Content | വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇസ്രായേൽ പൗരന്മാരുടെ ബന്ധുക്കളുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ ഏപ്രിൽ എട്ടാം തീയതിയാണ് വത്തിക്കാനിൽ പാപ്പ ഇവരെ സ്വീകരിച്ചു കൂടിക്കാഴ്ച്ച നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബർ ഏഴിനാണ് ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് ശേഷം ഇരുനൂറിലധികം പേരെ തട്ടിക്കൊണ്ടുപോയത്. ഇസ്രായേൽ പൗരന്മാരുടെ ബന്ധുക്കളുമായുള്ള പാപ്പയുടെ കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നു. ബന്ധുക്കൾ ഫ്രാൻസിസ് പാപ്പയോട് തങ്ങളുടെ ആശങ്കകൾ പങ്കുവച്ചു.
അന്നു ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ ഏകദേശം ആയിരത്തിയൊരുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും, ഇരുന്നൂറ്റിനാല്‍പ്പതിലധികം ആളുകളെ ബന്ദികളാക്കുകയും ചെയ്തിരിന്നു. ഇവരിൽ നിരവധി സ്ത്രീകളും, കുട്ടികളും, പ്രായമായവരും ഉൾപ്പെട്ടിരിന്നു. ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ ബന്ധുക്കൾ തങ്ങളുടെ ബന്ദികളാക്കപ്പെട്ട പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ കൈകളില്‍ വഹിച്ചിരിന്നുവെന്നത് ശ്രദ്ധേയമായി. തങ്ങളുടെ ദുഃഖവും ആശങ്കയും ഇവര്‍ പങ്കുവെച്ചു.
ബന്ധുക്കളുടെ കൂട്ടത്തിൽ, നാലു വയസും, ഒൻപതു മാസവും മാത്രമുള്ള കുട്ടികളോടൊപ്പം തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് എന്ന യുവതിയുടെ ബന്ധുവും ഉൾപ്പെട്ടിരിന്നു. എട്ടു പേരായിരുന്നു ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്. മുൻപും ഫ്രാൻസിസ് പാപ്പ ഇസ്രായേൽ, പലസ്തീൻ ബന്ദികളുടെ കുടുംബക്കാരുമായി കൂടിക്കാഴ്ച്ചകൾ നടത്തിയിട്ടുണ്ടെന്നതു ശ്രദ്ധേയമാണ്.
ബന്ദികളുടെ മോചനം, വെടിനിർത്തൽ, സംഘർഷപരിഹാരത്തിന് അടിയന്തിരവും ആവശ്യമായതുമായ വ്യവസ്ഥകൾ തുടങ്ങിയവയ്‌ക്കായി നിരവധി തവണ ഫ്രാൻസിസ് പാപ്പ പരസ്യമായി അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇറ്റലിയിലെ വിവിധ മത, രാഷ്ട്രീയ, സാമുദായിക നേതാക്കന്മാരുമായും ഹമാസ് തടവിലുള്ള ഇസ്രയേലി സ്വദേശികളുടെ ബന്ധുക്കള്‍ കൂടിക്കാഴ്ച്ച നടത്തും. |