Content | പാലാ: ഓശാനത്തിരുനാളും വലിയ ആഴ്‌ചയിലെ തിരുക്കർമങ്ങളും നമ്മുടെ ജീവിതത്തെ പുനഃപരിശോധിക്കാനുള്ള അവസരമാണെന്ന് പാലാ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ കത്തീഡ്രലിൽ ഓശാനത്തിരുനാളിന് മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. ദൈവത്തെ ഗൗരവകരമായി നമ്മുടെ ഉള്ളിലേക്കും ജീവിതത്തിലേക്കും കൊണ്ടുവരണം. വിമർശനും കുറ്റപ്പെടുത്തലുകളും കൂടിവരുന്ന കാലഘട്ടമാണിതെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.
ശാന്തമായിട്ടിരിക്കാൻ പറ്റാത്ത ജനമായി നാം മാറിവരുന്നു. വലിയ ആഴ്‌ചയിൽ നാം ദൈവവചനം കൂടുതൽ വായിക്കണം. ദേവാലയത്തോടും പരിശുദ്ധ തിരുക്കർമങ്ങളോടും ചേർന്നുനിൽക്കണം. ദുഃഖങ്ങളിലും പ്രതിസന്ധികളിലും കർത്താവ് നമ്മെ തോളിലേറ്റി നടത്തുന്നുണ്ടെന്ന വിശ്വാസം മുറുകെപ്പിടിക്കണം. വിനയഭാവം നാം കൈവിടരുതെന്നും ദൈവത്തിന്റെ പക്കൽ ഏവർക്കും സ്ഥാനമുണ്ടെന്ന് ഓർക്കണമെന്നും ബിഷപ്പ് കല്ലറങ്ങാട്ട് പറഞ്ഞു. |