Content | കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാനയുടെയും പൗരോഹിത്യത്തിന്‍റെയും സ്ഥാപനത്തിന്റെയും ഓര്‍മ്മയില്‍ ദേവാലയങ്ങളില്‍ ഇന്ന്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടക്കും. കേരളത്തിലെ മിക്ക ദേവാലയങ്ങളിലും രാവിലെ തന്നെ ശുശ്രൂഷ നടന്നു. ചിലയിടങ്ങളിൽ വൈകീട്ടാണ് ശുശ്രൂഷ നടക്കുന്നത്. രാവിലെ 6.30ന് ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍ നടന്ന പെസഹാവ്യാഴാഴ്ചയിലെ ശുശ്രൂഷകള്‍ക്കു മേജർ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത നമസ്ക്‌കാരം. എട്ടിന് വിശുദ്ധ കുർബാന എന്നിവ നടന്നു. ഉച്ചകഴിഞ്ഞ് രണ്ടിനു പൊതു ആരാധനയും വിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടാകും. മൂന്നിന് ആരംഭിക്കുന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനാകും. തുടർന്ന് പെസഹാ കുർബാന എന്നിവ നടക്കും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ വൈകുന്നേരം 5.30ന് തിരുവത്താഴ ദിവ്യബലി, കാൽകഴുകൾ ശുശ്രൂഷ എന്നിവ നടക്കും. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായി. രാത്രി എട്ടു മുതൽ 12 വരെ ദിവ്യകാരുണ്യ ആരാധന.
വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി ദേവാലയങ്ങളില്‍ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധന ഇന്നു നടത്തുന്നുണ്ട്. കുരിശുമരണത്തിന് ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. സന്ധ്യക്ക് ക്രൈസ്‌തവ ഭവനങ്ങളില്‍ ഒത്തുകൂടി അപ്പം മുറിച്ച് ഭക്ഷിക്കും. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമാകും. നാളെ ദുഃഖവെള്ളി. |