Content | വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തിലെ വിവിധ തിരുക്കര്‍മ്മങ്ങളുടെ സമയക്രമീകരണവും മറ്റ് വിവരങ്ങളും വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടു. മാർച്ച് 24 ഓശാന ഞായറാഴ്ചയിലെ ശുശ്രൂഷ, പെസഹാ വ്യാഴാഴ്ചയിലെ തൈല പരികർമ്മ ശുശ്രൂഷ, ദുഃഖവെള്ളിയാഴ്ചയിലെ കർത്താവിന്റെ പീഡാസഹന അനുസ്മരണം, കൊളോസിയത്തിലെ കുരിശിന്റെ വഴി എന്നിവയാണ് പാപ്പ നയിക്കുന്ന പ്രധാന വിശുദ്ധവാര തിരുകർമ്മങ്ങൾ. കൂടാതെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന ഈസ്റ്റർ ജാഗരണവും, ഉയിർപ്പു ഞായർ ദിവ്യബലിക്കും പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. മാർച്ച് 24 ഓശാന ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് വിശുദ്ധ വാരത്തിന് തുടക്കമാകുക.
റോമിലെ സമയം രാവിലെ പത്ത് മണിക്ക് ഓശാന ഞായറിലെ തിരുകർമ്മങ്ങൾ ആരംഭിക്കും. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നിന്ന് ബസിലിക്കയിലേക്ക് ഈശോയുടെ ജെറുസലേം പ്രവേശനത്തെ അനുസ്മരിച്ച് കൊണ്ടുള്ള പ്രദിക്ഷണം നടക്കും. ഇതേ തുടർന്ന് ദിവ്യബലി. മാർച്ച് 28 പെസഹ വ്യാഴാഴ്ച വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പ്രാദേശിക സമയം രാവിലെ 9.30ന് തൈല പരികർമ്മ ശുശ്രൂഷയ്ക്കു പാപ്പ നേതൃത്വം നല്‍കും. തുടര്‍ന്നു ദിവ്യബലി അര്‍പ്പണം നടക്കും. കാല്‍ കഴുകല്‍ ശുശ്രൂഷ സംബന്ധിച്ച വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല. മാർച്ച് 29 ദു:ഖവെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ച് മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്ക ദേവാലയത്തിൽ കർത്താവിന്റെ പീഡാസഹനത്തെ അനുസ്മരിച്ചുള്ള ശുശ്രൂഷകള്‍ നടക്കും. അന്ന് രാത്രി 9.15ന് കൊളോസിയത്തിൽ പാപ്പയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടക്കും.
മാർച്ച് 30 ഈസ്റ്റർ തലേന്ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വൈകുന്നേരം 7.30ന് ഈസ്റ്റർ ജാഗരണ ശുശ്രൂഷ ആരംഭിക്കും. മാർച്ച് 31, ഉയിർപ്പു ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഉയിർപ്പ് ഞായർ ദിവ്യബലിയും ഇതേ തുടർന്ന് പന്ത്രണ്ട് മണിക്ക് റോമ നഗരത്തിനും ലോകത്തിനും എന്നർത്ഥമുള്ള ഉര്‍ബി എത്ത് ഓർബി ആശിർവാദവും പാപ്പ നല്‍കും. തിരുസഭ നിഷ്കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ക്കു വിധേയമായി പാപ്പയുടെ ആശീര്‍വാദം നേരിട്ടോ ഓണ്‍ലൈന്‍ ആയോ സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുവാനുള്ള അവസരം കൂടിയാണിത്. |