Content | അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി (റോമ 5: 18).
#{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പതാം ദിവസം }#
ക്രിസ്‌തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മ പുതുക്കുന്ന നോമ്പുകാലം ക്രിസ്ത്യാനികളുടെ മതപരമായ ഒരു ആചാരമായി മാത്രം കരുതുന്ന നിരവധി മനുഷ്യർ നമ്മുക്കു ചുറ്റുമുണ്ട്. ക്രിസ്തു മരിച്ചത് ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമായിരുന്നില്ല. അവിടുത്തെ കുരിശിലെ ബലി സകല മനുഷ്യർക്കും വേണ്ടിയുള്ളതായിരുന്നു. ക്രിസ്‌തുവിനെ അറിയാത്തവർക്കും, ക്രിസ്‌തുവിനെ ദൈവമായി അംഗീകരിക്കാത്തവർക്കും, ദൈവത്തെ നിഷേധിക്കുന്നവർക്കും നിന്ദിക്കുന്നവർക്കും അങ്ങനെ എല്ലാവർക്കും വേണ്ടിയാണ് അവിടുന്ന് കുരിശിൽ മരിച്ചത്. എന്തെന്നാൽ എല്ലാ മനുഷ്യരും രക്ഷപ്രാപിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. അതിനാൽ തന്നെ അവിടുത്തേക്കു മാത്രമറിയാവുന്ന രീതിയിൽ അവിടുന്ന് എല്ലാ മനുഷ്യരെയും അവിടുത്തെ പെസഹാരഹസ്യത്തിൽ പങ്കാളികളാകുന്നു.
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു,
"ദൈവത്തിനും മനുഷ്യർക്കുമിടയിലെ ഏകമധ്യസ്‌ഥനായ" ക്രിസ്‌തുവിൻറ അതുല്യമായ ബലിയാണു കുരിശ്. എന്നാൽ, മനുഷ്യാവതാരം ചെയ്ത അവിടുത്തെ ദൈവികവ്യക്തിയിൽ ഓരോ മനുഷ്യനോടും അവിടുന്ന് ഒരുവിധത്തിൽ ഐക്യപ്പെട്ടിരിക്കുന്നതുകൊണ്ട് "പെസഹാരഹസ്യത്തിൽ പങ്കാളികളാക്കപ്പെടാനുള്ള സാധ്യത, ദൈവത്തിന് മാത്രം അറിയാവുന്ന രീതിയിൽ," എല്ലാ മനുഷ്യർക്കും നൽകപ്പെടുന്നു.
തങ്ങളുടെ "കുരിശ് എടുത്ത് അവിടുത്തെ അനുഗമിക്കാൻ അവിടുന്നു തന്റെ ശിഷ്യരെ ആഹ്വാനം ചെയ്യുന്നു". കാരണം, "ക്രിസ്‌തു നമുക്കുവേണ്ടി സഹിച്ചു. അവിടുത്തെ കാലടികളെ പിന്തുടരാൻ നമുക്കു ഒരു മാതൃക നൽകുകയും ചെയ്തു. യഥാർത്ഥത്തിൽ, താൻ രക്ഷാകര ബലിയോട് അതിന്റെ പ്രഥമ ഗുണഭോക്‌താക്കളെയും ബന്ധപ്പെടുത്താൻ യേശു അഭിലഷിക്കുന്നു. അവിടുത്തെ അമ്മയുടെ കാര്യത്തിൽ ഇതു പരമമായ തോതിൽ അന്വർഥമായി. അവിടുത്തെ രക്‌ഷാകരസഹനത്തിന്റെ രഹസ്യത്തിൽ അവൾ മററ് ആരെയുംകാൾ അടുത്തു ബന്‌ധപ്പെട്ടിരുന്നു.പറുദീസയിലേക്കുള്ള ഏകവും സത്യവുമായ ഗോവണി ഇതാണ്, സ്വർഗത്തിലേക്കു കയറാൻ കുരിശല്ലാതെ മറ്റൊരു മാർഗവുമില്ല (CCC 618).
ദൈവപുത്രനായ യേശു ക്രിസ്‌തു തങ്ങൾക്കുവേണ്ടി കൂടിയാണ് മരിച്ചത് എന്ന സത്യം തിരിച്ചറിയാതെ അനേകർ ഈ ഭൂമിയിലൂടെ കടന്നുപോയി, ഇന്നും ഈ സത്യം തിരിച്ചറിയാതെ അനേകർ ജീവിക്കുന്നു. അതിനാൽ ഈ നോമ്പുകാലത്ത് ക്രിസ്‌തുവിനെ ഇനിയും അറിഞ്ഞിട്ടില്ലാത്ത എല്ലാവരോടും നമ്മുക്ക് പറയാം ക്രിസ്‌തുവിന്റെ കുരിശിലെ ബലി അവർക്കുവേണ്ടി കൂടിയുള്ളതാണ് എന്ന്. അവർ മനസ്സിലാക്കിയാലും ഇല്ലങ്കിലും, അവർ അംഗീകരിച്ചാലും ഇല്ലങ്കിലും ഇതാണ് സത്യം. ഈ സത്യം തിരിച്ചറിഞ്ഞ് ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. |