category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദുഃഖവെള്ളി ഒന്നിന്റെയും അവസാനമല്ല: മാർ റാഫേൽ തട്ടിൽ
Contentകുടമാളൂർ: ദുഃഖവെള്ളി ഒന്നിൻ്റെയും അവസാനമല്ല ആരംഭം മാത്രമാണെന്ന് സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. കുടമാളൂർ സെൻ്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ നടന്ന ദു:ഖവെള്ളി തിരുക്കർമ്മങ്ങളിൽ മുഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വിശ്വാസജീവിതത്തിലെ ഏറ്റവും വികാരസാന്ദ്രമായ ദിനമാണ് ദുഃഖവെള്ളി. കർത്താവിന്റെ മഹത്വപൂർണ്ണമായ മരണത്തിൻ്റെ ഓർമ്മ സാഘോഷം കൊണ്ടാടുന്നദിവസം. കർത്താവിന്റെ പീഡാസഹനവും ഉത്ഥാനവും ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ മുമ്പിൽ ഒരു ചക്രവാളമുണ്ട്. പുതിയൊരു ഉദയനക്ഷത്രമുണ്ട്. നമ്മുടെ സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും ഒരു മറുപടിയുണ്ട്. അത് കർത്താവിൻ്റെ ഉത്ഥാനമാണ്. പീഡാനുഭവ ചരിത്രത്തിലേക്ക് കർത്താവിനെ എത്തിച്ചതിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച കഥാപാത്രമാണ് യൂദാസ്, കർത്താവിനോടു കൂടെ കൂട്ടുചേരാൻ യൂദാസിനെ പ്രേരിപ്പിച്ചത് രണ്ടു കാര്യങ്ങളാണ്. യേശു പ്രവർത്തിച്ച അത്ഭുതങ്ങളും അതുവഴിയുള്ള സാമ്പത്തിക സാധ്യതയും. യൂദാസിനെ കുറ്റക്കാരനായി നാം എണ്ണുന്നുണ്ടെങ്കിലും യൂദാസിനെ കുറ്റക്കാരനാക്കിയ കാരണങ്ങൾ എൻ്റെ ജീവിതത്തിലുണ്ടോയെന്ന് നാം ഓരോരുത്തരും ആത്മശോധന നടത്തണം. വിജയിച്ചാൽ മതി സാക്ഷ്യം വേണ്ട എന്ന കാഴ്‌ചപ്പാടാണ് നമുക്ക് പൊതുവേയുള്ളത്. യൂദാസും അങ്ങനെ ചിന്തിച്ച ഒരാളാണ്. വഴിവിട്ട രീതിയിൽ പണം സമ്പാദിക്കുമ്പോൾ നമ്മുടെ വീടുകൾ അക്കൽദാമകളുടെ തുടർച്ചയാവുകയാണ് ചെയ്യുന്നത്. പല കുടുംബങ്ങളിലും സമാധാനമില്ല സന്തോഷമില്ല, സ്വസ്ഥതയില്ല. നമ്മുടെ പൂർവ്വികർ അനുഭവിച്ച സമാധാനവും സന്തോഷവും തറവാടിത്തവും ഇന്ന് നമുക്ക് അനുഭവിക്കാൻ കഴിയാതെ പോകുന്നതിന് കാരണവും ഇതുതന്നെയാണ്. ദുഃഖ വെള്ളിയാഴ്‌ച നമുക്ക് നല്‌കുന്ന ദു:ഖം പണത്തിൻ്റെ ആധിപത്യം നേടിയ വലിയൊരു വിജയത്തിന്റെ ദുഃഖമാണ്. തടിതപ്പാനും താൽക്കാലിക നേട്ടങ്ങൾക്കും രക്ഷപ്പെടാനും