Content | ലാഗോസ്: സൗജന്യ ബൈബിൾ വിതരണ യജ്ഞത്തിന്റെ ഭാഗമായി നൈജീരിയയിലെ ബൈബിൾ സൊസൈറ്റി കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത് 21.7 ദശലക്ഷം നൈജീരിയന്‍ നൈറയുടെ ബൈബിളുകള്‍. ജയിൽ തടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ബൈബിളുകള്‍ എത്തിച്ചതായി അധികൃതര്‍ പറയുന്നു. അന്ധരായവര്‍ക്ക് വേണ്ടി നൂറ്റിയന്‍പതോളം ബ്രെയിലി ബൈബിളുകളും ബൈബിൾ സൊസൈറ്റി വിതരണം ചെയ്തിരിന്നു. 2022-ൽ വിതരണം ചെയ്ത ബൈബിളുകളെക്കാള്‍ 30% വർദ്ധനവാണ് 2023-ല്‍ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍. സൗജന്യ ബൈബിൾ വിതരണത്തിലൂടെയും മറ്റ് പരിപാടികളിലൂടെയും, ദൈവവചനം അനേകര്‍ക്ക് ലഭ്യമാക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചു വരികയാണെന്നും നൈജീരിയയിലെ ബൈബിൾ സൊസൈറ്റി വ്യക്തമാക്കി.
പോർച്ചുഗലിൽ നിന്നുള്ള അഗസ്തീനിയൻ, കപ്പൂച്ചിൻ സന്യാസിമാർ വഴി പതിനഞ്ചാം നൂറ്റാണ്ടിലാണ് നൈജീരിയയിലേക്ക് ക്രിസ്തീയ വിശ്വാസമെത്തുന്നത്. രാജ്യത്തെ ക്രൈസ്തവരില്‍ മൂന്നിൽ രണ്ടും പ്രൊട്ടസ്റ്റന്‍റ് വിഭാഗമാണ്. 88.4 മില്യണ്‍ ക്രൈസ്തവരാണ് നൈജീരിയയില്‍ ജീവിക്കുന്നത്. അമേരിക്ക ആസ്ഥാനമായ ഗവേഷണ ഏജന്‍സിയായ പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ ഏറ്റവും അധികം ക്രൈസ്തവരുള്ളത് നൈജീരിയയിലാണ്. നൈജീരിയയിലെ തെക്കൻ, മധ്യ മേഖലകളിലെ ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്നത്. അതേസമയം ഇസ്ലാമിക തീവ്രവാദികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചതോടെ ക്രൈസ്തവര്‍ കനത്ത ഭീഷണിയാണ് നേരിടുന്നത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും പതിവ് സംഭവങ്ങളായി രാജ്യത്തു മാറിയിരിക്കുകയാണ്.
|