Content | "യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ . അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹന്നാന്‍ 19:26-27).
#{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിയാറാം ദിവസം }#
മരണസമയത്ത് ഈശോ കുരിശിൽ കിടന്നുകൊണ്ട് തന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തെ തന്റെ ശിഷ്യനായ യോഹന്നാന് ഭരമേല്പിച്ചുകൊണ്ട് പറഞ്ഞു: "ഇതാ നിന്റെ അമ്മ". അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു എന്ന് വിശുദ്ധ യോഹന്നാന്റെ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ യോഹന്നാൻ തന്നെക്കുറിച്ചുതന്നെയാണ് പറയുന്നത്. ഏതായിരുന്നു യോഹന്നാന്റെ സ്വന്തം ഭവനം?
ഇതേക്കുറിച്ച് വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു:
യോഹന്നാൻ, കർത്താവിൻ്റെ അമ്മയെ സ്വീകരിച്ചുകൊണ്ടു പോയപ്പോൾ അവനു സ്വന്തമായുള്ളത് എന്തായിരുന്നു? കാരണം “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു" എന്നു പറഞ്ഞവരുടെ കൂട്ടത്തിന് പുറത്തായിരുന്നില്ല യോഹന്നാൻ. ശ്ലീഹന്മാരുടെ നടപടിപ്പുസ്‌തകത്തിൽ പറയുന്നതുപോലെ ആരും ഒന്നും സ്വന്തമെന്നവകാശപ്പെടാതെ എല്ലാം പൊതുവായി കരുതിയിരുന്ന ആ സമൂഹത്തിലേക്കാണ് യോഹന്നാൻ മറിയത്തെ കൂട്ടിക്കൊണ്ടുപോയത്.
പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റുകിട്ടിയ തുക ശ്ലീഹന്മാരുടെ കാൽക്കൽ അർപ്പിച്ചു. അത് "ഓരോരുത്തർക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു" (നട. 4: 34-35) എന്നു നടപടിപ്പുസ്‌തകത്തിൽ നാം കാണുന്നു. അതിനാൽ അവൻ അവളെ സ്വീകരിച്ചത് സ്വന്തം പുരയിടത്തിലേയ്ക്കല്ല കാരണം സ്വന്തമായി അവനു പുരയിടം ഇല്ലായിരുന്നു. തൻ്റെ ഉത്തരവാദിത്വ പൂർണ്ണമായ സേവനത്തിലേയ്ക്കായിരുന്നു അവൻ മറിയത്തെ സ്വീകരിച്ചത്. (P1130).
അതായത് ആദിമ സഭാസമൂഹത്തിലേക്ക്, പരിശുദ്ധ കത്തോലിക്കാ സഭയിലേക്കാണ് ഈശോ തന്റെ മാതാവിനെ നൽകിയതും അപ്പസ്തോലന്മാരുടെ പ്രതിനിധിയായി യോഹന്നാൻ സ്വീകരിച്ചതും. ഇക്കാരണത്താൽ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം സഭയുടെ മാതാവാണ്, അവൾ വിശ്വാസികളായ നമ്മൾ ഓരോരുത്തരുടെയും അമ്മയാണ്. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ആദിമ ക്രൈസ്തവസമൂഹം മുതൽ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തെ സഭ പ്രത്യേകമാം വിധം വണങ്ങുകയും, വിശ്വാസികൾ അവരുടെ ആവശ്യങ്ങളിൽ മറിയത്തിന്റെ മാധ്യസ്ഥം തേടുകയും ചെയ്യുന്നത്.
ഈശോ ഭൂമിയിലേക്ക് പിറന്നുവീഴുന്നതിനു മുൻപുതന്നെ ഏലീശ്വാ ആത്മാവിനാൽ പ്രചോദിതയായി മറിയത്തെ "എന്റെ കർത്താവിന്റെ അമ്മ എന്ന് പ്രകീർത്തിക്കുന്നു. സത്യദൈവവും പരിശുദ്ധ ത്രീത്വത്തിലെ മൂന്നാമത്തെ വ്യക്തിയുമായ ഈശോമിശിഹാ തന്റെ കുരിശുമരണസമയത്ത് അവിടുത്തെ അമ്മയെ "ഇതാ നിന്റെ അമ്മ" എന്നു പറഞ്ഞുകൊണ്ട് നമ്മുടെ അമ്മയായി നമ്മുക്ക് നൽകിയിരിക്കുന്നു. യേശുവാണ് മറിയത്തിന്റെ ഏകപുത്രൻ; എങ്കിലും മറിയത്തിന്റെ ആധ്യാത്മിക മാതൃത്വം യേശു രക്ഷിക്കാൻ വന്ന സർവ്വ മനുഷ്യരെയും ആശ്ലേഷിക്കുന്നു (CCC 501). അതിനാൽ മരണം വരെ ഈശോയോട് ചേർന്നു നടക്കുന്നതിനും മരണശേഷം സ്വർഗ്ഗത്തിൽ ഈശോയോടൊപ്പം നിത്യസൗഭാഗ്യം അനുഭവിക്കുന്നതിനുമുള്ള കൃപക്കായി ഈ നോമ്പുകാലത്തു നമ്മുക്ക് മറിയത്തിന്റെ മാധ്യസ്ഥം തേടി പ്രത്യേകം പ്രാർത്ഥിക്കാം. |