Content | ഡങ്കൽഡ്: സ്കോട്ട്‌ലൻഡിലെ ഡങ്കൽഡ് രൂപതയുടെ അധ്യക്ഷനായി മാര്‍പാപ്പ നിയമിച്ച നിയുക്ത ബിഷപ്പ് സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് വിടവാങ്ങി. ഏപ്രിൽ 27ന് പുതിയ ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെടാനിരിക്കെയാണ് ഫാ. ഡോ. മാർട്ടിൻ ചെമ്പേഴ്സ് എന്ന നിയുക്ത മെത്രാന്റെ ആകസ്മിക വേര്‍പാട്. 59 വയസ്സായിരിന്നു. തങ്ങളുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മാർട്ടിൻ ചേമ്പേഴ്‌സ് ഇന്നലെ രാത്രി വിടവാങ്ങിയത് വളരെ ഖേദത്തോടും സങ്കടത്തോടും കൂടിയാണ് അറിയിക്കുന്നതെന്ന് രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ഫാ. കെവിൻ ഗോൾഡൻ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
1964 ജൂൺ 8-ന് ജനിച്ച ചേമ്പേഴ്‌സ് 1989 ഓഗസ്റ്റ് 25-ന് ഗാലോവേ രൂപതയില്‍ വൈദികനായി. കഴിഞ്ഞ ഫെബ്രുവരി 2-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ഡങ്കൽഡിലെ ബിഷപ്പായി നിയമിക്കുകയായിരിന്നു. ഡങ്കൽഡിലെ ബിഷപ്പ് എന്ന നിലയിൽ ഞാൻ ഈ പുതിയ ദൗത്യം ഏറ്റെടുക്കുമ്പോൾ, യേശുവിൻ്റെ കാൽക്കൽ ഒരു ശിഷ്യനായി എന്നെ മുന്നോട്ട് വിളിക്കുന്ന അവൻ്റെ ശബ്ദം കേട്ട് പ്രാർത്ഥനയിലായിരിക്കാൻ ആഗ്രഹിക്കുകയാണെന്ന് പുതിയ നിയമനത്തിന് പിന്നാലെ ചേംബർസ് പറഞ്ഞിരിന്നു.
ഇന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സെൻ്റ് ആൻഡ്രൂസ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ നിയുക്ത ബിഷപ്പിന് വേണ്ടി പ്രാർത്ഥനയിൽ പങ്കുചേരാൻ രൂപതാ അഡ്മിനിസ്ട്രേറ്റർ വിശ്വാസികളെ ക്ഷണിച്ചിട്ടുണ്ട്. നിയുക്ത മെത്രാന്റെ ആകസ്മിക മരണത്തിൽ അയൽ രൂപതകളും അനുശോചനം അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ആഴ്ച മരിയന്‍ പ്രത്യക്ഷീകരണം നടന്ന ലൂര്‍ദ് സന്ദര്‍ശിച്ച് അദ്ദേഹം പ്രാര്‍ത്ഥിച്ചിരിന്നുവെന്നത് ശ്രദ്ധേയമാണ്. |