Content | വത്തിക്കാന്‍ സിറ്റി: സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ മറക്കരുതെന്ന് ഫ്രാൻസിസ് പാപ്പ. കത്തോലിക്ക സംഘടനയായ അസിയോണ കത്തോലിക്ക പ്രതിനിധികള്‍ക്ക് ഇന്നലെ ഏപ്രിൽ 25 വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. സഹനങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുന്ന മനുഷ്യരെ, കരുണയുടെയും സഹാനുഭൂതിയുടെയും കരങ്ങളോടെ ആലിംഗനം ചെയ്യാനായാൽ, മറ്റുള്ളവരുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യമായി മാറാൻ സാധിക്കുമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. അതുവഴി സമൂഹത്തിലും സംസ്കാരത്തിലും രാഷ്ട്രീയത്തിലും സാമ്പത്തികരംഗത്തും സുവിശേഷമനുസരിച്ചുള്ള മാറ്റത്തിന്റെ വ്യക്തമായ അടയാളങ്ങൾ നൽകാൻ സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.
നമ്മെ ആലിംഗനം ചെയ്യുന്നത് കരുണാമയനായ ദൈവമാണ്. പിതാവായ ദൈവത്തിന്റെ ആലിംഗനമാണ് ക്രിസ്തുവിലും ക്ഷമയുടെയും സൗഖ്യത്തിന്റേതും, വിമോചിനത്തിന്റേതും, സേവനത്തിന്റേതുമായ അവന്റെ പ്രവൃത്തികളിലും നമുക്ക് കാണാനാകുന്നത്. വിശുദ്ധ കുർബാനയിലും കുരിശിലുമാണ് ഇത് അതിന്റെ പരമോന്നതിയിലെത്തുന്നത്. ദൈവത്താൽ ആലിംഗനം ചെയ്യപെടാനായി നമ്മെത്തന്നെ ശിശുക്കളെപ്പോലെ വിട്ടുകൊടുക്കാമെന്ന് പാപ്പ ആഹ്വാനം ചെയ്‌തു.
ജനനം മുതൽ മരണം വരെ, സ്വീകാര്യതയുടെ അടയാളമായ തുറന്ന കരങ്ങളാണ് നാം കാണുന്നത്. നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ ആശ്ലേഷത്താൽ നാം സംരക്ഷിക്കപ്പെടുന്നവരാണ്. ലോകത്ത് സ്വീകാര്യതയുടെ അടയാളമായ ആശ്ലേഷം പലപ്പോഴും ഇല്ലാതാകുന്നു. ചിലയിടങ്ങളിൽ അവ സ്വീകാര്യമല്ലാതായിത്തീരുന്നു. ചുരുട്ടിയ മുഷ്ടിയായി മാറുന്നത് അപകടകാരണമെന്ന് ഓർമ്മിപ്പിച്ചു. ഉണ്ടാകാതിരുന്ന ആശ്ലേഷങ്ങളോ, മുൻവിധികളാൽ നിരസിക്കപ്പെട്ട ആശ്ലേഷങ്ങളോ പല യുദ്ധങ്ങളുടെ പോലും കാരണമായിട്ടുണ്ടെന്നും പാപ്പ പറഞ്ഞു.
|