരമോന്നത കോടതിയായ ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ ദേവാലയത്തെ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവില്‍ എർദോഗൻ ഒപ്പുവെച്ചത്. |