Content | "കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിനെ സംസ്‌കരിക്കാൻ അനുവദിച്ചാലും. (അപ്പോൾ യേശു) അവൻ പറഞ്ഞു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക." (ലൂക്കാ 9:59-60)
#{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിയൊന്നാം ദിവസം }#
ഈ ലോകത്തിൽ രണ്ടുതരം മനുഷ്യരുണ്ട്. ഒന്ന് ഈ ഭൂമിയിൽ ജീവിച്ചിരിക്കെ തന്നെ മരിച്ച അവസ്ഥയിലുള്ളവർ. രണ്ട് ഒരിക്കലും മരണമില്ലാത്തവർ. നാം ഇതിൽ ഏതു കൂട്ടത്തിലാണ് ഉൾപ്പെടുക?
യേശുവിന്റെ പരസ്യജീവിത കാലത്ത് അവിടുന്ന് ഒരു മനുഷ്യനോട് തന്നെ അനുഗമിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ പറഞ്ഞു: "കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിനെ സംസ്‌കരിക്കാൻ അനുവദിച്ചാലും. (അപ്പോൾ യേശു) അവൻ പറഞ്ഞു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക." (ലൂക്കാ 9:59-60). എന്തുകൊണ്ടായിരിക്കും യേശു മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ എന്ന് പറഞ്ഞത്? വിശുദ്ധ അഗസ്തീനോസ് ഇതേക്കുറിച്ച് ഇപ്രകാരം പറയുന്നു.
മരിച്ചിട്ട് സംസ്കാരമാവശ്യമുള്ള ഒരുവൻ അവിടുണ്ടായിരുന്നു. മരിച്ചവനെ സംസ്കരിക്കാനുള്ള മരിച്ചവനും ഉണ്ടായിരുന്നു: ഒരുവൻ ശാരീരികമായി മരിച്ചവനും അപരൻ ആത്മാവിൽ മരിച്ചവനും. വിശ്വാസം ഇല്ലാതാകുമ്പോഴാണ് ആത്മാവിലുള്ള മരണം സംഭവിക്കുന്നത്. വിശ്വാസം എന്നു പറയുന്നത് നിൻ്റെ ആത്മാവിന്റെ ആത്മാവാണ്. അതിനാൽ കർത്താവ് പറയുന്നു, "എന്നിൽ വിശ്വസിക്കുന്നവൻ ശരീരത്തിൽ മൃതനെങ്കിലും അരൂപിയിൽ ജീവിക്കുന്നു". ശരീരം ഉയിർപ്പിക്കപ്പെടും എന്നതിനാൽ ഇനി മരണമില്ല. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും എന്നു പറയുന്നതിൻ്റെ അർത്ഥം ഇതാണ്. ശരീരത്തിൽ ജീവിക്കുകയും യേശുവിൽ വിശ്വസിക്കുകയും ചെയ്യുന്ന ഒരുവൻ ശാരീരികമരണം വന്നാൽ തന്നെ ഒരിക്കലും മരിക്കുന്നില്ല. കാരണം അരൂപിയുടെ ജീവൻ അവനിലുണ്ട്. ഉയിർപ്പിന്റെ അമർത്യതയും അവനിലുണ്ട്.
ക്രിസ്തുവിനെക്കുറിച്ച് അറിയുവാനും അങ്ങനെ ക്രിസ്തുവിൽ വിശ്വസിക്കുവാനും ഇന്ന് ധാരാളം മാർഗ്ഗങ്ങളുണ്ട്. അവ പ്രയോജനപ്പെടുത്തി നാം ക്രിസ്തുവിൽ വിശ്വസിക്കുന്നില്ലങ്കിൽ നാം മരിച്ച അവസ്ഥയിലാണ്. ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെടുകയും എന്നാൽ ക്രിസ്തുവിന്റെ പാത പിന്തുടരുവാൻ നാം തയ്യാറാകുകയും ചെയ്യുന്നില്ലെങ്കിൽ നാം മരിച്ച അവസ്ഥയിലാണ്. ഈ നോമ്പുകാലത്ത് നമ്മുക്ക് വിചിന്തനം ചെയ്യാം നാം ഈ ഭൂമിയിൽ ജീവിക്കുമ്പോഴും നാം മരിച്ച അവസ്ഥയിലാണോ? മരണം എന്ന യാഥാർഥ്യം ഈ ഭൂമിയിൽ നിലനിൽക്കുമ്പോഴും നാം മരിച്ചാലും ജീവിക്കുന്ന അവസ്ഥയിലാണോ? യേശു പറഞ്ഞു: "... എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല" (യോഹ 11: 25-26) |