Content | വത്തിക്കാന്‍ സിറ്റി: നോമ്പ് കാലഘട്ടത്തിൽ ഒരു ദിവസം മുഴുവൻ കർത്താവിന്റെ കൂടെയായിരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം പ്രകാരം നടത്തുന്ന "കർത്താവിനായി 24 മണിക്കൂർ'’ പ്രാര്‍ത്ഥനാചരണം ഈ വർഷം മാർച്ച് 8, 9 തീയതികളിലായി നടക്കും. തപസ്സു കാലത്തിലെ നാലാമത്തെ ഞായറാഴ്ചയോട് അനുബന്ധിച്ചാണ് വിശേഷാല്‍ പ്രാര്‍ത്ഥനാമണിക്കൂറുകള്‍ ആചരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ പതിനൊന്നു വർഷമായി തുടർന്നു വരുന്ന തപസ്സു കാലത്തെ പ്രാർത്ഥനയുടെയും അനുരജ്ഞനത്തിന്റെയും 24 മണിക്കൂറില്‍ പങ്കെടുക്കുവാന്‍ വത്തിക്കാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ആഹ്വാനം നല്‍കി.
റോമാക്കാർക്കെഴുതിയ ലേഖനത്തിലെ ആറാം അധ്യായത്തിൽ നിന്നുള്ള “പുതുജീവിതത്തിലേക്കു നടക്കുക“ എന്ന വിഷയമാണ് ഈ വർഷത്തെ ആപ്തവാക്യമായി ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് തുടങ്ങി ശനിയാഴ്ച ദിവസം മുഴുവന്‍ സഭാസമൂഹങ്ങൾ പള്ളികൾ മുഴുവൻ തുറന്നിടാനും, വിശ്വാസികൾക്ക് ആരാധനയ്ക്കും കുമ്പസാരത്തിനുമുള്ള സൗകര്യമൊരുക്കാനും വത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വർഷത്തെ “കർത്താവിനായുള്ള 24 മണിക്കൂർ” ജൂബിലിക്ക് ഒരുക്കമായുള്ള പ്രാർത്ഥനാ വർഷത്തിൻ വരുന്നതിനാൽ പ്രാർത്ഥനയ്ക്കും അനുരഞ്ജനത്തിനുമുള്ള അവസരമായിരിക്കുമെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
പതിവുപോലെ ഇത്തവണയും റോമിലെ വിശുദ്ധ പിയൂസ് അഞ്ചാമന്റെ നാമത്തിലുള്ള ഇടവകയിലാണ് പാപ്പ വെള്ളിയാഴ്ച വൈകുന്നേരം തിരുക്കർമ്മങ്ങൾ നടത്തുക. അന്നേ ദിവസം ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ കുമ്പസാരിപ്പിക്കും. ദേവാലയങ്ങളുടെ തുറന്നിട്ട വാതിൽ ദൈവത്തിന്റെ കരുണാര്‍ദ്ര സ്നേഹത്തിന്റെ പ്രതീകമാണെന്ന് വത്തിക്കാന്‍ വിശേഷിപ്പിക്കുന്നു. “കർത്താവിനുള്ള 24 മണിക്കൂർ”നു വേണ്ടി സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി വ്യക്തിപരവും സാമൂഹികവുമായ പ്രാർത്ഥനാസഹായികൾ ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. |