Content | ഹവാന: ക്യൂബയിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് തുറന്നു പറച്ചിലുമായി ക്യൂബൻ കത്തോലിക്ക വൈദികന്‍. ഇഡബ്ല്യുടിഎന്‍ ന്യൂസിൻ്റെ സ്പാനിഷ് ഭാഷ വിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വൈദികനായ ഫാ. ആൽബെർട്ടോ റെയ്‌സ്, കാമാഗുയി പ്രവിശ്യയിലെ തൻ്റെ അപ്പസ്‌തോലിക ശുശ്രൂഷയെക്കുറിച്ചും രാജ്യത്തെ സാഹചര്യങ്ങളെ കുറിച്ചും തുറന്നു സംസാരിച്ചത്. "ഒരുകാലത്ത് തഴച്ചുവളരുന്ന" പട്ടണം എന്നു വിശേഷിപ്പിക്കപ്പെട്ടിരിന്ന എസ്മെറാൾഡയിലാണ് ഈ ക്യൂബൻ വൈദികന്‍ പ്രവർത്തിക്കുന്നത്. ഇന്ന്, പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം ക്യൂബയിലെ മറ്റ് പലരുടെയും ജീവിതത്തിന് സമാനമാണെന്നും ദുഃഖത്തിൻ്റെയും ഇല്ലായ്മയുടെയും നടുവിലാണെന്നും അദ്ദേഹം പറയുന്നു.
പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് പകരം, മുന്നോട്ട് ഓടാൻ പഠിക്കുകയായിരിന്നു. ഭയത്താൽ ബന്ദിയാക്കപ്പെടാതിരിക്കാൻ ഞാൻ പഠിച്ചു. ക്യൂബയിൽ നിലനിൽക്കുന്ന കടുത്ത ദാരിദ്ര്യം താൻ സ്വയം കണ്ടു. ഗ്വാണ്ടനാമോ പ്രവിശ്യയിലെ മൈസിയിൽ കാർഡ്ബോർഡ് പെട്ടികളിൽ കുട്ടികൾ ഉറങ്ങുന്നത് ഞാൻ കണ്ടു. ഇത് പട്ടിണി കിടക്കുന്ന ഒരു ക്യൂബയാണ്, അതൊരു യാഥാർത്ഥ്യമാണ്: ആളുകൾക്ക് വിശക്കുന്നു. ടെലിവിഷൻ്റെയും അന്താരാഷ്ട്ര പ്രചരണത്തിൻ്റെയും ഭാഗമായ 'ക്യൂബൻ പറുദീസ' ഇന്നു നിലവിലില്ല. ഈ ക്യൂബയിൽ എന്നെ ഏറ്റവും വേദനിപ്പിക്കുന്നത് നിരാശയാണ്. ആളുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തോന്നുന്നു; അവർ ഭയപ്പെടുന്നു.
ക്യൂബന്‍ ജനത കമ്മ്യൂണിസ്റ്റ് ഭരണകൂടത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴെല്ലാം "അടിയും ജയിലുമായി" നിശബ്ദരാക്കപ്പെടുന്നു. 2021 ജൂലൈ 11 ലെ സ്വതസിദ്ധമായ തെരുവ് പ്രതിഷേധങ്ങള്‍ ജനങ്ങൾക്ക് “ഈ സംവിധാനം വേണ്ട” എന്നതിൻ്റെ സൂചനയായായിരിന്നു. അന്ന് ആയിരക്കണക്കിന് ക്യൂബക്കാർ സ്വാതന്ത്ര്യത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും വേണ്ടി തെരുവിലിറങ്ങി. എന്നാല്‍ പ്രസിഡൻ്റ് മിഗ്വൽ ഡിയാസ്-കാനലിൻ്റെ ഭരണകൂടം ജനകീയ പ്രതിഷേധങ്ങൾ അക്രമാസക്തമായി അടിച്ചമർത്തുകയായിരിന്നു. ഇന്നും നൂറുകണക്കിന് പ്രതിഷേധക്കാർ ജയിലിലാണ്.
ക്യൂബയിലെ വിശ്വാസികൾ ഭരണകൂടത്തിൻ്റെ ദുരുപയോഗങ്ങളെ അപലപിക്കാൻ ധൈര്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയെ വ്യക്തിപരമായി കണ്ട ഭരണകൂടം ശത്രുക്കളായി അവരെ വേർതിരിച്ച് വിമർശിക്കുന്നവർക്കെതിരെ ആസൂത്രിത പീഡനങ്ങള്‍ നടത്തുന്നത് തുടരുകയാണ്. രാജ്യത്ത് യഥാർത്ഥ മാറ്റം കൈവരിക്കുന്നതിന്, ദൈവത്തെ അംഗീകരിക്കുകയും സമൃദ്ധിയുടെയും സമാധാനത്തിൻ്റെയും പാതയിൽ സഞ്ചരിക്കുകയും ചെയ്യുന്ന സമൂഹമാണ് ആവശ്യമായിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. തൻ്റെ തിരുപ്പട്ട സ്വീകരണം മുതൽ, ഫാ. റെയ്‌സ് സമൂഹത്തിൻ്റെ വളരെ ദാരിദ്ര്യം നിറഞ്ഞ പ്രാന്തപ്രദേശങ്ങളിൽ കര്‍മ്മനിരതനാണ്. കടുത്ത ദാരിദ്ര്യത്തിനും പോലീസ് ഭരണകൂടത്തിൻ്റെ അടിച്ചമർത്തൽ നടപടികൾക്കുമെതിരായ വിമർശന ശബ്ദം കൂടിയാണ് ഈ വൈദികൻ.
|