വേണ്ടി പിലാത്തോസിനെപോലെ വിധി പ്രസ്താവിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. പ്രീതിപിടിച്ചുപറ്റാനായി വഴിവിട്ട് എല്ലാം ചെയ്തുകൊടുത്തിരുന്ന ആളായിരുന്നു പീലാത്തോസ്. പീലാത്തോസിന് ഒരിക്കലും സമാധാനമുണ്ടായിരുന്നില്ല. കർത്താവ് മരിച്ചുവെന്ന് കേട്ടപ്പോൾ ഏറ്റവും അധികം മനസ്സമാധാനം നഷ്ട‌പ്പെട്ടതും കർത്താവ് മൂന്നാം ദിവസം ഉയിർത്തെണീറ്റു എന്ന കേട്ടപ്പോൾ ഏറ്റവും അധികമായി അസ്വസ്ഥത അനുഭവിച്ചതും പിലാത്തോസായിരുന്നു. പിലാത്തോസിനെപ്പോലെയുള്ളവർ നമുക്ക് ചുറ്റിനുമുണ്ട്. ക്രൈസ്‌തവജീവിതത്തിലും അത്തരക്കാരുണ്ട്. പണം വാങ്ങിക്കാതെ കർത്താവിനെ ഉപേക്ഷിച്ചുകളഞ്ഞ പത്രോസിനെക്കുറിച്ചും പരാമർശിക്കേണ്ടതുണ്ട്. സ്വയം പിടിച്ചുനില്ക്കാനായി കർത്താവിനെ ഉപേക്ഷിക്കുന്ന പത്രോസിന്റെ സ്വാധീനവും നമ്മുടെ ജീവിതത്തിലുണ്ട്. നേതൃത്വശുശ്രൂഷയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരെല്ലാം അറിയേണ്ട ഒരു കാര്യമുണ്ട് നിന്റെ കഴിവുകൊണ്ടല്ല കഴിവുകേടുകൊണ്ടാണ് ദൈവം നിന്നെ ആ പദവിയിലേക്ക് വിളിച്ചിരിക്കുന്നത്. ഇങ്ങനെയൊരു തിരിച്ചറിവുണ്ടാകുമ്പോഴേ മറ്റുള്ളവരെ സഹായിക്കാൻ നമുക്ക് കഴിയുകയുള്ളൂ. ശിമയോനും വെറോനിക്കയും കടന്നുപോയ കഥാപാത്രങ്ങളല്ല ഇന്നും തുടരുന്ന കഥാപാത്രങ്ങളാണ്. ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ കുരിശുകൾ ചുമക്കാനുള്ള അവസരമാണ് ഓരോ ദുഃഖവെള്ളിയാഴ്‌ചകളും. ശിമയോൻ്റെയും വേറോനിക്കയുടെയും സ്ഥാനത്ത് നില്ക്കാനുള്ള അവസരമാണ്. കുടുംബങ്ങളുടെ പ്രാരബ്‌ധങ്ങളുടെ നടുവിൽ കർത്താവിന്റെ മുഖം തുടയ്ക്കുന്ന വെളുത്ത ശീലകളാകുക. ചിലപ്പോൾ ഭർത്താവാം, ഭാര്യയാകാം.. ചിലപ്പോൾ മക്കളാകാം. എല്ലാം നമുക്ക് പ്രതികൂലമാകുമ്പോൾ രക്തംവാർന്നൊഴുകുന്ന മുഖം തുടയ്ക്കുന്ന വെള്ളശീലകളാകാൻ കഴിയണം. നിങ്ങളുടെ മുഖത്തെല്ലാം കർത്താവിൻ്റെ ഛായയുണ്ട്. കാരണം ജീവിതത്തിലെ സങ്കടങ്ങളുടെ നിമിഷങ്ങളിൽ നിങ്ങൾ കർത്താവിനെ ഓർമ്മിച്ചവരാണ്, കർത്താവിൻ്റെ മുഖഛായയോടുകൂടി ജീവിക്കാനുള്ള കൃപയ്ക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-03-30 06:06:00
Keywordsതട്ടി
Created Date2024-03-30 06:07:20